SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.58 PM IST

ഡിങ്കോ, മരണമില്ലാത്ത പോരാളി

dingko-singh

ഇടിക്കൂട്ടിൽ ചീറിയെത്തുന്ന എതിരാളികളു‌ടെ പഞ്ചുകളുടെ മുന്നിൽ എത്രയോ വട്ടം തിരിച്ചടിച്ച് ജയിച്ചിട്ടുണ്ട് ഡിങ്കോ സിംഗ്.പക്ഷേ കാൻസറിന്റെ മുന്നിൽ കീഴടങ്ങാനായിരുന്നു ഈ മണിപ്പൂരുകാരന്റെ വിധി,അതും വെറും 41-ാം വയസിൽ. പക്ഷേ അവസാനംവരെ യഥാർത്ഥപോരാളിയായിത്തന്നെ ഡിങ്കോ നിലകൊണ്ടു.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി കരളിനെ കാർന്നുതിന്ന കാൻസറിനെതിരെയുള്ള പോരാട്ടമായിരുന്നു ഡിങ്കോയുടെ ജീവിതം. ബോക്സിംഗ് റിംഗിലേതിനെക്കാൾ മാരകമായ പ്രഹരങ്ങളാണ് ഇവിടെ ഡിങ്കോയ്ക്ക് നേരിടേണ്ടിവന്നത്. കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ചത് കാര്യങ്ങൾ സങ്കീർണമാക്കി. മരണത്തിന്റെ പടിവാതിൽക്കലെത്തിയശേഷമാണ് മടങ്ങിയെത്തിയത്. എങ്കിലും വിധിയുടെ ആ സൗജന്യം അധികം നീണ്ടില്ല.

ഡിങ്കോയ്ക്ക് കാൻസർ ആണെന്നറിഞ്ഞപ്പോഴേ ഇത്ര ചെറുപ്രായത്തിലോ എന്ന് മിക്കവരും ചോദിച്ചിരുന്നു. പക്ഷേ എല്ലാ കാര്യത്തിലും മുൻപേ നടന്നവനായിരുന്നല്ലോ ഡിങ്കോ. 10-ാം വയസിൽ ദേശീയ ബോക്സിംഗ് ചാമ്പ്യനായ ആളാണ് ഡിങ്കോ, അതും ബോക്സിംഗ് എന്തെന്ന് കേട്ടിട്ടുകൂടിയില്ലായിരുന്ന ഒരു മണിപ്പൂരിലെ ഒരു മലമടക്കിൽ നിന്നെത്തി.ബോക്സിംഗിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുമ്പോൾ കന്നി വോട്ടിടാനുള്ള പ്രായമായിട്ടേയുണ്ടായിരുന്നുള്ളൂ.32-ാം വയസിൽ പത്മശ്രീ.

വെല്ലുവിളികളാണ് എന്നും ഡിങ്കോയ്ക്ക് മുന്നിലുണ്ടായിരുന്നത്. ജനിച്ച് അധികമാകും മുമ്പ് മാതാപിതാക്കൾ മരണപ്പെട്ട ഡിങ്കോ വളർന്നത് അനാഥാലയത്തിലാണ്. അവിടെവച്ചാണ് ബോക്സിംഗ് റിംഗിലേക്ക് എത്തപ്പെട്ടത്. ഗ്രാമങ്ങളിലെ കായികപ്രതിഭകളെ കണ്ടെത്താനായി കേന്ദ്രസർക്കാർ രൂപംകൊടുത്ത സ്‌പെഷ്യൽ ഏരിയ സ്‌കീമാണ് ഡിങ്കോയുടെ തലക്കുറി മാറ്റിമറിച്ചത്. പിൽക്കാലത്ത് സായി ഡയറക്ടറായി മാറിയ ഒ.പി. ഭാട്യയാണ് ഡിങ്കോയെ കണ്ടെത്തി പരിശീലനക്യാമ്പിലേയ്ക്ക് കൊണ്ടുപോയത്. 1989ൽ നടന്ന ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിലൂടെ ദേശീയ ചാമ്പ്യനായി. പിന്നീട് മിന്നൽ വേഗത്തിലായിരുന്നു വളർച്ച. പത്ത് കൊല്ലത്തിനുളളിൽ അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം കുറിച്ചു. 1997ൽ ബാങ്കോക്കിൽനടന്ന കിംഗ്സ് കപ്പിൽ ചാമ്പ്യനായി. ആ ടൂർണമെന്റിലെ ഏറ്റവും മികച്ച ബോക്‌സറുമായി. തൊട്ടടുത്തകൊല്ലം അവിടെത്തന്നെ നടന്ന ഏഷ്യൻ ഗെയിംസിലും സ്വർണം നേടി ചരിത്രം കുറിച്ചു.

2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ പ്രീക്വാർട്ടറിൽ പുറത്താകേണ്ടിവന്നതും കൈക്ക് പരിക്കേറ്റതും ഡിങ്കോയെ റിംഗിൽ നിന്ന് അകറ്റി. എന്നാൽ പരിശീലകനായി റിംഗിലേക്കുതന്നെ വന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപ്പേരെ കൈപിടിച്ച് കൊണ്ടുവരികയും ചെയ്തു. അക്കൂട്ടത്തിലെ ഏറ്റവും വലിയ പ്രതിഭയായിരുന്നു മേരികോം.സരിതാ ദേവിക്കും സുരഞ്‌ജോയ്‌സിംഗിനും ദേവേന്ദ്രോ സിംഗിനുമെല്ലാം റിംഗിലേയ്ക്കുള്ള വഴിയൊരുക്കിയത് ഡിങ്കോയാണ്.

2017ലാണ് ഡിങ്കോ രോഗബാധിതനായത്. പ്രൊഫഷണൽ ബോക്‌സിംഗിലേയ്ക്കുള്ള കോടികളുടെ കിലുക്കമുള്ള ക്ഷണം നിരസിച്ച് നാവികസേനയിൽ തുടർന്ന ഡിങ്കോയ്ക്ക് സാമ്പത്തികമായി താങ്ങാവുന്നതായിരുന്നില്ല ചികിത്സാച്ചെലവ്. വിവരമറിഞ്ഞ് മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെ പോലുള്ളവരും സർക്കാരും സഹായവുമായി എത്തി.

ഇംഫാലിലും ഡെൽഹിയിലുമായിട്ടായിരുന്നു ചികിത്സ. ഇടയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ച് മരണത്തിന്റെ വക്കോളമെത്തി. അതിനിടെ ലോക്ഡൗൺ വന്നതോടെ ഡൽഹി യാത്രയും മുടങ്ങി. ഇംഫാലിലെ ആശുപത്രിയിലെ റേഡിയോ തെറാപ്പി വാർഡ് കൊവിഡ് വാർഡായി. ഡിങ്കോയുടെ ചികിത്സ മുടങ്ങി. ഇത് വാർത്തയായതോടെ സർക്കാർ നേരിട്ട് ഇടപെട്ടു. ഡിങ്കോയെ കൊണ്ടുവരാൻ സ്‌പൈസ് ജെറ്റിന്റെ എയർ ആംബലുൻസ് ഇംഫാലിലേയ്ക്ക് പറന്നു. ശസ്ത്രക്രിയ ചെയ്ത് കരളിന്റെ വലിയൊരു ഭാഗം നീക്കം ചെയ്യേണ്ടിവന്നു.

ഡൽഹിയിലെ ചികിത്സയ്ക്കിടെ കിട്ടിയ കൊവിഡും കാൻസറും മഞ്ഞപ്പിത്തവും ഇംഫാലിൽ നിന്നും റോഡ് മാർഗമുള്ള ദീർഘയാത്രയും എല്ലാം കൂടി ചേർന്നതോടെ ആകെ തളർന്നുപോയ ഡിങ്കോ ഏറെ പണിപ്പെട്ടാണ് പിന്നെ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്. അഞ്ച് തവണ ടെസ്റ്റ് ചെയ്തപ്പോഴും കൊവിഡ് പോസിറ്റീവായിരുന്നു . ആറാമത്തെ ടെസ്റ്റിലാണ് നെഗറ്റീവായി നാട്ടിലേയ്ക്ക് മടങ്ങാനായത്. തുടർന്ന് കാൻസർ ചികിത്സ നടന്നുവരെയാണ് മരണത്തിന്റെ അപ്രതീക്ഷിത പഞ്ചെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DINGKO SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.