SignIn
Kerala Kaumudi Online
Thursday, 25 April 2024 10.56 AM IST

ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച പാപ്പച്ചൻ പടിയിറങ്ങുന്നു

pappachan-

തൃശൂർ : പന്തടക്കവും ഡ്രിബ്ലിംഗും കൊണ്ട് ഫുട്ബാൾ മൈതാനങ്ങളെ ത്രസിപ്പിച്ച സി.വി പാപ്പച്ചൻ, 31ന് പൊലീസിൽ നിന്നും വിരമിക്കും. കേരള പൊലീസ് അക്കാഡമിയിൽ നിന്നും 36 വർഷത്തെ സേവനത്തിന് ശേഷം കമാൻഡർ തസ്തികയിലാണ് വിരമിക്കുന്നത്. മുൻ അന്താരാഷ്ട്ര താരവും പതിറ്റാണ്ടുകളോളം കേരളത്തിന്റെ കുന്തമുനയുമായിരുന്നു പാപ്പച്ചൻ. കേരള പൊലീസ് ഫുട്ബാൾ ടീമിന്റെ സുവർണ തലമുറയിലെ മിന്നുന്ന കണ്ണിയാണ് ഈ തൃശൂർകാരൻ.

എ.എസ്.ഐയായി കേരള പൊലീസിൽ ചേർന്ന പാപ്പച്ചനെ തേടി രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിൽ നിന്ന് വരെ വമ്പൻ ഓഫറുകളെത്തിയെങ്കിലും അദ്ദേഹം പൊലീസിൽ തന്നെ ഉറച്ചു നിന്നു.

ഇതിനിടെ ഒരു വർഷം മാത്രം അവധിയെടുത്ത് എഫ്.സി കൊച്ചിന്റെ ജഴ്‌സി അണിഞ്ഞു. 1990 ൽ ഇന്ത്യൻ ഫുട്ബാളിലെ കരുത്തരായ സാൽഗോക്കറിനെ അട്ടിമറിച്ച് കേരള പൊലീസ് ആദ്യമായി ഫെഡറേഷനിൽ മുത്തമിട്ടപ്പോൾ എണ്ണം പറഞ്ഞ ഗോളുകൾ പാപ്പച്ചന്റേതായിരുന്നു. ജന്മനാടായ പറപ്പൂരിലെ പള്ളിക്ക് മുന്നിലെ എൽ. പി സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് പന്ത് തട്ടി തുടങ്ങിയ പാപ്പച്ചൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കായി ജഴ്‌സി അണിഞ്ഞാണ് രംഗത്തെത്തുന്നത്. യൂണിവേഴ്സിറ്റി തലത്തിലും നാഗ്ജി ഫുട്ബാളിൽ പ്രീമയർ ക്ലബിനായുമുള്ള പാപ്പച്ചന്റെ കളികണ്ട് അദ്ദേഹത്തിന്റെ വീട്ടിൽച്ചെന്ന് കഴിഞ്ഞ ദിവസം അന്തരിച്ച ഡിവൈ എസ്.പിയായി വിരമിച്ച അബ്ദുൾ കരീമാണ് പൊലീസിൽ ചേർക്കാൻ വിളിച്ചു കൊണ്ട് പോയത്.

സന്തോഷ് ട്രോഫിയിൽ നിരവധി തവണ കളിച്ചിട്ടുള്ള അദ്ദേഹം അംഗമായ ടീം രണ്ട് തവണ ജേതാക്കളായി. വി.പി സത്യൻ, ഐ.എം വിജയൻ, യു. ഷറഫലി, തോബിയസ്, കെ. ടി ചാക്കോ തുടങ്ങി കേരളത്തിന്റെ സുവർണ ഫുട്ബാൾ തലമുറയ്ക്കൊപ്പം പാപ്പച്ചനും മിന്നിത്തിളങ്ങി. രാജ്യത്തിനായി നിരവധി തവണ കുപ്പായമണിഞ്ഞ അദ്ദേഹം ക്യാപ്ടനായും കളത്തിലിറങ്ങിയിട്ടുണ്ട്.

നെഹ്‌റു ട്രോഫി ഫുട്ബാളിൽ ഹംഗറിക്കെതിരെ നേടിയ ഗോൾ പാപ്പച്ചന്റെ മിന്നും ഗോളുകളിൽ ഒന്നായിരുന്നു. ബംഗ്ലാദേശ് ക്ലബ്ബുകൾക്കെതിരെയും രാജ്യത്തിനായി ഗോൾ നേടി. കേരള പൊലീസിൽ നിരവധി തസ്തികകളിൽ ചുമതല നിർവഹിച്ച പാപ്പച്ചന് രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചു. ഫുട്ബാളിന് ഒപ്പം മേള പ്രേമിയായ പാപ്പച്ചൻ പാണ്ടിയും പഞ്ചാരിയും പഠിച്ചിട്ടുണ്ട്. സാക്‌സോഫോണിലും തന്റെ പ്രതിഭ തെളിയിച്ചു. വിരമിച്ച ശേഷം, ഫുട്ബാൾ പരിശീലനവും മറ്റുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് പാപ്പച്ചൻ പറഞ്ഞു. ബീനയാണ് ഭാര്യ. മകൾ പിങ്കി ഭർത്താവ് ഫ്രാൻസിസിന് ഒപ്പം അമേരിക്കയിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CV PAPPACHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.