ഭോപ്പാൽ: ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിൽ നിന്ന് വിമാനം റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ ഷുജൽപൂരിൽ താമസിക്കുന്ന ഉജ്ജ്വൽ ജെയിനെയാണ് (34) ക്രൈം ബ്രാഞ്ച് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഭോപ്പാൽ രാജാബോജ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. വിമാനങ്ങൾ റാഞ്ചി പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. എന്നാൽ ഏത് വിമാനമാണെന്നോ മറ്റു വിവരങ്ങളോ പറഞ്ഞിരുന്നില്ല. എന്റെ വഴിയിൽ നിങ്ങളാരും വരരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഉടൻതന്നെ ഉദ്യോഗസ്ഥർ പൊലീസിന് വിവരം കൈമാറി. വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചു.
ഗാന്ധിനഗർ പൊലീസും ക്രൈംബ്രാഞ്ചും ഫോൺ വിളിച്ച നമ്പർ തിരിച്ചറിയുകയും അശോക ഗാർഡനിലെ വിലാസത്തിലാണ് ഉജ്ജ്വൽ എന്നയാൾ ഈ നമ്പർ കരസ്ഥമാക്കിയതെന്നും കണ്ടെത്തി. എന്നാൽ, ഉജ്ജ്വൽ ഇവിടെ നിന്ന് താമസം മാറിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷുജൽപൂരിൽനിന്ന് ഉജ്ജ്വലിനെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഉജ്ജ്വൽ ജെയിനെ വിശദമായ ചോദ്യം ചെയ്യലിനായി ഭോപ്പാലിൽ എത്തിച്ചിരിക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |