അബുദാബി: കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇ-സ്‌കൂട്ടറിന്റെ ദുരുപയോഗം, അശ്രദ്ധമായ കാൽനട യാത്ര എന്നിവ മൂലം ദുബായിൽ 13 ജീവനുകളാണ് പൊലിഞ്ഞത്. 2024ൽ മാത്രം 254 ഇ-സ്‌കൂട്ടർ, ബൈസൈക്കിൾ അപകടങ്ങളാണുണ്ടായി. പത്ത് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 259 പേർക്കാണ് അപകടങ്ങളിൽ പരിക്കേറ്റത്.
പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായാണ് ഇ-സ്‌കൂട്ടറുകളെയും സൈക്കിളുകളെയും കാണുന്നതെങ്കിലും ഇവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അപകടങ്ങൾ വർദ്ധിക്കാൻ കാരണം. ഇക്കാരണത്താൽ ഇത്തരം വാഹനങ്ങൾക്ക് നിയന്ത്രണം കർശനമാക്കാനും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ നിരോധിക്കാനുമുള്ള ആവശ്യം ശക്തമാണ്. എന്നാൽ നിരോധനമേർപ്പെടുത്തുന്നത് ഇത്തരം വാഹനങ്ങളെ ആശ്രയിക്കുന്നവർക്ക് കനത്ത തിരിച്ചടിയാകുമെന്ന മറുവാദവുമുണ്ട്.
അതേസമയം, ഇത്തരം വാഹനങ്ങൾ മൂലമുള്ള അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ വിക്‌ടറി ഹൈറ്റ്‌സ്, ജുമൈറ ബീച്ച് പോലുള്ള റെസിഡൻസികൾ ഇവയുടെ ഉപയോഗം പൂർണമായി നിരോധിച്ചു. 16 വയസിന് മുകളിലുള്ളവർക്കാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. ഇ-സ്‌കൂട്ടറുകൾ പോലുള്ളവയുടെ ഉപയോഗത്തിന് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. രാത്രികാല യാത്രകൾക്കായി റിഫ്ളക്ടീവ് ഗിയറുകൾ ഘടിപ്പിക്കണം. കാൽനടക്കാരുടെ പാതകളിൽ ഉപയോഗിക്കരുത്. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗം പാടില്ല എന്നിങ്ങനെയുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. അതിനിടെ ഇത്തരം നിരോധനങ്ങൾ ആളുകളുടെ യാത്രാ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇ-സ്‌കൂട്ടർ ഉപയോഗിക്കുന്നതിനുള്ള നിയമങ്ങൾ പാലിക്കാത്തവർക്ക് കനത്ത ശിക്ഷാനടപടികളും ദുബായിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘകർക്ക് 300 ദിർഹമാണ് പിഴ. സ്‌കൂട്ടർ പിടിച്ചെടുക്കുകയും ചെയ്യും. തുടർച്ചയായുള്ള നിയമലംഘങ്ങൾ ആജീവനാന്ത യാത്രാവിലക്കിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |