റിയാദ്: പ്രവാസികൾക്ക് അനുവദിക്കുന്ന വർക്ക് പെർമിറ്റ് മൂന്നായി തരംതിരിച്ച് സൗദി അറേബ്യ. തൊഴിൽ നൈപുണ്യത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന വൈദഗ്ദ്ധ്യം, വൈദഗ്ദ്ധ്യം, അടിസ്ഥാനം എന്നീ മൂന്ന് പ്രധാന വിഭാഗങ്ങളാക്കിയാണ് വേർതിരിക്കുക. സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഈ പുതിയ തീരുമാനം പുറത്തുവിട്ടത്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രൊഫഷണൽ സ്‌കില്ലുകൾ, ശമ്പളം, വയസ് എന്നിവ അടിസ്ഥാനമാക്കിയാണ് തരംതിരിക്കൽ.
തൊഴിൽ വിപണിയെ നിയന്ത്രിക്കുക, മാനവ മൂലധനം വികസിപ്പിക്കുക, സൗദി വിഷൻ 2030ന്റെയും ദേശീയ പരിവർത്തന പരിപാടിയുമായി പൊരുത്തപ്പെടുന്ന ബിസിനസ് അന്തരീക്ഷം കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തീരുമാനമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള പ്രവാസികൾക്ക് ഈ വർഷം ജൂൺ 18 മുതൽ പ്രക്രിയ ഭാഗികമായി ആരംഭിച്ചുകഴിഞ്ഞു. ഈ മാസം ആറ് മുതൽ ഇത് പൂർണമായും നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.
രാജ്യത്തെത്തുന്ന പുതിയ പ്രവാസികൾ ഈ വർഷം ഓഗസ്റ്റ് മൂന്ന് മുതൽ വർഗീകരണ സംവിധാനത്തിന് വിധേയരാകും. പുതിയ സംവിധാനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന മാർഗനിർദേശങ്ങളുള്ള മാനുവൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |