മോദി- സതീശൻ കൂടിക്കാഴ്ച നാളെ: ജി.എസ്.ടി, പി.എംശ്രീ ഉൾപ്പെടെ ചർച്ചയാകും

Monday 25 May 2026 2:45 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പല പദ്ധതികളെയും ബി.ജെ.പി നയങ്ങളെയും നിശിതമായി വിമർശിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയെ കൗതുകത്തോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. പ്രതിപക്ഷത്തിരുന്നപ്പോൾ കടുത്ത നിലപാടാണ് കേന്ദ്രത്തിനെതിരെ പല വിഷയങ്ങളിലും കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ചിരുന്നത്. ആ നിലയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മോദിയുമായുള്ള കൂടിക്കാഴ്ച ഏറെ നിർണായകമാണ്.

നാളെ ഉച്ചയോടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടക്കാനാണ് സാദ്ധ്യത. വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കുമെന്നാണ് വിവരം. സ്‌കൂളുകളുടെ നവീകരണത്തിനുള്ള പി.എംശ്രീ പദ്ധതിയിൽ ചില ഭേദഗതികൾ അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തിനുള്ള കേന്ദ്ര ഗ്രാന്റുകളുടെ വർദ്ധന, വിഴിഞ്ഞം തുറമുഖ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ കൂടുതൽ പലിശരഹിത വായ്പ, റോഡ് വികസനത്തിന് കൂടുതൽ കേന്ദ്ര സഹായം, പൊലീസ് സ്റ്റേഷനുകളുടെ നവീകരണത്തിനും മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും കൂടുതൽ സാമ്പത്തിക സഹായം തുടങ്ങിയവയും ആവശ്യപ്പെട്ടേക്കും. അടുത്ത മാസം യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം നടക്കുന്നതിനാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെല്ലാം ചർച്ചയാവും. കഴിഞ്ഞ ദിവസം ഡൽഹി യാത്രയ്ക്കിടെ ചില കേന്ദ്ര മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ഇന്നു രാത്രി

ഡൽഹിയിലേക്ക്

കൊച്ചിയിൽ നിന്ന് ഇന്നുരാവിലെ 10.50ന് തിരുവനന്തപുരത്ത് എത്തുന്ന മുഖ്യമന്ത്രി 11.30ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. രാത്രി 7.35നുള്ള വിമാനത്തിലാണ് ഡൽഹിക്ക് തിരിക്കുക. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം നാളെ വൈകിട്ടോടെ കേരളത്തിലേക്ക് മടങ്ങും.