പദ്‌മ അവാർഡ് വിതരണം ഇന്ന്
ന്യൂഡൽഹി: ഇക്കൊല്ലത്തെ പദ്മ അവാർഡുകൾ ഇന്ന് വിതരണം ചെയ്യും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു അവാർഡ് നൽകും.
പദ്മവിഭൂഷൺ അവാർഡുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്. സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് അവാർഡ് പ്രഖ്യാപിച്ചത്. മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കെ.ടി. തോമസും വിദ്യാഭ്യാസ വിദഗ്‌ദ്ധൻ പി. നാരായണനുമാണ് മറ്റ് ജേതാക്കൾ. മെഗാതാരം മമ്മൂട്ടിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ. ഇന്ത്യൻ റോക്കറ്റ് സാങ്കേതിക വിദ്യയുടെ അമരക്കാരിൽ പ്രമുഖനായ ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. എ.ഇ. മുത്തുനായകം, നർത്തകി കലാമണ്ഡലം വിമലാ മേനോൻ, കായംകുളം മുതുകുളം കണ്ടല്ലൂരിലെ വീട്ടുവളപ്പിൽ വനം വളർത്തി പരിപാലിക്കുന്ന ജി. ദേവകി അമ്മ എന്നിവർക്ക് പദ്മശ്രീ അവാർഡും നൽകും. അഞ്ച് പദ്മവിഭൂഷണും 13 പദ്മഭൂഷണും 113 പദ്മശ്രീ അവാർഡുകളുമാണ് ജനുവരി 25ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
കുറച്ചു വർഷങ്ങളായി ബാച്ചുകളായി തിരിച്ചാണ് അവാർഡുകൾ നൽകാറുള്ളത്.