SignIn
Kerala Kaumudi Online
Friday, 19 April 2024 11.23 AM IST

മോദി മനുഷ്യത്വമുള്ള നേതാവ്, രാഹുലിന് എതിരാളിയെ മാനിക്കാനറിയില്ല: ഗുലാം നബി

gulam

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മനുഷ്യത്വമുള്ള നേതാവാണെന്നും രാജ്യസഭയിലെ യാത്രഅയപ്പ് ചടങ്ങിനിടെ വിതുമ്പിയത് താനുൾപ്പെട്ട സംഭവമോർത്താണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ 'കാവൽക്കാരൻ കള്ളൻ" (ചൗക്കിദാർ ചോർ) എന്ന മുദ്രാവാക്യത്തിന് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

കാശ്‌മീരിൽ ഗ്രനേഡ് പൊട്ടി ഗുജറാത്ത് സ്വദേശികൾ കൊല്ലപ്പെട്ട സംഭവം പരാമർശിച്ചപ്പോഴാണ് ഫെബ്രുവരി 9ന് രാജ്യസഭയിലെ യാത്രഅയപ്പ് പ്രസംഗത്തിനിടെ മോദി വിതുമ്പിയത്. അന്ന് ജമ്മു-കാശ്‌മീർ മുഖ്യമന്ത്രിയായിരുന്ന തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി വിളിച്ചപ്പോൾ സംഭവത്തിന്റെ ഞെട്ടലിൽ സംസാരിക്കാൻ കഴിഞ്ഞില്ല. കരയുകയാണെന്ന് മോദിക്ക് മനസിലായി. പിന്നീട് അദ്ദേഹം വിളിച്ചപ്പോഴും അവസ്ഥ മോശമായിരുന്നു. ഈ സംഭവമാണ് രാജ്യസഭയിലെ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചത്. അതോർത്തപ്പോൾ മോദിയുടെ കണ്ണു നിറഞ്ഞു. മോദി പരുക്കനാണെന്നാണ് കരുതിയത്. എന്നാൽ മനുഷ്യത്വമുള്ള നേതാവാണെന്ന് മനസിലായി. തനിക്ക് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 'കാവൽക്കാരൻ കള്ളൻ' എന്ന മുദ്രാവാക്യത്തിന് മുതിർന്ന നേതാക്കൾ പിന്തുണ നൽകിയില്ലെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. തന്റെ മുദ്രാവാക്യം ഉയർത്തിപ്പിടിച്ചവർ കൈകൾ ഉയർത്താൻ തന്നോടും മുതിർന്ന നേതാക്കളായ മൻമോഹൻ സിംഗ്, എ.കെ. ആന്റണി, പി. ചിദംബരം തുടങ്ങിയ നേതാക്കളോടും രാഹുൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദം അലങ്കരിച്ചവരും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചവരുമായ നേതാക്കളോട് ഇതു ചോദിക്കാമോ?

എതിരാളികളെയും ബഹുമാനിക്കണമെന്നാണ് ഇന്ദിരാഗാന്ധി തങ്ങളെ പഠിപ്പിച്ചത്. മോദിയെ ഇടത്തു വലതും നേരിലും ആക്രമിക്കാം. വ്യക്തിപരമായ ആക്രമണം ശരിയല്ല. മുതിർന്ന കാബിനറ്റ് മന്ത്രിമാർ ഉപയോഗിക്കേണ്ട ഭാഷ ആയിരുന്നില്ല അത്. രാഹുൽ ഗാന്ധി ഒാർഡിനൻസ് കീറിയത് മൻമോഹൻ സിംഗ് സർക്കാരിനെ പ്രതിസന്ധിയിലാക്കി. ഓർഡിനൻസുകൾ ഇറക്കുന്നത് എങ്ങനെയെന്ന് രാഹുൽജിക്ക് അറിയാമോ എന്ന് സംശയമുണ്ട്.

രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഗാർഡുകളും പി.എമാരുമാണ് പ്രധാന തീരുമാനങ്ങൾ എടുക്കുന്നതെന്ന് പറഞ്ഞത് വെറുതെയല്ല. പാർട്ടിയിൽ എല്ലാവർക്കും അറിയാം ആരൊക്കെ വഴിയാണ് രാഹുൽ ഗാന്ധിയിലേക്ക് എത്തേണ്ടതെന്ന്. നേതാക്കൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ഏകോപനം നടത്താനും നേതൃത്വത്തിന് സമയമില്ല. നേതൃത്വം മുതിർന്നവരോട് ഒന്നും ആലോചിക്കാറില്ല.

