വ്യാജ സുപ്രീംകോടതി വിധി കാണിച്ച് ജയിൽ മോചിതനായി

Monday 25 May 2026 12:45 AM IST

 എട്ടുവർഷത്തിന് ശേഷം അന്വേഷണം

ബംഗളൂരു: സുപ്രീംകോടതിയുടെ വ്യാജ ഉത്തരവ് കാണിച്ച് ശിക്ഷാ കാലാവധി പൂർത്തിയാകും മുമ്പ് ജയിൽമോചിതനായി. എട്ട് വർഷത്തിനുശേഷം ആ വിരുതനുവേണ്ടി അന്വേഷണം നടത്തുകയാണ് കർണാടക പൊലീസ്.

ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ശങ്കർ അറുമുഖമാണ് പ്രതി.

2001ൽ മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാൾ അകത്തായത്. ജീവപര്യന്തം ശിക്ഷയും ലഭിച്ചു.

2018ൽ സുപ്രീം കോടതിയിൽനിന്ന് ശിക്ഷയിൽ ഇളവ് ലഭിച്ചുവെന്ന് കാണിക്കുന്ന വ്യാജരേഖകൾ ഹാജരാക്കിയ ഇയാൾ 2018 നവംബർ 13ന് ജയിലിൽ നിന്നിറങ്ങി. ഉത്തരവിൽ പരാമർശിച്ചിരുന്ന 10,000 രൂപ പിഴയും ഒടുക്കി. ഒരു അജ്ഞാത പരാതിയെത്തുടർന്ന് ഡി.ഐ.ജി നടത്തിയ അന്വേഷണത്തിലാണ് എട്ട് വർഷത്തിന് ശേഷം തട്ടിപ്പ് വെളിച്ചത്തായത്. സുപ്രീംകോടതി അസിസ്റ്റന്റ് രജിസ്ട്രാറുമായി ബന്ധപ്പെട്ടപ്പോളാണ് പ്രതി കബളിപ്പിച്ചതാണെന്ന് മനസിലായത്. പിന്നിൽ ജയിൽ അധികൃതരുടെ ഒത്താശയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.