ന്യൂഡൽഹി: നിശ്ചയിച്ച സമയപരിധിക്കുള്ളിൽ രാജ്യത്ത് 3.86 കോടി പേർക്ക് കൊവിഡ് വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രം. ആക്ടിവിസ്റ്റായ രാമൻ ശർമ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് കേന്ദ്രസർക്കാറിന്റെ മറുപടി. കൊവിൻ പോർട്ടലിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് വ്യാഴാഴ്ച ഉച്ചവരെ 44,22,85,854 പേർക്കാണ് ഒന്നാം ഡോസ് നൽകിയത്. 12,59,07,443 പേർക്ക് രണ്ടാം ഡോസും നൽകി.
കൊവിഷീൽഡ് ഒന്നാം ഡോസ് എടുത്തിനുശേഷം 84 മുതൽ 112 ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഡോസ് എടുക്കണം. കൊവാക്സിൻ ആണെങ്കിൽ 28 മുതൽ 42 ദിവസങ്ങൾക്കുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. എന്നാൽ ആഗസ്റ്റ് 17 വരെ കൊവിഷീൽഡ് ആദ്യ ഡോസ് വാക്സിനെടുത്ത 3,40,72,993 പേർക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് എടുക്കാനായിട്ടില്ല. 46,78,406 പേർക്ക് കൊവാക്സിൻ ആദ്യ ഡോസേ ലഭിച്ചുള്ളൂ.
ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കണമെന്നാണ് ശുപാർശ. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ വൈകിയാൽ ഒന്നാം ഡോസ് വീണ്ടുമെടുക്കണമെന്ന നിർദ്ദേശം ഇല്ലെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് വാക്സിനേഷൻ അഡ്മിനിസ്ട്രേഷൻ സെൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |