പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഷൂസ്, ബാഗ്, ചില മരുന്നുകളൊക്കെ വാങ്ങുമ്പോൾ അതിനകത്ത് വെളുത്ത നിറത്തിലുള്ള ചെറിയ പാക്കറ്റ് ശ്രദ്ധിച്ചിട്ടുണ്ടോ? 'സിലിക്ക ജെൽ, കഴിക്കരുത്' എന്ന മുന്നറിയിപ്പോടെയുള്ള ഈ ചെറിയ പാക്കറ്റ് നമ്മൾ പലപ്പോഴും കാണാറുണ്ട്. യഥാർത്ഥത്തിൽ എന്താണ് ഈ സാധനം, ഇത് ടോക്സിക്കാണോ, ഇത് എന്തിനാണ് ഉപയോഗിക്കുന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഏവരുടെയും മനസിൽ ഉയർന്നുവരും.
പ്രകൃതിയെ നിയന്ത്രിക്കുകയെന്നത് നമ്മളെക്കൊണ്ട് പറ്റുന്ന കാര്യമല്ല. എന്നാൽ ബാഗിനുള്ളിലും മറ്റും കാണുന്ന ഈ ചെറിയ പാക്കറ്റ് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ബാഗും ഷൂസുമടക്കമുള്ള വസ്തുക്കൾ പല സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴും, അവ സൂക്ഷിച്ചുവയ്ക്കുമ്പോഴുമൊക്കെ അതീവ ശ്രദ്ധ ആവശ്യമാണ്. ഈർപ്പമുള്ള സാഹചര്യത്തിൽ ലോഹം തുരുമ്പെടുക്കും, ബാഗ് പോലുള്ളവയിൽ പൂപ്പൽ, സൂക്ഷ്മാണുക്കൾ എന്നിവ ഉണ്ടാകാൻ കാരണമാകുന്നു. ഈ അവസ്ഥ ഒഴിവാക്കി തങ്ങളുടെ പ്രൊഡക്ട് കേടുകൂടാതിരിക്കാൻ വേണ്ടിയാണ് നിർമാതാക്കൾ ഈ ചെറിയ പാക്കറ്റ് അതിനുള്ളിൽ വയ്ക്കുന്നത്.
പൊതുവെ സിലിക്ക ജെൽ ആണ് സാഷെ പാക്കറ്റുകളിലാക്കി മിക്ക നിർമാതാക്കളും തങ്ങളുടെ ഉത്പന്നങ്ങളിൽ വയ്ക്കുന്നത്. ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്. ജെൽ എന്ന് പറയാറുണ്ടെങ്കിലും ഖരാവസ്ഥയിലാണ് ഇവയെ കാണുന്നത്.
സിലിക്ക ജെൽ അപകടകാരിയോ?
'കഴിക്കാൻ പാടില്ല' എന്ന് മിക്ക സിലിക്ക ജെല്ലിന്റെ പാക്കറ്റിലും കാണാൻ സാധിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, എല്ലാ സാഷെകളും ടോക്സിക് അല്ല. എന്നാൽ ശരീരത്തിനുള്ളിലെത്തിയാൽ ചിലത് ശ്വാസം മുട്ടൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നു. അതിനാൽത്തന്നെയാണ് ഇത് കുട്ടികളിൽ നിന്നും വളർത്തുമൃഗങ്ങളിൽ നിന്നും അകറ്റി നിർത്തണമെന്ന് പറയുന്നത്. സിലിക്ക ജെൽ അബദ്ധത്തിൽ ശരീരത്തിനുള്ളിൽ പോയാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.
റീചാർജ് ചെയ്യാം
തുറന്നുവച്ചിരിക്കുന്ന പാത്രങ്ങളിലോ തുറസായ ഇടങ്ങളിലോ സിലിക്ക ജെൽ ഇട്ടു വച്ചതു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നും ഉണ്ടാകില്ല. ഈർപ്പം വലിച്ചെടുക്കാനായി ബാഗിനുള്ളിലോ അടച്ചുവച്ച പാത്രങ്ങൾക്കുള്ളിലോ, ചെറിയ പെട്ടികൾക്കുള്ളിലോ ഒക്കെയാണ് സിലിക്ക ജെൽ പാക്കറ്റുകൾ ഇട്ടു വയ്‌ക്കേണ്ടത്. ദീർഘനാൾ ഉപയോഗിക്കുമ്പോൾ സിലിക്ക ജെല്ലിന് ഈർപ്പത്തെ ആഗിരണം ചെയ്യാനുള്ള ശേഷി നഷ്ടമാകും.
എന്നാൽ ഇവ എളുപ്പത്തിൽ പുനരുപയോഗിക്കാൻ കഴിയും. സിലിക്ക ജെൽ 'റീചാർജ്' ചെയ്യാനായി ഇത് ഏകദേശം 115 - 125 ഡിഗ്രി സെൽഷ്യസിൽ രണ്ട് - മൂന്ന് മണിക്കൂർ അടുപ്പിൽ വയ്ക്കാം. ചൂടിൽ ഉരുകിപ്പോകുന്ന പ്ലാസ്റ്റിക് പാക്കറ്റിലാണെങ്കിൽ ഈ രീതി പറ്റില്ല.
അല്ലെങ്കിൽ നല്ല വെയിലുള്ള ദിവസം സിലിക്ക ജെൽ പാക്കറ്റുകൾ കുറച്ച് മണിക്കൂറുകൾ വെയിലത്ത് വയ്ക്കാം. നല്ല വെയിലേൽക്കുമ്പോൾ ആഗിരണം ചെയ്ത ഈർപ്പം നീക്കം ചെയ്യപ്പെടുകയും വീണ്ടും ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ 'റീചാർജ് ചെയ്ത ശേഷം ഇലക്ട്രോണിക് വസ്തുക്കളിലെ വെള്ളം കളയാൻ ഉപയോഗിക്കാനാകും. ഉദാഹരണത്തിനിം മൊബൈൽ ഫോണിൽ വെള്ളം കറിയാൽ ഒരു ചെറിയ ബാഗിൽ സിലിക്ക ജെൽ പാക്കറ്റ് നിറച്ച് അതിനുള്ളിൽ ഫോൺ ഇറക്കിവയ്ക്കാം. ഇങ്ങനെ ചെയ്താൽ എളുപ്പം ഫോണിലെ വെള്ളം വലിച്ചെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |