മുംബയ്: അശ്ലീല ചിത്ര നിർമ്മാണക്കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശിൽപ്പാഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ കസ്റ്റഡി ഈമാസം 27 വരെ മുംബയ് മജിസ്ട്രേറ്റ് കോടതി നീട്ടി. റിമാൻഡ് കാലാവധി വെള്ളിയാഴ്ച തീർന്നതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും അവ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ഈ മാസം 19നാണ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിക്കുമെന്ന് ശിൽപ്പാഷെട്ടി
ഭർത്താവ് രാജ്കുന്ദ്രയുടെ അറസ്റ്റിന് ശേഷം ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ച് ശിൽപ്പാഷെട്ടി. ഈ സമയത്തെയും അതിജീവിക്കും എന്നർത്ഥമുള്ള വരികളുള്ള അമേരിക്കൻ എഴുത്തുകാരനായ ജെയിംസ് തർബറിന്റെ പുസ്തകത്തിലെ ഒരു പേജിന്റെ സ്ക്രീൻഷോട്ട് ആണ് ശിൽപ പങ്കുവച്ചത്.
'ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തോടെയാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാൻ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതിൽ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.'–ഇങ്ങനെയാണ് അതിലെ വാചകങ്ങൾ. തന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ ബന്ധപ്പെടുത്തിയാണ് നടിയുടെ ഈ കുറിപ്പെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |