ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് വീടുകളിൽ കൊവിഡ് വാക്സിൻ എത്തിച്ചു നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗ നിർദ്ദേശമനുസരിച്ചാണിതെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. ഒരു മാസം മുമ്പ് മുംബയിൽ കിടപ്പ് രോഗികൾക്ക് വീടുകളിൽ വാക്സിൻ എത്തിച്ചു നൽകാൻ മഹാരാഷ്ട്ര സർക്കാർ ഉത്തരവിട്ടിരുന്നു.
ഉത്സവ കാലങ്ങളിൽ വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ഐ.സി.എം.ആർ. മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിലും ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണം. കുട്ടികൾക്കുള്ള കൊവാക്സിൻ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഫലം ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു.
യു.കെയ്ക്കെതിരെ സമാന സമീപനം
ഇന്ത്യയ്ക്ക് മീതെ യു.കെ. ഏർപ്പെടുത്തിയ കൊവിഡ് ചട്ടങ്ങളിൽ എത്രയും വേഗം ഇരുപക്ഷത്ത് നിന്നും പരിഹാരം കണ്ടെത്തുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. പരിഹാരം ഉണ്ടായില്ലെങ്കിൽ യു.കെയോട് സമാന സമീപനം സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർട്ടിഫിക്കേഷൻ നടപടികളിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി തടസവാദങ്ങൾ ഉന്നിയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് പുതുക്കിയ മാർഗനിർദ്ദേശം
ഉത്സവകാലം കണക്കിലെടുത്ത് പുതുക്കിയ കൊവിഡ് മാർഗനിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കാം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ കൂറവുള്ള സ്ഥലങ്ങളിൽ പോലും മുൻകൂട്ടി അനുവാദം എടുക്കാതെ ചടങ്ങുകളോ കൂടിച്ചേരലുകളോ പാടില്ല. കേരളം, ലഡാക്ക്, ഉത്തരാഖണ്ഡ്, ദാഗർ നഗർ ഹവേലി എന്നിവിടങ്ങളിൽ 90% മുതിർന്നവരും ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു. ഛണ്ഡീഗഢ്, ഹിമാചൽപ്രദേശ്, ഗോവ, സിക്കിം, ആൻഡമാൻ നക്കോബാർ എന്നിവിടങ്ങളിൽ 100% ആളുകളും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
31,923 രോഗികൾ
24 മണിക്കൂറിനിടെ രാജ്യത്ത് 31,923 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 31,990 പേർ രോഗമുക്തരായി.
282 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 4,46,050 ആയി.
3,01,604 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 187 ദിവസത്തിനിടയിലെ ഏറ്റവും കുറവ് രോഗികളുടെ എണ്ണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |