അബുദാബി: പുതുവർഷത്തിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ 2025ൽ യുഎഇയിൽ പല മേഖലകളിലും വിലക്കയറ്റമുണ്ടാകുമെന്ന് സൂചന നൽകി റിപ്പോർട്ടുകൾ. ഗതാഗതം ഉൾപ്പെടെയുള്ള മേഖലകളിൽ പൊതുസേവനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിലവർദ്ധനവ്. ചില മേഖലകളിൽ പത്തുവർഷത്തിനിടെയുള്ള വില വർദ്ധനവാണിത്.
2025 മാർച്ച് മുതൽ, തിരക്കേറിയ സമയങ്ങളിൽ ദുബായിലെ 'പ്രീമിയം' പാർക്കിംഗ് മേഖലകളിൽ ഇരുചക്ര വാഹന ഉടമകൾക്ക് പാർക്കിംഗിനായി മണിക്കൂറിന് ആറ് ദിർഹം നൽകേണ്ടിവരും. പരിപാടികളും മറ്റും നടക്കുന്ന ഇവന്റ് പാർക്കിംഗ് സോണുകളിൽ 25 ദിർഹവും നൽകേണ്ടതായി വരും. മെട്രോ സ്റ്റേഷന് 500 മീറ്റർ ചുറ്റളവിലും, മാർക്കറ്റ്, കൊമേഴ്‌ഷ്യൽ മേഖലകളിലുമാണ് പാർക്കിംഗിന് നിരക്ക് വർദ്ധനവ് ഉണ്ടാവുന്നത്.
തിരക്കേറിയ സമയങ്ങളായ രാവിലെ ആറുമണി മുതൽ 10വരെയും വൈകിട്ട് നാലുമണിമുതൽ എട്ടുമണിവരെയുമുള്ള സമയങ്ങളിൽ 2025 മുതൽ ടോൾ നിരക്ക് ആറ് ദിർഹമായി ഉയരും. 2007ൽ ടോൾ ഗേറ്റുകൾ അവതരിപ്പിച്ചതിനുശേഷം ആദ്യമായാണ് നിരക്ക് ഉയർത്തുന്നത്.
2025 മുതൽ സീവേജ് (മലിനജല) നിരക്കുകൾ ഉയരും. ഒരു ഗാലണിന് 1.5 ഫിൽസ് ആയിരിക്കും നിരക്ക്. 2027ൽ ഇത് 2.8 ഫിൽസ് ആയി ഉയരും.
യുഎഇയിൽ മേൽപ്പറഞ്ഞ മേഖലകളിൽ നിരക്ക് ഉയരുമെങ്കിലും വാടക നിരക്ക് കുറയുമെന്നും പല തൊഴിൽ മേഖലകളിലും ശമ്പള വർദ്ധനവുണ്ടാകുമെന്നും വിലയിരുത്തലുകളുണ്ട്. 2025ഓടെ 10,0000ൽ അധികം അപ്പാർട്ട്‌മെന്റുകൾ പ്രവർത്തനം ആരംഭിക്കുന്നതിനാൽ വാടക നിരക്കുകൾ ഇടിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ.
സാങ്കേതികവിദ്യ, നിയമം, ഫിനാൻസ്, അക്കൗണ്ടിംഗ്, എച്ച് ആർ തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, 2025ഓടെ എല്ലാ മേഖലകളിലും നാല് ശതമാനം ശമ്പള വർദ്ധനവുണ്ടാകുമെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |