SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.00 PM IST

കരാറു മുഴുവൻ തകരാറാണല്ലോ സാറേ...

kerala-football

കേരള ഫുട്ബാളിനെ കാർന്നുതിന്നുന്നവർ - പരമ്പര അവസാന ഭാഗം

ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും മറ്റ് സംസ്ഥാന ഫുട്ബാൾ അസോസിയേഷനുകളും ടൂർണമെന്റുകളുടെയും ലീഗുകളുടെയും നടത്തിപ്പിന് സ്വകാര്യ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ സഹായം തേടുന്നുണ്ട്. അതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വകാര്യ കമ്പനിയെ കൊണ്ടുവരാനുള്ള നീക്കം തുടങ്ങിയത്. പക്ഷേ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കളി നടത്തിപ്പിന് പകരം അസോസിയേഷനെത്തന്നെ അടിയറവ് വയ്ക്കാനുള്ള കരാർ വ്യവസ്ഥകളെക്കുറിച്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നിലുള്ള കാര്യം തേടിച്ചെല്ലുമ്പോഴാണ് ഉള്ളുകളികൾ പലതും വെളിപ്പെടുന്നത്.

കെ.എഫ്.എ ഇപ്പോൾ കരാർ ഉറപ്പിക്കാനിരിക്കുന്ന കമ്പനി കൺസോർഷ്യം രജിസ്റ്റർ ചെയ്തിരിക്കുന്നത് കഴിഞ്ഞ മാർച്ചിലാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി രണ്ട് ദിവസം കഴിഞ്ഞാണ് കെ.എഫ്.എ ബിഡ് ക്ഷണിച്ചത്. ഈ കൺസോർഷ്യത്തിന് തന്നെ ബിഡ് ലഭിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു എന്ന് സാരം.മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടത്തി പരിചയസമ്പത്തുള്ള കമ്പനികൾ കേരളത്തിലും കരാർ ലഭിക്കാൻ നേരത്തേ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് പല തടസങ്ങളും പറഞ്ഞ് അവരെ ഓടിച്ചുവിടാൻ കെ.എഫ്.എയിലെ ചിലർ തന്നെ മുൻകൈ എടുത്തിരുന്നു എന്ന് ആരോപണമുയർന്നിരുന്നു. അങ്ങനെ എതിരാളികളെ ഒഴിവാക്കിയശേഷം കൺസോർഷ്യമുണ്ടാക്കി എല്ലാം കൈപ്പി‌ടിയിലാക്കാനുള്ള ബുദ്ധി ആർക്കും മനസലാകാത്തതൊന്നുമല്ലല്ലോ എന്നാണ് ഇപ്പോഴത്തെ കെ.എഫ്.എ ഭാരവാഹികളിൽ ഒരാൾതന്നെ പറഞ്ഞത്. പുതുതായി സൃഷ്ടിച്ച കമ്പനിയുടെ ഘടനയ്ക്ക് അനുസൃതമായാണ് കരാർ വ്യവസ്ഥകൾ എഴുതിച്ചേർത്തതും. കൺസോർഷ്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ കെ.എഫ്.എയുടെ പെയ്ഡ് സെക്രട്ടറി സ്ഥാപക ഡയറക്ടറായുള്ള കമ്പനിയുടെ ഡയറക്ടർ ബോർഡിൽ പല മാറ്റങ്ങളും വന്നു. ബിനാമികളെ ഡയറക്ടറാക്കിയതും പുറത്തറിഞ്ഞതോടെ ഡയറക്ടർ സ്ഥാനം വിറ്റൊഴിഞ്ഞതായി വരെ അറിയുന്നു.

കരാർ വിവാദമായതോടെ ഇതിൽ ഭേദഗതികൾ വരുത്തി എല്ലാ ജില്ലാ അസോസിയേഷനുകൾക്കും നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന കെ.എഫ്.എ ഓഫീസ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഭേദഗതി ചെയ്യപ്പെട്ട കരാറിന്റെ പകർപ്പ് ജില്ലാ അസോസിയേഷൻ ഭാരവാഹികൾക്ക് ലഭിച്ചു. എന്നാൽ രണ്ട് പേജിൽ ഒതുങ്ങിയിരുന്ന ആദ്യ കരാറിലെ വ്യവസ്ഥകൾ 34 പേജിലായി വിശദീകരിച്ചിരിക്കുകയാണിതിൽ. വ്യവസ്ഥകളിൽ വലിയ വ്യത്യാസമൊന്നുമില്ലതാനും. അടുത്ത ശനിയാഴ്ച ഇതേക്കുറിച്ച് സംസാരിക്കാൻ ജില്ലാ അസോസിയേഷനുകളുടെ ഓൺലൈൻ യോഗം വിളിച്ചിരിക്കുകയാണ് ഇപ്പോൾ.തങ്ങൾക്ക് സ്വാധീനമുള്ള ജില്ലാ അസോസിയേഷനുകളെ ഉപയോഗിച്ച് കരാർ പാസാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

തങ്ങളുടെ വരുതിക്ക് നിൽക്കാത്ത ജില്ലാ അസോസിയേഷനുകളെ തമ്മിലടിയുണ്ടാക്കി തകർത്തുകളയുന്നത് കെ.എഫ്.എയുടെ രീതിയാണ്. തിരുവനന്തപുരം ജില്ലയുടെ കാര്യം തന്നെ ഉദാഹരണം. രണ്ടുവർഷം മുമ്പ് കെ.എഫ്.എ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലാ അസോസിയേഷൻ മത്സരിച്ചിരുന്നു. എന്നാൽ വർഷങ്ങളായി കസേര കയ്യടക്കി വച്ചിരിക്കുന്നവർ പലവഴികളിലൂടെ വിജയം കണ്ടു. തങ്ങൾക്ക് വെല്ലുവിളി ഉയർന്ന തിരുവനന്തപുരം അസോസിയഷനിൽ ചെറിയ പ്രശ്നങ്ങൾ ഉയർന്നുവപ്പോൾ ഇരുവശത്തുനിന്നും ചൂട്ടുപി‌ടിച്ച് അവിശ്വാസപ്രമേയത്തിലേക്കും കോടതി കേസിലേക്കുമൊക്കെ എത്തിച്ചതിന് പിന്നിൽ കെ.എഫ്.എയിലെ ഉന്നതരായിരുന്നു.

കാലാകാലങ്ങളായി കെ.എഫ്.എയുടെ തലപ്പത്ത് സ്ഥിരതാമസമാക്കിയവരുണ്ട്. കായിക അസോസിയേഷൻ ഭാരവാഹികൾക്ക് കാലപരിധിയും പ്രായപരിധിയുമൊക്കെ വന്നപ്പോൾ പിൻസീറ്റ് ഡ്രൈവിംഗിനായി ഓണണറി പദവി സൃഷ്ടിച്ച് ഭരണം തുടരുന്നവരുമുണ്ട്. പലരെയും കെ.എഫ്.എയിൽ അംഗങ്ങളാക്കിയിട്ടുണ്ടെങ്കിലും തീരുമാനങ്ങളൊക്കെയും എടുക്കുന്നത് ചിലർ മാത്രം ചേർന്നാണ്. ആ ചിലർ തന്നെയാണ് പുതിയ കമ്പനിഭരണത്തിനും പിന്നിലെന്നാണ് ആരോപണം.

സംസ്ഥാന സർക്കാരിൽ നിന്ന് സ്പോർട്സ് കൗൺസിൽ വഴി പ്രതിവർഷം ഏഴുലക്ഷത്തോളം രൂപ ഗ്രാന്റായി വാങ്ങുന്ന അസോസിയേഷനാണ് കെ.എഫ്.എ.ഇവിടെ നടക്കുന്ന ജനാധിപത്യ വിരുദ്ധകാര്യങ്ങൾ അന്വേഷിക്കാനുള്ള ബാദ്ധ്യത സർക്കാരിനും കൗൺസിലിനുമുണ്ട്. കരാർ നടപ്പിലായാൽ സ്വകാര്യ കമ്പനിക്കാവും സർക്കാരിന്റെ ഗ്രാന്റ് പോവുക. സ്വകാര്യ കമ്പനി നടത്തുന്ന പരിശീലനക്യാമ്പുകളിലൂടെയും സെലക്ഷൻ ട്രയൽസിലൂടെയും എത്തുന്നവർക്ക് വിദ്യാഭ്യാസത്തിനും സർക്കാർ ജോലിക്കുമുള്ള സ്പോർട്സ് ക്വാട്ട അനുവദിക്കേണ്ടിയും വരും. ഇതിൽ ഇത്രത്തോളം സുതാര്യതയുണ്ടെന്ന് കണ്ടറിയണം.

കേരള ഫുട്ബാളിനെയാകെ കാർന്നുതിന്നാനാണ് കച്ചവടലക്ഷ്യവുമായി കമ്പനിയെത്തുന്നത്. ഇവരുടെ ലക്ഷ്യം കളിയല്ല കാശുമാത്രമാണെന്ന് തിരിച്ചറിയാതെ പോകരുത്. അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധമായ വ്യവസ്ഥകൾ കരാറിൽ നിന്ന് ഒഴിവാക്കപ്പെടണം. കേരള ഫുട്ബാൾ അസോസിയേഷൻ എന്ന സംഘടന ജനാധിപത്യപരമായ രീതിയിൽ നിലനിൽക്കുന്ന സ്ഥിതിയിലുള്ള മാർക്കറ്റിംഗ് മാത്രമേ നടക്കേണ്ടതുള്ളൂ. അതിനായി മുൻകളിക്കാരും നിലവിലെ കളിക്കാരും കളിയെ സ്നേഹിക്കുന്നവരും സർക്കാരും ഒന്നിച്ച് അണിനിരക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

- പരമ്പര അവസാനിക്കുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KERALA FOOTBALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.