ചെന്നൈ: യു.എസ് - ഇന്ത്യ ബന്ധത്തിന്റെ 75ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന വീഡിയോ പുറത്തിറക്കി. ഐതിഹാസിക നേട്ടങ്ങൾ കൈവരിച്ച, പ്രഗത്ഭരായ ചില ഇന്ത്യൻ അമേരിക്കക്കാരും അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരും ഈ വീഡിയോയുടെ ഭാഗമായി. ആഗോളതലത്തിൽ പ്രശസ്തരായ ഇവരുടെ ശ്രദ്ധേയമായ സംഭാവനകൾ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കഴിഞ്ഞ 75 വർഷങ്ങളിലെ യാത്രയുടെ നാൾവഴികൾ പ്രതിഫലിപ്പിക്കുന്നു. ഒന്നിച്ചു പഠിച്ച്, ഒന്നിച്ചു ജോലി ചെയ്ത്, ഒന്നിച്ചു ജീവിച്ച്, ഒന്നിച്ചു അറിവ് നേടിയെടുത്ത അമേരിക്കക്കാരും ഇന്ത്യക്കാരും തമ്മിൽ വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞു വന്ന എണ്ണമറ്റ വ്യക്തിഗത സൗഹൃദങ്ങളാണ് യു.എസ്.ഇന്ത്യ പങ്കാളിത്തത്തിന്റെ കാതലെന്ന് യു.എസ്. എംബസി ഷാർജെ ഡെഫയർ പട്രീഷ്യ ലസീന അഭിപ്രായപ്പെട്ടു. മുൻ ടെന്നീസ് താരം അശോക് അമൃതരാജ്, വെൽനസ് വിദഗ്ദ്ധൻ ഡോ. ദീപക് ചോപ്ര, ആദ്യ ഇന്ത്യൻ മിസ് അമേരിക്ക വിജയി നിന ദാവുലുരി, സി.എൻ.എൻ. ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്ത, തബല മാന്ത്രികനായ സാക്കിർ ഹുസൈൻ, നടിയും നിർമാതാവും ജീവകാരുണ്യപ്രവർത്തകയുമായ പ്രിയങ്ക ചോപ്ര ജോനസ്, പെപ്സികോ മുൻ ചെയർപേഴ്സൺ ഇന്ദ്ര നൂയി തുടങ്ങിയവർ വീഡിയോയുടെ ഭാഗമായി. നിലവിൽ അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാർ ഏകദേശം നാല് ദശലക്ഷത്തോളം ഉണ്ടെന്നാണ് കണക്ക്. ഈ വർഷം ഇന്ത്യയിലെ യു.എസ്. മിഷൻ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലൂടെ യു.എസ്.ഇന്ത്യ ബന്ധത്തിന്റെ 75ാം വാർഷികാഘോഷം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |