ദ്യുതിക്ക് റാങ്കിംഗ് ക്വാട്ട ബർത്ത്
പട്യാല : ഇന്ത്യൻ വനിതാ അത്ലറ്റിക്സ് താരം ദ്യുതി ചന്ദിന് ടോക്കിയോ ഒളിമ്പിക്സിൽ 100,200 മീറ്ററുകളിൽ പങ്കെടുക്കാൻ ബർത്ത് ലഭിച്ചു. വേൾഡ് അത്ലറ്റിക്സ് ഫെഡറേഷന്റെ റാങ്കിംഗ് ക്വാട്ടയിലൂടെയാണ് ദ്യുതിക്ക് ബർത്ത് ലഭിച്ചത്. കഴിഞ്ഞ ദിവസം പട്യാലയിൽ സമാപിച്ച ദേശീയ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക്സിൽ മത്സരിച്ചെങ്കിലും ദ്യുതിക്ക് യോഗ്യതാമാർക്ക് മറകടക്കാനായിരുന്നില്ല. കഴിഞ്ഞ വാരം ഇന്ത്യൻ ഗ്രാൻപ്രീയിൽ 11.17 സെക്കൻഡിൽ ഓടിയെത്തി 100 മീറ്ററിലെ ദേശീയ റെക്കാഡ് തിരുത്തിയെഴുതിയെങ്കിലും 0.02 സെക്കൻഡ് വ്യത്യാസത്തിൽ ഒളിമ്പിക് യോഗ്യത നഷ്ടമായിരുന്നു.
റെക്കാഡുമായി സീമ
നാലാമങ്കത്തിന്
പട്യാല : കഴിഞ്ഞ ദിവസം പട്യാലയിൽ സമാപിച്ച നാഷണൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സിൽ ഡിസ്കസ് ത്രോയിൽ തന്റെ ദേശീയ റെക്കാഡ് തിരുത്തിയെഴുത്തി സീമാ പൂനിയ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. 63.72 മീറ്ററാണ് സീമ പട്യാലയിൽ കുറിച്ച ദൂരം. 63.50 മീറ്ററായിരുന്നു ഒളിമ്പിക് യോഗ്യതാ മാർക്ക്. തന്റെ നാലാമത്തെ ഒളിമ്പിക്സിലാണ് സീമ പങ്കെടുക്കുന്നത്.
ശ്രീഹരിക്കും എ
കാറ്റഗറി യോഗ്യത
ന്യൂഡൽഹി : ഇന്ത്യൻ നീന്തൽ താരം ശ്രീഹരി നടരാജനും ഒളിമ്പിക് എ കാറ്റഗറി യോഗ്യത.റോമിൽ നടന്ന സെറ്റെ കോളി ട്രോഫി ചാമ്പ്യൻഷിപ്പിലെ ശ്രീഹരി 100 മീറ്റർ ബാക് സ്ട്രോക്കിൽ ടൈം ട്രയലിൽ നേടിയ 53.77 സെക്കൻഡ് ഒളിമ്പിക് യോഗ്യതയായി അന്താരാഷ്ട്ര സ്വിമ്മിംഗ് ഫെഡറേഷൻ അംഗീകരിച്ചതാണ് വഴിത്തിരിവായത്. നേരത്തേ ഇതേ ടൂർണമെന്റിൽ നിന്ന് മലയാളി താരം സജൻ പ്രകാശ് 200 മീറ്റർ ബട്ടർഫ്ളൈസിൽ ഒളിമ്പിക് എ കാറ്റഗറി യോഗ്യത നേടിയിരുന്നു.
വനിതാ ഗോൾഫിലെ
ഏക അതിഥി
ന്യൂഡൽഹി : ഇന്ത്യൻ വനിതാ ഗോൾഫ് താരം അതിഥി അശോക് ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി.കഴിഞ്ഞ ദിവസം പുറത്തുവന്ന റാങ്കിംഗിൽ 45-ാം സ്ഥാനത്തെത്തിയതോടെയാണ് അതിഥിക്ക് തന്റെ രണ്ടാം ഒളിമ്പിക്സിന് യോഗ്യത ലഭിച്ചത്. ടോക്കിയോയിലേക്ക് ടിക്കറ്റ് കിട്ടുന്ന ആദ്യ ഇന്ത്യൻ വനിതാ ഗോൾഫറാണ് അതിഥി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |