SignIn
Kerala Kaumudi Online
Thursday, 25 April 2024 9.18 AM IST

പാക് ഭീകരന്റെ ഓഡിയോ ക്ലിപ്പ് യു.എൻ സമ്മേളനത്തിൽ വെളിപ്പെടുത്തി ഇന്ത്യ

sajir

ന്യൂഡൽഹി: മുംബയ് ഭീകരാക്രമണം ആസൂത്രണം ചെയ്‌തത് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനകളാണെന്ന വസ്‌തുത ലോകത്തിന് മുന്നിൽ വീണ്ടും ആവർത്തിച്ച് ഇന്ത്യ. 2008 നവംബർ 26ന് മുംബയിലെ ചബാദ് ഹൗസിന് നേരെയുണ്ടായ ആക്രമണത്തിന് ലഷ്‌കറെ-ഇ-ത്വയ്ബ ഭീകരൻ സാജിദ് മിർ നിർദ്ദേശം നൽകുന്ന ഓഡിയോ ക്ലിപ്പ് യു.എൻ ഭീകരവിരുദ്ധ സമ്മേളനത്തിൽ ഇന്ത്യ വെളിപ്പെടുത്തി.

15 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും സാന്നിദ്ധ്യത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ പങ്കജ് താക്കൂർ ആണ് ഓഡിയോ ക്ലിപ്പ് അവതരിപ്പിച്ചത്. സാജിദ് മിർ പാക് അധീന കാശ്മീരിലെ മുസാഫറാബാദിൽ നിന്ന് ചാബാദ് ഹൗസിലുണ്ടായിരുന്ന ഭീകരർക്ക് നിർദ്ദേശങ്ങൾ നൽകുന്നതാണിതെന്ന് പങ്കജ് വിശദീകരിച്ചു.

ലഷ്‌കറെ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദിനൊപ്പം മുംബയ് ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനായ സാജിദിന്റെ ഓഡിയോ ക്ലിപ്പ് പാകിസ്ഥാന്റെ പങ്കു സംബന്ധിച്ച ഇന്ത്യയുടെ ആരോപണങ്ങൾ ശരിവയ്‌ക്കുന്നതാണ്. ഹാഫിസ് സയീദ്, പാക് ചാര സംഘടന ഐ.എസ്.ഐയുടെ മേജർ ഇഖ്ബാൽ എന്നിവരുടെ പങ്കിനെക്കുറിച്ചും പങ്കജ് താക്കൂർ പരാമർശിച്ചു.

ആരാണ് സാജിദ് മിർ

166 പേരുടെ മരണത്തിനിടയാക്കിയ മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സാജിദ് മജീദ് മിർ. പാക് ആസ്ഥാനമായുള്ള ലഷ്‌കറെ ഇ ത്വയ്‌ബയിലെ മുതിർന്ന അംഗം. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവ്വഹണത്തിലും സാജിദ് പ്രധാന പങ്ക് വഹിച്ചെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. മിറിന്റെ തലയ്ക്ക് 50 ലക്ഷം ഡോളർ പാരിതോഷികം യു.എസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ മോസ്​റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാൾ വ്യാജ പേരും വ്യാജ പാസ്‌പോർട്ടും ഉപയോഗിച്ച് 2005ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. മുംബയ് ഭീകരാക്രമണത്തിന്റെ 'പ്രോജക്ട് മാനേജർ" എന്നാണ് ഇയാൾ അറിയപ്പെട്ടത്. തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി കഴിഞ്ഞ ജൂണിൽ സാജിദ് മിറിനെ 15 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാലിത്,​ ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ട പാകിസ്ഥാനെ അന്താരാഷ്ട്ര സംഘടനയായ എഫ്.എ.ടി.എഫ് (ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. മിർ മരിച്ചെന്ന് മുമ്പ് പാകിസ്ഥാനിൽ വാർത്ത പ്രചരിച്ചിരുന്നു.

കുറ്റവാളികൾ സംരക്ഷിക്കപ്പെടുന്നു

മുംബയ് ഭീകരാക്രമണത്തിന്റെ 14-ാം വാർഷികം ആചരിക്കാനിരിക്കെ പ്രധാന കുറ്റവാളികൾ ഇപ്പോഴും സംരക്ഷിക്കപ്പെടുകയാണെന്ന് സമ്മേളനത്തിൽ സംസാരിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. മുംബയ് ഭീകരാക്രമണം അന്താരാഷ്ട്ര സമൂഹത്തിന് നേരെയുള്ള ആക്രമണമാണ്.

ഭീകരത മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയാണ്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് നമ്മുടെ ബാദ്ധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകര പ്രവർത്തനങ്ങൾക്കുള്ള ധനസഹായം ഇല്ലാതാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തടയിട്ട് ചൈന

സെപ്തംബറിൽ സാജിദ് മിറിനെ കരിമ്പട്ടികയിൽപ്പെടുത്താൻ ഇന്ത്യയും യു.എസും ഐക്യരാഷ്ട്ര സംഘടനാ ​സുരക്ഷാ കൗൺസിലിൽ നടത്തിയ ശ്രമം ചൈന തടഞ്ഞിരുന്നു. മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് സ്വത്തുക്കൾ മരവിപ്പിക്കാനും യാത്രാ വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമായി യു.എസ് മുന്നോട്ടു വച്ച നിർദ്ദേശത്തെ ഇന്ത്യ പിന്തുണയ്ക്കുകയായിരുന്നു. എന്നാൽ, ചൈന ഈ നിർദ്ദേശം തടഞ്ഞുവച്ചു. പാക് ഭീകരർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ യു.എന്നിൽ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾക്കെല്ലാം ചൈന തടയിടുന്നത് പതിവാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.