ലണ്ടൻ:ഓസ്ട്രേലിയയ്ക്ക് എതിരെ അടുത്ത മാസം തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജയിച്ചാൽ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി 13.21 കോടി ലഭിക്കും. ഇന്നലെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.
വിജയികളും റണ്ണേഴ്സ് അപ്പും ഉൾപ്പടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഒമ്പത് ടീമുകൾക്കും ഐ.സി.സി പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം 32 കോടി രൂപയാണ് ഒമ്പത് ടീമുകൾക്കുമായി പങ്കിട്ട് നൽകുക. റണ്ണേഴ്സ് അപ്പിന് 6.61 കോടി രൂപയാണ് സമ്മാനത്തുക. 2019-21ലെ ചാമ്പ്യൻഷിപ്പിലും ഇതേ നിരക്കിലാണ് സമ്മാനം നൽകിയത്. പോയിന്റ് പട്ടികയിൽ മൂന്നാമതെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 3.71 കോടി രൂപ ലഭിക്കും. നാലാമതുള്ള ഇംഗ്ലണ്ടിന് 2.89 കോടി രൂപയാണ് കിട്ടുക. അഞ്ചാമതുള്ള ശ്രീലങ്കയ്ക്ക് 1.65 കോടി ലഭിക്കും. ന്യൂസിലാൻഡ്, പാകിസ്ഥാൻ, വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്ക് 82 ലക്ഷം രൂപ വീതം ലഭിക്കും.
ജൂൺ ഏഴുമുതൽ ലണ്ടനിലെ കെന്നിംഗ്ടൺ ഓവലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഇത്തവണത്തെ ഫൈനൽ നടക്കുന്നത്. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. കഴിഞ്ഞ വർഷം ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |