ലണ്ടൻ: യൂറോപ്പ ലീഗ് ഫുട്ബാളിൽ പ്രമുഖരെല്ലാം പതറാതെ സെമിയിൽ കടന്നു. ഇംഗ്ലീഷ് ക്ലബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സനൽ, ഇറ്റാലിയൻ വമ്പൻമാരായ എ.എസ്. റോമ, സ്പാനിഷ് പ്രതിനിധികളായി വിയ്യാ റയൽ എന്നിവരാണ് അവസാന നാലിൽ ഇടം ഉറപ്പിച്ചത്.
സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പാനിഷ് ടീം ഗ്രനാഡയെ കീഴടക്കിയാണ് യുണൈറ്റഡ് സെമി ടിക്കറ്റെടുത്തത്. ഇരുപാദങ്ങളിലായും 4-0ത്തിന്റെ തകർപ്പൻ ജയമാണ് യുണൈറ്റഡ് നേടിയത്. മറ്റൊരു രണ്ടാം പാദത്തിൽ ആഴ്സനൽ സ്ലാവിയ പ്രാഹയെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് തലയെടുപ്പോടെ തന്നെ അടുത്ത ഘട്ടത്തിലേക്ക് കടന്നു.
ആദ്യ പാദത്തിൽ ഇരു ടീമും 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഇരുപാദങ്ങളിലുമായി 4-1നാണ് ഗണ്ണേഴ്സിന്റെ ജയം.
എ.എസ് റോമ രണ്ടാം പാദത്തിൽ അയാക്സിനോട് 1-1ന്റെ സമനിലയിൽ പിരിഞ്ഞെങ്കിലും എവേ മത്സരത്തിൽ നേടിയ 2-1ന്റെ വിജയം അവർക്ക് തുണയാവുകയായിരുന്നു.
ഡെനാനമോ സാഗ്രബിനെ സ്വന്തം മൈതാനത്ത് 2-1ന് വീഴ്ത്തിയാണ് വിയ്യാറയൽ സെമി ഉറപ്പിച്ചത്. ആദ്യ പാദത്തിൽ 1-0ത്തിന് വിയ്യാറയൽ വിജയിച്ചിരുന്നു.
സെമി ഷെഡ്യൂൾ
മാൻ.യുണൈറ്റഡ് - റോമ
(ഏപ്രിൽ 30, മേയ് 7)
വിയ്യാറയൽ - ആഴ്സനൽ
(ഏപ്രിൽ 30, മേയ് 7)
എല്ലാ മത്സരവും ഇന്ത്യൻ സമയം രാത്രി 12.30 മുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |