മംഗളൂരു: ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷമെടുത്ത് പല്ല് തേച്ച പതിനേഴുകാരിക്ക് ദാരുണാന്ത്യം. സുള്ള്യയിലെ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യക്കാണ് ജീവൻ നഷ്ടമായത്. ഫെബ്രുവരി 14 ന് ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് പല്ല് തേക്കാനായി ടൂത്ത് പേസ്റ്റിന് പകരം ബ്രഷിൽ അബദ്ധത്തിൽ എലിവിഷം പുരട്ടി. വായിൽ വച്ച ഉടൻ തന്നെ അബദ്ധം മനസിലാക്കി വെള്ളം ഉപയോഗിച്ച് വായ കഴുകി. പെട്ടെന്നുണ്ടായ ചെറിയ ശാരീരികാസ്വസ്ഥതകൾ പിറ്റേന്ന് മാറിയെങ്കിലും, ഫെബ്രുവരി 17ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുളിമുറിയിലെ ജനാലയ്ക്കരികിലാണ് പേസ്റ്റും ബ്രഷുമെല്ലാം സൂക്ഷിച്ചിരുന്നത്.അതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയിൽ ഇരുട്ടായതിനാലാണ് അബദ്ധം സംഭവിച്ചതെന്ന് ബന്ധുക്കൾ അറിയിച്ചു. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ. ഹിജാബ് വിവാദത്തെ തുടർന്ന് കോളേജിന് അവധിയായതിനാലാണ് വീട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |