SignIn
Kerala Kaumudi Online
Friday, 19 April 2024 10.54 AM IST

നടി സുരേഖ സിക്രി വിടവാങ്ങി

surekha-sikri

മൂന്നു ദേശീയ പുരസ്‌കാരം നേടിയ പ്രതിഭ

മുംബയ്: മൂന്നു തവണ സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ ബോളിവുഡിലെ അതുല്യ അഭിനയ പ്രതിഭ സുരേഖ സിക്രി വിടപറഞ്ഞു. 75 വയസായിരുന്നു. മുംബയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

തിയേറ്റർ, സിനിമ, ടെലിവിഷൻ മേഖലകളിൽ ഒരുപോലെ തിളങ്ങിയ സുരേഖ സിക്രി രണ്ട് മസ്തിഷ്‌കാഘാതങ്ങളുടെ വിഷമതകൾക്ക് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന്.

ഉത്തർപ്രദേശിലാണ് ജനനം. 1970കളിൽ ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിലെ ഏറ്റവും പ്രതിഭാശാലിയായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സുരേഖ. നിരവധി നാടകങ്ങളിൽ ഗംഭീരമായ അഭിനയം കാഴ്ചവച്ചു. 1978 ൽ രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കിയ കിസാ കുർസി കാ ആണ് ആദ്യ സിനിമ. ശ്യാംബെനഗൽ, ഗോവിന്ദ് നിഹലാനി, സയദ് മിഴ്സ, പ്രകാശ് ഝാ, അപർണാ സെൻ തുടങ്ങിയ നവസിനിമാ സംവിധായകരുടെ പ്രിയ നടി ആയിരുന്നു.

1988ൽ നിഹലാനിയുടെ തമസിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. 1995 ൽ ശ്യാം ബെനഗലിന്റെ മാമ്മോ, 2019 ൽ അമിത് ശർമ്മയുടെ ബ‌െഡായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്‌കാരങ്ങൾ നേടി. ബെനഗലിന്റെ സർദാരി ബീഗം, സുബൈദ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സലീം ലംഗഡേ പേ മത് രോ, പരിണതി, ഹരി ഭാരി, ദേഹം, മിസ്റ്റർ ആൻഡ് മിസിസ് അയ്യർ, സർഫാറോഷ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ബെർണാഡോ ബെർട്ടലൂച്ചി സംവിധാനം ചെയ്‌ത ലിറ്റിൽ ബുദ്ധ, ഇസ്മയിൽ മർച്ചന്റ് സംവിധാനം ചെയ്ത കോട്ടൺ മേരി എന്നീ അന്താരാഷ്‌ട്ര സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

നന്ദിതദാസ് പ്രധാനകഥാപാത്രമായി 1998ൽ ഇറങ്ങിയ ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 2020 ൽ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം.മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചു.

1990കൾ മുതൽ ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. കഭി കഭി, സമയ്, കേസർ, സാഥ് ഫേരേ, ബാലിക വധു, എക് ഥാ രാജ,​ ഏക് ഥീ റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷൻ സീരിയലുകൾ. ബാലികാവധു എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിലൂടെ 2008ൽ മികച്ച പ്രതിനായിക, 2011ൽ മികച്ച സഹനടി എന്നീ വിഭാഗങ്ങളിലെ ഇന്ത്യൻ ടെലി അവാർഡുകളും സ്വന്തമാക്കി.

ഹിന്ദി നാടക മേഖലയ്ക്ക് നൽകിയ സംഭാവനകൾക്ക് 1989ലെ കേന്ദ്ര സംഗീതനാടക അക്കാഡമി പുരസ്‌കാരം ലഭിച്ചു.

പരേതനായ ഹേമന്ത് റെഡ്‌ജ് ആണ് ഭർത്താവ്. കലാകാരനായ രാഹുൽ സിക്രി മകനാണ്. പ്രശസ്ത നടൻ നസിറുദ്ദീൻ ഷായുടെ മുൻഭാര്യ മനാരാ സിക്രി സഹോദരിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VETERAN ACTRESS SUREKHA SIKRI DIES OF CARDIAC ARREST AT 75
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.