SignIn
Kerala Kaumudi Online
Thursday, 25 April 2024 10.00 AM IST

മദ്യനയ കുംഭകോണം: സിസോദിയയെ കുരുക്കാൻ സി.ബി.ഐ, രാജ്യം വിടുന്നതിന് വിലക്ക്

manish-sisodia

ന്യൂഡൽഹി: മദ്യവില്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡൽഹി സർക്കാർ നടപടിയിൽ അഴിമതിയുണ്ടെന്നാരോപിച്ച് സി.ബി.ഐ എടുത്ത കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് വിവരം. ഇദ്ദേഹം രാജ്യം വിടുന്നത് വിലക്കിയ സി.ബി.ഐ എഫ് ഐ.ആറിലെ 15 പ്രതികൾക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി.

ഇതിനിടെ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനായി എഫ്.ഐ.ആർ പകർപ്പ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കാൻ ഏഴ് സംസ്ഥാനങ്ങളിലായി 31 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. മനീഷ് സിസോദിയയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും മറ്റ് രേഖകളും പിടിച്ചെടുത്തിരുന്നു. തുടർന്ന് സിസോദിയയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മുംബൈയിലെ ഓൺലി മച്ച് ലൗഡർ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സി.ഇ.ഒ വിജയ് നായർ, തെലങ്കാനയിലെ അരുൺ രാമചന്ദ്രപിള്ള എന്നീ മലയാളികളും പ്രതികളാണ്.

മദ്യനയം രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും വിജയ് നായർ, മനോജ് റായ്, അവൻദീപ് ധാൽ, സമീർ മഹേന്ദ്രു എന്നിവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സിസോദിയയുടെ അടുത്ത സുഹൃത്തിന്റെ കമ്പനിക്ക് ഒരു മദ്യവ്യാപാരി ഒരു കോടി രൂപ നൽകി. സിസോദിയയുടെ അടുപ്പക്കാർ 5 കോടി വരെ കൈക്കൂലി വാങ്ങിയതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.. എക്സൈസ് കമ്മിഷണർ ആനന്ദ് കുമാർ തിവാരി അടക്കം ഉദ്യോഗസ്ഥരും ചില കച്ചവടക്കാരും കേസിൽ പ്രതികളാണ്. ഇവരെ സി.ബി.ഐ ആസ്ഥാനത്തേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

മദ്യവില്പനയിൽ നിന്ന് സർക്കാർ പിൻവാങ്ങുകയും പൂർണമായും സ്വകാര്യ മേഖലയ്ക്ക് നൽകുകയും ചെയ്ത മദ്യനയത്തെക്കുറിച്ച് ആരോപണമുയർന്നപ്പോൾ ചീഫ് സെക്രട്ടറി അന്വേഷിച്ച് ലഫ്റ്റനന്റ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ലഫ്റ്റനന്റ് ഗവർണർ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

ഡൽഹിയെ 32 മേഖലകളായി തിരിച്ച് 850 ഓളം സ്വകാര്യ കമ്പനികൾക്ക് 864 മദ്യശാലകളാണ് അനുവദിച്ചത്. മദ്യശാലകൾ പുലർച്ചെ 3 മണി വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതിയും നൽകി. ലൈസൻസ് ഫീസിൽ നൽകിയ ഇളവുകൾ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നിഷേധിച്ച് സി.ബി.ഐ

അതേസമയം സിസോദിയയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ലെന്ന് സി.ബി.ഐ കേന്ദ്രങ്ങൾ പറഞ്ഞു. എഫ്.ഐ.ആറിൽ പേരുള്ള 8 സ്വകാര്യവ്യക്തികൾക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പൊതുപ്രവർത്തകർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാരിനെ അറിയിക്കാതെ രാജ്യം വിടാൻ കഴിയില്ലെന്നിരിക്കെ ഇവരുടെ കാര്യത്തിൽ ലുക്ക്ഔട്ട് സർക്കുലർ വേണമെന്ന് കരുതുന്നില്ല.

എന്തൊരു നാടകമാണ് :സിസോദിയ

'ഇതെന്ത് നാടകമാണ് മോദിജി, ഞാൻ ഡൽഹിയിലുണ്ട്. നിങ്ങൾക്ക് എന്നെ കണ്ടെത്താനായില്ലെ? നിങ്ങളുടെ റെയ്ഡുകൾ മുഴുവൻ പരാജയപ്പെട്ടു. ഒന്നും കണ്ടെത്താനായില്ല. എന്നെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നു. ഞാൻ ഡൽഹിയിൽ സ്വതന്ത്രനായി സഞ്ചരിക്കുന്നു. ദയവായി ഞാൻ എവിടെയാണ് വരേണ്ടതെന്ന് പറയൂ. 2024 ൽ ജനം നരേന്ദ്ര മോദിക്ക് ലുക്ക്ഔട്ട് നോട്ടീസ് നൽകും. '- സിസോദിയ ട്വീറ്റ് ചെയ്തു.

ലുക്ക്ഔട്ട് നോട്ടീസിന്റെ അർത്ഥം മനസ്സിലാകാത്തത്ര നിരക്ഷരനും മണ്ടനുമാണോ ഡൽഹിയുടെ വിദ്യാഭ്യാസ മന്ത്രിയെന്ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANISH SISODIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.