ഉത്തര കന്നഡയിലെ കൊടുങ്കാട്ടിൽ ഉരുൾപ്പൊട്ടലിനെ തുടർന്ന് പൊലീസ് നടത്തിയ പട്രോളിംഗിനിടെ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. കാട്ടിനുള്ളിൽ ഗുഹയ്ക്കുള്ളിൽ രണ്ട് മക്കളും റഷ്യക്കാരിയായ അമ്മയും. ഉത്തര കന്നഡ ജില്ലയിലെ രാമതീർത്ഥ മലയിലെ ഗുഹയിലാണ് നീന കുട്ടീന എന്ന റഷ്യൻ യുവതി മോഹി എന്ന പേര് സ്വീകരിച്ച് ധ്യാനത്തിൽ മുഴുകിയിരുന്നത്. രുദ്ര വിഗ്രഹം സ്ഥാപിച്ച് പൂജയും പ്രാർത്ഥനയുമായി എട്ട് വർഷത്തോളമാണ് ഇവർ അവിടെ കഴിഞ്ഞത്.
ധ്യാനിച്ചും, ചിത്രം വരച്ചും, ഇൻസ്റ്റന്റ് നൂഡിൽസിൽ ജീവൻ നിലനിർത്തിയും ഇവർ അവിടെ ചെലവഴിച്ചു. ആ കാട്ടിൽ വൈദ്യുതിയില്ല, ഫോണില്ല, പുറം ലോകവുമായുള്ള ഒരു ബന്ധവുമില്ല. അവളുടെ പെൺമക്കൾ ഒരു കിടക്ക പോലും ഇതുവരെ കണ്ടിട്ടില്ല. ബിസിനസ് വിസയിൽ ഗോവയിൽ എത്തിയ യുവതി ഗോകർണം വഴി ഗുഹയിൽ എത്തിയെന്നാണ് വിവരം. അവർ എങ്ങനെയാണ് ഇത്രയും കാലം ആ വനത്തിൽ കഴിഞ്ഞത്?
ആത്മീയത മനസിൽ സൂക്ഷിച്ചുകൊണ്ടാണ് മോഹിയും മക്കളും ആ കാട്ടിനുള്ളിൽ കഴിഞ്ഞത്. രണ്ട് മാസത്തോളമായി ഗുഹയിൽ കഴിയുകയാണെന്ന് അവർ പറഞ്ഞെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ എട്ട് വർഷത്തോളമായി ഇന്ത്യയിൽ തുടരുകയാണെന്ന് കണ്ടെത്തി. പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് അവരെ ബോദ്ധ്യപ്പെടുത്തിയതിന് ശേഷമാണ് പുറത്തേക്ക് എത്തിച്ചത്. ആ പ്രദേശത്തെ പാമ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയപ്പോൾ, പാമ്പുകൾ ഞങ്ങളുടെ സുഹൃത്തുക്കളാണ്, നമ്മൾ അവയെ ശല്യപ്പെടുത്താത്തിടത്തോളം അവ നമ്മെ ഉപദ്രവിക്കില്ലെന്ന് അവർ മറുപടി പറഞ്ഞു.
അടുത്തുള്ള വെള്ളച്ചാട്ടങ്ങളിൽ കുളിക്കാൻ പോകുമ്പോൾ, പാമ്പുകൾ പലപ്പോഴും ആക്രമണത്തിന്റെ ലക്ഷണങ്ങൾ കാണിക്കാതെ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകാറുണ്ടെന്നും അവർ പറയുന്നു. കുട്ടികൾക്കായി മോഹി ഒരു ഷെഡ്യൂൾ തയ്യാറാക്കിയിരുന്നു, അതിൽ ചിത്രം വരയ്ക്കൽ, പാട്ട് പാടൽ, മന്ത്രങ്ങൾ ചൊല്ലൽ, യോഗ, മറ്റ് വ്യായാമങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. മഴക്കാലത്ത്, കുടുംബം വളരെ കുറച്ച് വസ്ത്രങ്ങൾ മാത്രമായാണ് ജീവിച്ചിരുന്നത്. പകൽ വെളിച്ചത്തെയായിരുന്നു പ്രധാനമായും ആശ്രയിച്ചിരുന്നത്. ആവശ്യമുള്ളപ്പോൾ മാത്രമാണ് മെഴുകുതിരികൾ ഉപയോഗിച്ചത്.
കുടുംബം പ്ലാസ്റ്റിക് ഷീറ്റുകളിൽ ഉറങ്ങുകയും ഭക്ഷണമായി പ്രധാനമായി ആശ്രയിച്ചത് ഇൻസ്റ്റന്റ് നൂഡിൽസാണെന്ന് പൊലീസ് സൂപ്രണ്ട് എം നാരായണ പറഞ്ഞു. മഴക്കാലത്ത് അതിജീവിക്കാൻ ആവശ്യമായ പലചരക്ക് സാധനങ്ങൾ കുട്ടീന ശേഖരിച്ചു വച്ചിരുന്നു. അത്തരം സാഹചര്യങ്ങളിൽ അവളും കുട്ടികളും എങ്ങനെ അതിജീവിച്ചു എന്നത് അതിശയകരമാണെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ഒന്നും സംഭവിക്കാതിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണിടിച്ചിലിനെത്തുടർന്ന് രാമതീർത്ഥ വനമേഖലയിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം ഒരു ഗുഹയ്ക്ക് സമീപം , തുണിക്കഷണങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും കണ്ടെത്തി. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഇവരെ കണ്ടത്. ആദ്യം, തന്റെ പാസ്‌പോർട്ടും വിസയും കാട്ടിൽ നഷ്ടപ്പെട്ടുവെന്ന് കുട്ടീന അവകാശപ്പെട്ടു. എന്നാൽ പിന്നീട് ഗുഹയ്ക്ക് സമീപം നിന്ന് ഉദ്യോഗസ്ഥർ രേഖകൾ കണ്ടെടുക്കുകയായിരുന്നു.
2016ൽ ഒരു ബിസിനസ് വിസയിലാണ് ഇന്ത്യയിലെത്തിയതെന്നും ഒരു വർഷത്തിനുശേഷം അതിന്റെ കാലാവധി കഴിഞ്ഞെന്നും പൊലീസ് കണ്ടെത്തി. ഗോവയിലെയും ഗോകർണത്തിലെയും ആത്മീയ സമൂഹങ്ങളുമായി ബന്ധപ്പെട്ടതിനുശേഷം, അവർ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചില്ല. ആരെങ്കിലും കണ്ടുപിടിക്കുമെന്ന ഭയത്താൽ ഹോട്ടലുകളും പൊതു ഇടങ്ങളും ഒഴിവാക്കി കൂടുതലും വനങ്ങളിലും ഗുഹകളിലും വിദൂര പ്രദേശങ്ങളിലും താമസിക്കാൻ തുടങ്ങി.
ആറര വയസ്സും നാലു വയസ്സുമുള്ള പെൺമക്കൾ ഇന്ത്യയിലാണ് ജനിച്ചത്. എന്നാൽ തന്റെ ഭർത്താവിനെക്കുറിച്ചോ കുട്ടികളുടെ പിതാവിനെക്കുറിച്ചോ ഒരു വിവരവും നൽകാൻ കുട്ടീന വിസമ്മതിച്ചു. അയാളെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മാത്രം പറഞ്ഞു. കുട്ടീനയെയും പെൺമക്കളെയും സുരക്ഷിതമായി ഒരു വനിതാ അഭയകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. അവരെ നാടുകടത്തുന്നതിനുള്ള നിയമപരമായ നടപടികൾ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |