അഹമ്മദാബാദ്: ഗുജറാത്തിലെ പഴയ നാട്ടു രാജ്യമായ കച്ചിലെ മഹാരാജാവ് മഹാറാവു പ്രഗ്മൾജി മൂന്നാമൻ (85) കൊവിഡ് ബാധിച്ച് വെള്ളിയാഴ്ച അന്തരിച്ചു. ഭുജിൽ രാജകുടുംബാംഗങ്ങളുടെ അന്ത്യവിശ്രമ സ്ഥാനമായ ഛതെർദിയിൽ സംസ്കാരം നടത്തി.
കച്ചിലെ ജഡേജ രാജവംശത്തിന്റെ പിന്മുറക്കാരനായ പ്രഗ്മൾജി 1991ലാണ് മഹാരാജാവായി സ്ഥാനമേറ്റത്. കച്ചിലെ ജനങ്ങളുടെ ക്ഷേമത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗുജറാത്തിലെ ഏറ്റവും വലിയ ജില്ലയായ കച്ചിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പ്രഗ്മൽജിക്ക് നിരവധി കൊട്ടാരങ്ങൾ ഉണ്ട്. അതിൽ വിജയ് വിലാസ് കൊട്ടാരത്തിലാണ് സഞ്ജയ് ലീല ബൻസാലിയുടെ സൂപ്പർഹിറ്റ് ബോളിവുഡ് സിനിമ 'ഹം ദിൽ ദേ ചുകേ സനം' ചിത്രീകരിച്ചത്.
മക്കളില്ലാത്ത അദ്ദേഹം അടുത്ത കിരീടാവകാശിയെ പ്രഖ്യാപിച്ചിട്ടില്ല. ത്രിപുരയിലെ രാജകുമാരി മഹാറാണി പ്രീതി ദേവിയാണ് ഭാര്യ. ഇവർക്കും കൊവിഡ് ബാധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാജാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |