ന്യൂഡൽഹി: കൊവിഡ് ബാധിച്ചവർ ഒരു ഡോസ് കൊവാക്സിൻ വാക്സിൻ എടുക്കുന്നത് രോഗം ബാധിക്കാതെ രണ്ടു ഡോസ് എടുക്കുന്നതിന് തുല്ല്യമായ ഫലം നൽകുന്നുവെന്ന് ഐ.സി.എം.ആർ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കൂടുതൽ പഠനം നടത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഐ.സി.എം.ആർ വക്താവും ശാസ്ത്രജ്ഞനുമായ ലൊകേഷ് ശർമ്മ പറഞ്ഞു.
കൊവിഡ് ബാധിച്ച ശേഷം ഒറ്റ ഡോസ് കൊവാക്സിൻ എടുത്തവരിലും രോഗം ബാധിക്കാത്ത രണ്ടു ഡോസ് എടുത്തവരിലുമുള്ള ആന്റിബോഡി പ്രതികരണം ഒരുപോലെയാണെന്നാണ് കണ്ടെത്തൽ. ചെന്നൈയിലെ 114 ആരോഗ്യപ്രവർത്തകരിൽ ഫെബ്രുവരി-മെയ് മാസങ്ങളിൽ നടത്തിയ പ്രാഥമിക പഠനത്തിലെ കണ്ടെത്തലാണിത്. ഇവരിൽ വാക്സിൻ എടുത്ത അടുത്ത ദിവസവും ഒരു മാസം കഴിഞ്ഞും രണ്ടു മാസം കഴിഞ്ഞുമുള്ള ആന്റിബോഡി പ്രതികരണമാണ് പഠന വിധേയമാക്കിയത്. കൊവിഡ് ബാധിച്ച ശേഷം ഒറ്റ ഡോസ് കൊവാക്സിൻ എടുത്തവരുടെയും രണ്ട് ഡോസ് എടുത്തവരുടെയും സാമ്പിളുകളിൽ എൽ.ജി-ജി(എൻ), എൽ.ജി-ജി(എസ്), എൻ.എ-ബി ആന്റിബോഡി പ്രോട്ടീനുകളുടെ പ്രതികരണം ഏതാണ്ട് ഒരുപോലെയാണെന്ന് പഠനത്തിൽ വ്യക്തമായി.
കൂടുതൽ വ്യക്തത വരാൻ കൂടുതൽ ആളുകളിൽ പഠനം നടത്തേണ്ടതുണ്ടെന്നും എങ്കിൽ മാത്രമെ വാക്സിനേഷൻ നയത്തിൽ അടക്കം മാറ്റം വരുത്താൻ സാധിക്കൂ എന്നും ലൊകേഷ് ശർമ്മ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |