ന്യൂഡൽഹി: ശുചിത്വ സർവേയിൽ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മദ്ധ്യപ്രദേശിലെ ഇൻഡോറിനെ വീണ്ടും തിരഞ്ഞെടുത്തു. 'സ്വച്ച് സർവേക്ഷൻ' എന്ന പേരിലുള്ള വാർഷിക സർവേയിൽ തുടർച്ചയായി എട്ടാം തവണയാണ് ഇൻഡോർ മികച്ച ശുചിത്വ നഗരമായി മാറുന്നത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്‌ട്രയിലെ നവി മുംബയും തൊട്ടുപിന്നാലെയുള്ള സ്ഥാനങ്ങൾ നേടി.
മൂന്ന് മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ നോയിഡ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന സ്ഥാനം സ്വന്തമാക്കി. ചണ്ഡീഗഡ്, മൈസൂരു എന്നീ നഗരങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഇത്തവണത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായി ഇൻഡോറിനെ തിരഞ്ഞെടുക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡോർ വീണ്ടും ദേശീയ അംഗീകാരം നേടുന്നത്.
സ്വച്ച് സർവേക്ഷൻ 2024 -25 അവാർഡുകൾ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു കൈമാറും. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എല്ലാ വർഷവും സ്വച്ച് സർവേക്ഷൻ സംഘടിപ്പിക്കുന്നത്. ഏറ്റവും ശുചിത്വം പാലിക്കുന്ന നഗരങ്ങളെ ആദരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |