കൊച്ചി: ഇന്ത്യയുടെ വിദേശ നാണയശേഖരം തുടർച്ചയായ നാലാം ആഴ്ചയിലും നേട്ടം കുറിച്ചു. ഡിസംബർ 9ന് സമാപിച്ച ആഴ്ചയിൽ ശേഖരം 290 കോടി ഡോളർ ഉയർന്ന് 56,407 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഡിസംബർ രണ്ടിന് അവസാനിച്ച ആഴ്ചയിൽ 1,102 കോടി ഡോളറിന്റെ വർദ്ധനയുണ്ടായിരുന്നു.
വിദേശ കറൻസി ആസ്തി (എഫ്.സി.എ) 310 കോടി ഡോളർ ഉയർന്ന് 50,013 കോടി ഡോളറായി. അതേസമയം, കരുതൽ സ്വർണശേഖരം 29.6 കോടി ഡോളർ കുറഞ്ഞ് 4,073 കോടി ഡോളറിലെത്തി. ഡിസംബർ രണ്ടിന് അവസാനിച്ച വാരത്തിൽ സ്വർണശേഖരം 108.6 കോടി ഡോളർ ഉയർന്നിരുന്നു.
കഴിഞ്ഞവർഷം സെപ്തംബറിൽ വിദേശ നാണയശേഖരം 64,245 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയിരുന്നു. തുടർന്ന്, രൂപ തളർന്നുതുടങ്ങിയതോടെ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റൊഴിയാൻ റിസർവ് ബാങ്ക് നിർബന്ധിതരായി. ഇതുമൂലം കഴിഞ്ഞ ഒക്ടോബറിൽ ശേഖരം 52,400 കോടി ഡോളറിലേക്ക് താഴ്ന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |