ന്യൂഡൽഹി: ബ്രാൻഡ് ഫിനാൻസിന്റെ ഈവർഷത്തെ ഏറ്റവും മികച്ച ഗ്ലോബൽ സി.ഇ.ഒമാരുടെ പട്ടികയിൽ രണ്ടാംസ്ഥാനം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തെ ഏറ്റവും മികച്ച വനിതാ സി.ഇ.ഒ ഇന്ത്യൻ വംശജയും പ്രമുഖ ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ഷനെലിന്റെ ഗ്ലോബൽ സി.ഇ.ഒയുമായ ലീന നായരാണ്.
എൻവിഡിയ കോർപ്പറേഷൻ സി.ഇ.ഒ ജെൻസെൻ ഹ്വാങ് ആണ് ലോകത്തെ ഏറ്റവും മികച്ച സി.ഇ.ഒ. സ്വന്തം ബ്രാൻഡിനെ മികച്ചനിലയിലേക്ക് ഉയർത്തിയ പ്രവർത്തനങ്ങളും വ്യക്തിപരമായ ഉന്നതിയും വിലയിരുത്തിയാണ് 'ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡെക്സ്-2023" ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കിയത്.
ഇന്ത്യൻ വംശജരായ മികച്ച സി.ഇ.ഒമാരുടെ പട്ടികയിൽ മൈക്രോസോഫ്റ്റിന്റെ സത്യ നദേല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ തുടങ്ങിയവരെ പിന്തള്ളിയാണ് മുകേഷിന്റെ നേട്ടം. നദേല മൂന്നാമതും പിച്ചൈ അഞ്ചാമതുമാണ്. അഡോബീയുടെ ശന്തനു നാരായണാണ് നാലാമത്. മഹാരാഷ്ട്രയിലെ കോലാപൂരിൽ ജനിച്ച ലീന നായരുടെ ഭർതൃവീട് പാലക്കാട് ആലത്തൂരാണ്. യൂണിലിവറിന്റെ ചീഫ് എച്ച്.ആർ ഓഫീസറായിരിക്കേയാണ് ഷനെലിന്റെ ആദ്യ വനിതാ സി.ഇ.ഒയെന്ന പദവിയിലേക്ക് ലീനയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |