മുംബയ്: പാമ്പിനെ കണ്ടാൽ ഭയന്നുവിറയ്ക്കുന്നവരേറെയാണ്. എന്നാൽ ഉഗ്രവിഷമുള്ള രാജവെമ്പാല കഴുത്തിൽ ചുറ്റിയപ്പോൾ അനങ്ങാതെ ആറുവയസുകാരി കിടന്നത് രണ്ടുമണിക്കൂർ. ഒടുവിൽ കാലിൽ പാമ്പിന്റെ കടിയേറ്റെങ്കിലും അത്ഭുതകരമായി രക്ഷപെട്ടിരിക്കയാണ് പെൺകുട്ടി. അവളുടെ ധൈര്യത്തെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.
മഹാരാഷ്ട്രയിലെ വാർധ സ്വദേശിയായ പുർവ ഗഡ്കരി എന്ന പെൺകുട്ടിയാണ് അത്ഭുതകരമായി മരണത്തെ അതിജീവിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീട്ടിനുള്ളിൽ വെറും നിലത്ത് കിടക്കുകയായിരുന്ന പുർവയുടെ കഴുത്തിൽ പാമ്പ് വരിഞ്ഞുചുറ്റുകയായിരുന്നു. ഭയന്ന പെൺകുട്ടി കണ്ണുകൾ അടച്ചുപൂട്ടി അനങ്ങാതെ കിടന്നു. പാമ്പ് പിടുത്തക്കാർ വരുന്നതുവരെ അനങ്ങാതിരിക്കണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് വീഡിയോയിൽ കേൾക്കാം. രണ്ടു മണിക്കൂറോളം പാമ്പ് പുർവയുടെ കഴുത്തിൽ ചുറ്റിക്കിടന്നു. പിന്നീട് പാമ്പ് സ്വമേധയ കുട്ടിയുടെ ശരീരത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാമ്പ് ശരീരത്തിൽ നിന്ന് ഇഴഞ്ഞ് പോകാൻ തുടങ്ങിയപ്പോൾ കുട്ടി ശരീരം അനക്കി. ഇതോടെ പാമ്പ് കാലിൽ കടിച്ചു. ഉടൻ തന്നെ പുർവയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തതയാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |