പാട്രിക്ക് ഷിക്കിന്റെ മികവിൽ ചെക്ക് റിപ്പബ്ലിക്ക് സ്കോട്ട്ലൻഡിനെ കീഴടക്കി
ഗ്ലാസ്ഗൗ: പത്താം നമ്പർ താരം പാട്രിക്ക് ഷിക്കിന്റെ ബൂട്ടിൽ നിന്ന് യൂറോ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പിറന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്ക് 2-0ത്തിന് സ്കോട്ട്ലൻഡിനെ കീഴടക്കി. ഇരട്ടഗോളുകൾ നേടി ഷിക്കാണ് ചെക്കിനെ വിജയതീരത്ത് എത്തിച്ചത്. ചെക്കിനായി കഴിഞ്ഞ 11 മത്സരങ്ങളിൽ നിന്ന് ഷിക്കിന്റെ എട്ടാം ഗോളാണിത്. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ അവസാന നിമിഷം വരെ തിരിച്ചടിക്കാനായി സ്കോട്ട്ലൻഡ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പിഴവുകളും ചെക്ക് ഗോളി വാക്ലിക്കിന്റെ മികവും അവർക്ക് വിലങ്ങ് തടിയായി.42-ാം മിനിറ്റിലായിരുന്നു ഷിക്കിന്റെ ആദ്യ ഗോൾ. വ്ലാഡിമിർ കൗഫലിന്റെ ക്രോസ് മികച്ചൊരു ഹെഡ്ഡറിലൂടെ ഷിക്ക് വലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ 52-ാം മിനിട്ടിലായിരുന്നു ഷിക്കിന്റെ വണ്ടർ ഗോൾ വന്നത് . ചെക്ക് ടീമിന്റെ കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. സോസെക് നൽകിയ പാസ് സ്വീകരിച്ച് സ്കോട്ട്ലൻഡ് ഹാഫിലേക്ക് കയറിയ ഷിക്ക് ഗോൾകീപ്പർ മാർഷൽ സ്ഥാനം തെറ്റിനിൽക്കുന്നത് കണ്ടു. ഈ അവസരം മുതലെടുത്ത് ഷിക്കിന്റെ ഇടംകാലൻ കർവ് ഷോട്ട് പുറകോട്ടോടിയ മാർഷലിന് യാതൊരു അവസരവും നൽകാതെ വലയിലാവുകയായിരുന്നു. ഏകദേശം 45 മീറ്റർ അകലെ നിന്നായിരുന്നു ഷിക്കിന്റെ ഈ ഷോട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |