ഫേസ്ബുക്ക് ലൈവ് ചിത്രീകരിച്ച ശേഷം യുവാവ് ജീവനൊടുക്കി. ഡൽഹി നിഹാൽ വിഹാർ സ്വദേശി വികാസ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയിൽ നിന്നുള്ള കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് ഫേസ്ബുക്ക് ലൈവിലൂടെ വികാസ് ആരോപിച്ചു. ഷാക്കിബ് എന്ന വ്യക്തിയുമായി തന്റെ ഭാര്യ അവിഹിതബന്ധത്തിലാണെന്നും യുവാവ് അവകാശപ്പെട്ടു. സാമ്പത്തിക ബാദ്ധ്യതകൾ കാരണം കുടുംബം തകർന്നിരിക്കുകയാണെന്നും വികാസ് പറയുന്നു.
തനിക്കെതിരെ വ്യാജ സൈബർ കേസുകൾ ഭാര്യ നൽകിയെന്നും വികാസ് ആരോപിച്ചു. ഭാര്യ വീട് വിട്ട് പോയശേഷം ഇപ്പോൾ അമ്മയോടൊപ്പം താമസിക്കുന്നുവെന്നും മകനെയും ഒപ്പം കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കടക്കെണിയിലായ വികാസ്, തന്റെ നാല് വയസ്സുള്ള മകനെ വിട്ട് നൽകണമെന്ന് വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
'എന്റെ പേര് വികാസ്.ഭാര്യയുടെ പേര് പൂജ. ഞങ്ങൾക്ക് നാല് വയസുള്ള ഒരു മകനുമുണ്ട്. പൂജയും ഞാനും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം അവൾ എന്നെ ഉപേക്ഷിച്ച് അകന്നു കഴിയുകയാണ്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായി. ഞാനായിട്ട് തന്നെ എന്റെ ജീവിതം നശിപ്പിച്ചു. ആദ്യമൊക്കെ ജിവിതം നന്നായി പോകുകയായിരുന്നു. പെട്ടെന്നാണ് കാര്യങ്ങൾ മാറി മറിഞ്ഞ് എല്ലാം തകരാൻ തുടങ്ങിയത്," വീഡിയോയിലൂടെ വികാസ് പറഞ്ഞു.
ഭാര്യയും കുടുംബവും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 2024 ഡിസംബർ 9ന് ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത അതുൽ സുഭാഷ് എന്ന ടെക്കിയുടെ ആത്മഹത്യക്ക് സമാനമാണ് വികാസിന്റെയും മരണം. സംഭവത്തിന് പിന്നാലെ വികാസിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |