SignIn
Kerala Kaumudi Online
Saturday, 20 April 2024 6.43 AM IST

സെലിബ്രിറ്റികളല്ല ലക്ഷ്യം, ലഹരിമാഫിയയെ വെറുതേവിടില്ല: സമീർ വാങ്ക്ഡെ

sameer-wankhede

മുംബയ്: ബോളിവുഡിലെ പ്രശസ്തരെ വേട്ടയാടുകയല്ല,​ മറിച്ച് ലഹരിമരുന്ന് സംഘത്തെ തകർക്കുകയാണ് പ്രധാന അജണ്ടയെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ മുംബയ് സോണൽ ഡയറക്ടർ സമീർ വാങ്ക്ഡെ പറഞ്ഞു. ബോളിവുഡിനെ അപകീർത്തിപ്പെടുത്തുകയെന്നത് എൻ.സി.ബിയുടെ അജണ്ടയല്ലെന്നും എന്നാൽ,​ ആരെങ്കിലും തെറ്റ് ചെയ്താൽ വെറുതെവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.സി.ബി സംഘം ബോളിവുഡിനെ ലക്ഷ്യംവച്ചിരിക്കുകയാണെന്ന ആരോപണങ്ങൾ സമീർ വാങ്ക്ഡെ നിഷേധിച്ചു. ''ലഹരിസംഘങ്ങളെ ഇല്ലാതാക്കുക എന്നതാണ് എൻ.സി.ബിയുടെ പ്രധാന അജണ്ട. കഴിഞ്ഞ പത്തുമാസത്തിനിടെ മുംബയിൽ മാത്രം 12 ലഹരിസംഘങ്ങളാണ് പിടിയിലായത്. വലിയ അളവിലുള്ള ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരിമരുന്ന് വില്പന ഏറെ ലാഭം നൽകുന്ന നിയമവിരുദ്ധമായ ബിസിനസാണ്. ഇതിൽ വിദേശികൾക്കും പങ്കുണ്ട്. ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.''- അദ്ദേഹം പറഞ്ഞു. എല്ലാകേസുകളും എൻ.സി.ബിക്ക് പ്രധാന്യമേറിയതാണ്. ലഹരിമരുന്ന് കേസിന്റെ സാമ്പത്തിക ഇടപാടുകളടക്കം എല്ലാവശങ്ങളും പ്രധാനപ്പെട്ടവയുമാണ്. ലഹരിമരുന്ന് വിൽക്കുന്നവരെ കണ്ടെത്തി അവർക്കെതിരെയും നടപടി സ്വീകരിക്കുന്നുണ്ട്. മുംബയിലും ഗോവയിലും ലഹരിമരുന്ന് ഉപയോഗം ആഴത്തിൽ വളർന്നിരിക്കുന്നു. അതിനാൽ അവസാനം വരെ ഞങ്ങൾ പോരാടും. എൻ.സി.ബിക്ക് വേണ്ടി ജോലിചെയ്യുന്നത് ഭാഗ്യമായാണ് കരുതുന്നതെന്നും ഇത് രാജ്യത്തിന് വേണ്ടിയുള്ള സേവനമാണെന്നും സമീർ വാങ്ക്ഡെ വ്യക്തമാക്കി. 2020 സെപ്തംബർ മുതൽ ഇതുവരെ 114 കേസുകളാണ് എൻ.സി.ബിരജിസ്റ്റർ ചെയ്തത്. മുന്നൂറിലേറെപ്പേർ അറസ്റ്റിലായി. 34 വിദേശികളും ചില ബോളിവുഡ് താരങ്ങളും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ മുംബയിൽനിന്ന് മാത്രം നൂറുകിലോയിലേറെ ലഹരിമരുന്നാണ് എൻ.സി.ബി പിടിച്ചെടുത്തത്. മുംബയ് നഗരത്തിൽ മാസം ശരാശരി 12-15 റെയ്ഡുകളും എൻ.സി.ബി നടത്തുന്നുണ്ട്. ആര്യനെ ചോദ്യം ചെയ്തു ആഡംബരകപ്പലിലെ ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായ നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്,​ മുൻമുൻ ധമേച എന്നിവരെ ഇന്നലെയും എൻ.സി.ബി സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഒക്ടോബർ ഏഴ് വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. ഇതിനകം പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് എൻ.സി.ബി സംഘത്തിന്റെ ശ്രമം. ആര്യൻ ഖാനിൽനിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്ന് എൻ.സി.ബി ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ലഹരിമരുന്ന് ഇടപാട് സംബന്ധിച്ച ചാറ്റുകൾ ആര്യന്റെ ഫോണിൽനിന്ന് കണ്ടെടുത്തതായും കോടതിയെ അറിയിച്ചിരുന്നു. അതിനിടെ, കേസിൽ രണ്ടുപേരെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. കപ്പലിൽനിന്ന് ലഹരിമരുന്നുമായി പിടിയിലായ ഒരാളുടെയും മുംബയിലെ ലഹരിമരുന്ന് വിതരണക്കാരന്റെയും അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. മുംബയിലെ ജോഗേശ്വരി മേഖലയിൽനിന്നാണ് ലഹരിമരുന്ന് വിതരണക്കാരനെ പിടികൂടിയത്.

കപ്പലിൽ ബഹളമുണ്ടാക്കിയെന്ന്

ലഹരിമരുന്ന് ഉപയോഗിച്ചവർ യാത്രയ്ക്കിടെ കോർഡെലിയ കപ്പലിൽ പ്രശ്നങ്ങളുണ്ടാക്കിയതായും റിപ്പോർട്ടുകളുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ച് ഉന്മാദാവസ്ഥയിലായ ഇവർ കപ്പലിനുള്ളിൽ ബഹളമുണ്ടാക്കുകയും അടിപിടിയുണ്ടാക്കിയെന്നുമാണ് വിവരം. കപ്പലിലെ ജനൽച്ചില്ലുകൾ തകർത്തു. കഴിഞ്ഞദിവസം മുംബയിൽ തിരിച്ചെത്തിയ കപ്പലിൽ എൻ.സി.ബി ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തിയിരുന്നു. കപ്പലിൽ യാത്ര ചെയ്തവരുടെ വിവരങ്ങൾ ശേഖരിച്ചു. കോർഡെലിയ ക്രൂയിസിൽ പാർട്ടി സംഘടിപ്പിച്ചവരും എൻ.സി.ബിയുടെ നിരീക്ഷണവലയത്തിലാണ്. ഫാഷൻ ടി.വി ഇന്ത്യ ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് കപ്പലിൽ സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്. ഡി.ജെ, പൂൾ പാർട്ടി തുടങ്ങിയവയായിരുന്നു സംഘാടകർ വാഗ്ദാനം ചെയ്തിരുന്നത്. ഈ പാർട്ടിയിൽ പങ്കെടുക്കാനെത്തിയവരിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NCBS SAMEER WANKHEDE ON SHAH RUKH KHANS SON ARYAN KHANS DRUG CASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.