രാഹുൽ നല്ല മനുഷ്യനാണെങ്കിലും രാഷ്‌ട്രീയ അഭിരുചിയില്ല. വയനാട്ടിൽ മത്സരിച്ചത് ഒളിച്ചോട്ടവും ആത്‌മവിശ്വാസമില്ലായ്‌മയുമായിരുന്നു. യു.പിയിൽ പാർട്ടി ജയിക്കുമെന്ന് ഉറപ്പാക്കാൻ സിറ്റിംഗ് എം.പിയായ രാഹുലിന് കഴിഞ്ഞില്ല.

തന്റെ രാജി വളരെ നേരത്തെ എടുത്ത തീരുമാനമാണ്. പാർട്ടി താഴോട്ട് പതിക്കുമ്പോൾ മറ്റു വഴിയില്ല. പാർട്ടി പെട്ടെന്ന് മാറുമെന്നും കരുതുന്നില്ല. താൻ ബി.ജെ.പിയിൽ പോകുമെന്ന് പറയുന്നവർ കാശ്‌മീർ രാഷ്‌ട്രീയം അറിയാത്തവരാണ്. അവിടെ ഗുലാം നബി ആസാദ് വഴി മോദിക്ക് വോട്ടു ലഭിക്കില്ല.

''സോണിയ ഗാന്ധി പൂർണ്ണമായി രാഹുലിനെ ആശ്രയിക്കുന്നു. എന്താണ് രാഹുൽ ചെയ്യുന്നതെന്ന് സോണിയഗാന്ധിക്ക് വ്യക്തമായി അറിയാമായിരുന്നു. പുത്രസ്നേഹം കൊണ്ട് തിരുത്തിയില്ല. എല്ലാ അമ്മമാരും അങ്ങനെയാണ്, എന്റെ അമ്മയ്ക്കും നിങ്ങളുടെ അമ്മയ്ക്കും ആ ദൗർബ്ബല്യമുണ്ടാകും.""- ഗുലാം നബി പറഞ്ഞു.

ജയ്‌റാം രമേശിന് പല ഡി.എൻ.എ

തന്റെ ഡി.എൻ.എ 'മോഡി"വത്‌ക്കരിക്കപ്പെട്ടെന്ന് ആരോപണമുന്നയിച്ച ജയ്റാം രമേശിന് സ്വന്തമായി എന്തുണ്ട്. അദ്ദേഹത്തിന്റെ ഡി.എൻ.എ പലതാണ്. എവിടെ നിന്നാണ് വന്നതെന്ന് ആർക്കുമറിയില്ല. ഒരു മന്ത്രിയുടെ സഹായിയായിരുന്നു. അതാരാണെന്ന് പറയുന്നില്ല.

കെ.സി. വേണുഗോപാലിനെ സംഘടനാ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.നേതൃത്വത്തി​ലെ പ്രശ്‌നങ്ങൾ ചൂണ്ടി​ക്കാട്ടി​ 23 നേതാക്കൾ കത്തെഴുതി​യപ്പോൾ കെ.സി​. വേണുഗോപാലി​നോട് ചർച്ച ചെയ്യാനാണ് അദ്ധ്യക്ഷ സോണി​യ ആവശ്യപ്പെട്ടത്. താൻ ജനറൽ സെക്രട്ടറി​യായി​രുന്നപ്പോൾ വേണുഗോപാൽ സ്‌കൂൾ കുട്ടി​യായി​രുന്നുവെന്ന് സോണി​യയോട് പറഞ്ഞു. രൺ​ദീപ് സുർജെവാലെയോട് സംസാരി​ച്ചാൽ മതി​യെന്ന് രാഹുൽ നി​ർദ്ദേശി​ച്ചു. താൻ ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ രൺദീപിന്റെ അച്ഛൻ പി.സി.സിയുടെ ഭാഗമായിരുന്നു. തന്റെ കീഴിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ മകനുമായി ആ വി​ഷയം എങ്ങനെ ചർച്ച ചെയ്യുമെന്ന് രാഹുലി​നോട് ചോദി​ച്ചതായും ഗുലാം നബി​ വെളി​പ്പെടുത്തി​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.