SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.19 PM IST

ഇനി ക്വാർട്ടറിലെ കൊടുങ്കാറ്റ്

euro-and-copa

യൂറോ കപ്പിലും കോപ്പ അമേരിക്കയിലും എട്ടു ടീമുകൾ വീതമായി ചുരുങ്ങിയിരിക്കുന്നു.ഇനി ക്വാർട്ടർ ഫൈനലുകളുടെ കിക്കോഫാണ്. ഇരു ടൂർണമെന്റുകളിലുമായി അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന എട്ടു മത്സരങ്ങൾക്ക് ശേഷം നാലുപേർ വീതമായി ചുരുങ്ങും. നാലിലൊന്നാവാനുള്ള മോഹവുമായി എട്ടു വട്ടമേശ സമ്മേളനങ്ങൾ. യൂറോയിലെയും കോപ്പയിലെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങളെക്കുറിച്ച് വിശദമായി അറിയാം.

പ്രതീക്ഷ തെറ്റിച്ച യൂറോ കപ്പ്

പ്രാഥമിക റൗണ്ടിൽ വലിയ അട്ടിമറികളൊന്നും കാണാതിരുന്ന യൂറോ കപ്പിൽ കണക്കുകൂട്ടലുകൾ തെറ്റിച്ചത് പ്രീ ക്വാർട്ടർ ഫൈനലുകളാണ്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലും നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസും ലോകകപ്പ് റണ്ണർ അപ്പുകളായ ക്രൊയേഷ്യയും മൂന്ന് തവണ യൂറോ കപ്പ് നേടിയിട്ടുള്ള ജർമ്മനിയും പ്രീ ക്വാർട്ടറിന്റെ കടമ്പയിൽ തട്ടിവീണു. ഇറ്റലി,ഇംഗ്ളണ്ട്,സ്പെയ്ൻ,ബെൽജിയം എന്നിവരുടെ കടന്നുവരവ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെന്മാർക്ക്,സ്വിറ്റ്സർലാൻഡ്,ചെക്ക് റിപ്പബ്ളിക്ക്,ഉക്രൈൻ എന്നീ അട്ടിമറിക്കാരു‌ടെ വരവാണ് ഈ യൂറോയെ അപ്രവചനീയമാക്കിയത്. ഈ കറുത്തകുതിരകൾ ക്വാർട്ടറും കടന്ന് കുതിക്കുമോയെന്ന് കാണാൻ കാത്തിരിക്കാം.

1. സ്പെയ്ൻ Vs സ്വിറ്റ്സർലാൻഡ്

ഇന്ന് രാത്രി 9.30 മുതൽ

മുൻ ചാമ്പ്യന്മാരായ സ്പെയ്നും അപ്രതീക്ഷിത അതിഥികളായ സ്വിസും തമ്മിലുള്ള പോരാട്ടം.പ്രാഥമിക റൗണ്ടിൽ സ്വീഡനും പോളണ്ടിനുമെതിരെ സമനില വഴങ്ങിയശേഷം സ്ളൊവാക്യയെ 5-0ത്തിന് തകർത്താണ് സ്പെയ്ൻ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയ്ക്ക് എതിരെ എക്സട്രാടൈമിൽ 5-3ന്റെ വിജയം. ഗ്രൂപ്പ് റൗണ്ടിൽ വെയ്ൽസിനോട് സമനിലയിൽ പിരിയുകയും ഇറ്റലിയോട് തോൽക്കുകയും ചെയ്ത ശേഷം തുർക്കിയെ 3-1ന് തോൽപ്പിച്ച് അവസാന പതിനാറിൽ. അവിടെ ഫ്രാൻസിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ജയം.

സ്പെയ്ൻ

കരുത്ത് : സ്വന്തം ഗോൾമുഖത്തുനിന്ന് ക്ഷമയോടെ പാസുകൾ മെനഞ്ഞ് വിംഗർമാർക്ക്പ്രാധാന്യം നൽകി എതിർഗോൾമുഖം വരെ ഒരുമയോടെ മുന്നേറുന്ന രീതി.

ദൗർബല്യം : പ്രതിരോധം ഇനിയും ജാഗരൂകമാകേണ്ടത്. ഫൈനൽ വിസിൽവരെ ഫിസ്നസ് നിലനിറുത്തേണ്ടതും ആവശ്യം.

അവസരം : മൊറാട്ട സ്ഥിരത നിലനിറുത്തിയാൽ ഏതുനിമിഷവും ഗോളടിക്കാൻ കഴിയും.

വെല്ലുവിളി : ബുദ്ധിയുള്ള പ്രതിരോധത്തിന് സ്പാനിഷ് പൊസഷൻ ഗെയിം പൊളിക്കാൻ നിഷ്പ്രയാസം സാധിക്കും.

കുന്തമുനകൾ : അൽവാരോ മൊറാട്ട,ബുസ്ക്വെറ്റ്സ്, ഫെറാൻ ടോറസ്,അത്പെല്ലിക്യുവേറ്റ,ഓൾമോ

സ്വിറ്റ്സർലാൻഡ്

കരുത്ത് : ലെഫ്റ്റ് വിംഗിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സുബേറിന്റെയും ഫിനിഷ് ചെയ്യാനുള്ള സെഫറോവിച്ചിന്റെയും കഴിവ്.

ദൗർബല്യം : ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഗോൾ വഴങ്ങേണ്ടിവന്ന പ്രതിരോധത്തിലെ താളപ്പിഴകൾ

അവസരം :നിറം മങ്ങിക്കളിക്കുന്ന ഷാക്കീരി ഫോമിലേക്ക് ഉയർന്നാൽ ഇനിയും അട്ടിമറികൾക്കുള്ള സാദ്ധ്യത.

വെല്ലുവിളി : കൊവിഡ് സാഹചര്യത്തിൽ മത്സരങ്ങൾക്കായി ഏറ്റവും കൂടുതൽ യാത്രകൾ വേണ്ടിവന്നത് ടീമിനെ ക്ഷീണിപ്പിക്കുന്നു.

കുന്തമുനകൾ : ഷാക്കീരി,ഷാക്ക,യാൻ സോമ്മർ,റോഡ്രിഗസ്,ഗ്രവാനോവിച്ച്

2. ബെൽജിയം Vs ഇറ്റലി

ഇന്ന് രാത്രി 12.30 മുതൽ

ഏറ്റവും കടുപ്പമേറിയ ക്വാർട്ടർ പോരാട്ടം. ഈ യൂറോയിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരാൾമുന്നിലേ സെമിയിലേക്കുള്ള വാതിൽ തുറക്കൂ.ഗ്രൂപ്പ് റൗണ്ടിലെ എല്ലാമത്സരങ്ങളും വിജയിച്ചുവന്നവരാണ് ഇറ്റലിയും ബെൽജിയവും. തുർക്കി,വെയ്ൽസ്,സ്വിറ്റ്സർലാൻഡ് എന്നിവരാണ് എ ഗ്രൂപ്പിൽ ഇറ്റലിക്കുമുന്നിൽ കീഴടങ്ങിയത്. ബെൽജിയമാകട്ടെ ബി ഗ്രൂപ്പിൽ ഡെന്മാർക്കിനെയും ഫിൻലാൻഡിനെയും റഷ്യയെയും തോൽപ്പിച്ചുവിട്ടു. പ്രീ ക്വാർട്ടറിലും ഇറ്റലിക്ക് വലിയ വെല്ലുവിളി ഉണ്ടായില്ല. ആസ്ട്രിയയെ 2-1ന് കീഴടക്കി. ബെൽജിയം വാശിയേറിയ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിനെ 1-0ത്തിന് മറികടന്നാണ് അവസാന എട്ടിലെത്തിയത്.

ഇറ്റലി

കരുത്ത് : ഗോളടിക്കാൻ മുന്നേറ്റത്തിന് പന്തെത്തിക്കാൻ ശേഷിയുള്ള കരുത്തുറ്റ പ്രതിരോധം.ഫുൾ ബാക്കുകളും വിംഗർമാരും ആക്രമണോത്സുക കാട്ടുന്നു

ദൗർബല്യം : മദ്ധ്യനിരയിൽ ചെറിയ താളപ്പിഴകളുണ്ട്.മിഡ്ഫീൽഡർ സ്പിനോസോള മുന്നേറ്റത്തിലേക്ക് ഓവർലാപ്പുചെയ്യുമ്പോൾ പ്രതിരോധത്തെയും ബാധിക്കും.

അവസരം :ഇമ്മൊബീലും ,ഇൻസൈനും തങ്ങളുടെ നിലവാരത്തിലേക്ക് ഉയർന്നാൽ ഏത് മത്സരത്തിന്റെയും ഗതിമാറ്റാനാകും.

വെല്ലുവിളി : തുടർച്ചയായ 31 മത്സരങ്ങളിൽ തോൽവിയറിയാത്തത് കളിക്കാരിൽ അലംഭാവമുണ്ടാക്കിയേക്കാം.

കുന്തമുനകൾ : കെല്ലീനി,കിയേസ,ഇമ്മൊബീൽ,ഇൻസൈൻ,ലോക്കാട്ടെല്ലി.

ബെൽജിയം

കരുത്ത് : പരിചയസമ്പരടങ്ങിയ പ്രതിരോധം,ആസൂത്രണമികവുള്ള മദ്ധ്യനിര,ലുക്കാക്കുവിന്റെ സ്കോറിംഗ് പാടവം.

ദൗർബല്യം : പ്രായമേറിയ പ്രതിരോധക്കാർക്ക് എതിരാളികളുടെ വേഗത്തിനൊപ്പം എത്താനാകാത്തത്.

അവസരം : ബെൽജിയത്തിന്റെ സുവർണ തലമുറ പടിയിറങ്ങുംമുമ്പൊരു കിരീടം നേടാനുള്ള ചാനൻസാണിത്.

വെല്ലുവിളി : കെവിൻ ഡ്രി ബുയാനും ഏദൻ ഹസാഡും പരിക്കിലായത് എതിരാളികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും.

കുന്തമുനകൾ : ലുക്കാക്കു,തോർഗൻ ഹസാഡ്,മ്യൂനിയർ,തോബോ കോട്വാ,അക്സൽ വിറ്റ്സൽ.

3. ഡെന്മാർക്ക് Vs ചെക്ക് റിപ്പബ്ളിക്ക്

നാളെ രാത്രി 9.30 മുതൽ

കറുത്തകുതിരകൾ തമ്മിലുള്ള പോരാട്ടം. ഇരുവരും അവസാന എട്ടിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചവർ കുറവാണ്. ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യൻ എറിക്സണ് കുഴഞ്ഞുവീണശേഷം ഡെന്മാർക്കിൽ കണ്ട ഒരുമയാണ് ഇവിടെവരെ എത്തിച്ചത്. ആദ്യകളിയിൽ ഫിൻലാൻഡിനോടും തുടർന്ന് ബെൽജിയത്തോടും തോറ്റെങ്കിലും റഷ്യയെ 4-1ന് കീഴടക്കി ഗോൾ മാർജിൻ മികവിൽ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിൽ . അവിടെ വെയ്ൽസിനെ മറികടന്നത് എതിരില്ലാത്ത നാലുഗോളുകൾക്ക്. ചെക്ക് റിപ്പബ്ളിക്ക് ഗ്രൂപ്പ് റൗണ്ടിൽ ആദ്യം സ്കോട്ട്ലാൻഡിനെ തോൽപ്പിച്ചു.പിന്നെ ക്രൊയേഷ്യയോട് സമനില വഴങ്ങി.ഒടുവിൽ ഇംഗ്ളണ്ടിനോട് തോറ്റു. പ്രീ ക്വാർട്ടറിൽ ഹോളണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അട്ടിമറിച്ചു.

ഡെന്മാർക്ക്

കരുത്ത് : ക്രിയാത്മകമായ പ്രതിരോധത്തിൽ ഉൗന്നിയുള്ള ധീരമായ ടീം ഗെയിം.

ദൗർബല്യം : മിഡ്ഫീൽഡിന് ആസൂത്രണ മികവില്ല.എതിരാളികളുടെ മുന്നേറ്റത്തിന് മുന്നിൽ പെട്ടെന്ന് സമ്മർദ്ദത്തിലാകുന്നു.

അവസരം : മുന്നേറ്റത്തിന് അൽപ്പം കൂടി ക്രിയേറ്റീവായി കളിക്കാൻ കഴിഞ്ഞാൽ ആരെയും തോൽപ്പിക്കാനാകും.

വെല്ലുവിളി : വലിയ ടീമുകൾക്കെതിരെ കളിക്കുമ്പോൾ ആത്മവിശ്വാസക്കുറവ് പ്രകടമാകുന്നത്.

കുന്തമുനകൾ : സിമോൺ കായേർ,യൂസുഫ് പോൾസൺ,ബ്രാത്ത്‌വെയ്റ്റ്,കാസ്പെർ സ്മിഷേൽ,ക്രിസ്റ്റൻസെൻ.

ചെക്ക് റിപ്പബ്ളിക്ക്

കരുത്ത് : എത്ര ദൂരെനിന്നും ഷോട്ടുതിർക്കാനുള്ള പാട്രിക്ക് ഷിക്കിന്റെ മികവ്. ആക്രമണ ഫുട്ബാൾ ശൈലി.

ദൗർബല്യം : ഹൈ ബാളുകൾ കൊണ്ടുള്ള ആക്രമണത്തിൽ വിരണ്ടുപോകുന്ന പ്രതിരോധം.

അവസരം : ഷിക്കിന് പിന്തുണ നൽകാൻ മറ്റ് മുന്നേറ്റ താരങ്ങൾക്കും മിഡ്ഫീൽഡിനും കഴിഞ്ഞാൽ അത്ഭുതം സൃഷ്ടിക്കാം.

വെല്ലുവിളി : എതിരാളികൾ വിംഗുകളിലൂടെ മുന്നേറിയാൽ ചെക്കുവയ്ക്കാൻ പ്രയാസമാകും.

കുന്തമുനകൾ : പാട്രിക് ഷിക്ക്, തോമസ് സൗസെക്ക്,ഷ്‌മിഷേൽ,വാസ്‌ലിക്ക്,ഹോൾസ്.

4. ഇംഗ്ളണ്ട് Vs ഉക്രൈൻ

ഇക്കുറി കിരീടം നേടാൻ ഇംഗ്ളണ്ടിന് കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വളരെ മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. ഗ്രൂപ്പ് റൗണ്ടിൽ ചെക്കിനെയും ക്രൊയേഷ്യയെയും തോൽപ്പിച്ചു. ഫിൻലാൻഡിനോട് ഗോൾരഹിത സമനില വഴങ്ങി. പ്രീ ക്വാർട്ടറിലായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.സാക്ഷാൽ ജർമ്മനിയെ കീടക്കിയത് മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക്. ഉക്രൈൻ ആദ്യമത്സരത്തിൽ ഹോളണ്ടിനോടും അവസാനമത്സരത്തിൽ ആസ്ട്രിയയോടും തോറ്റവരാണ്. ഇതിനിടയിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചതാണ് പ്രീക്വാർട്ടറിലേക്ക് കടക്കാൻ പിടിവള്ളിയായത്. അവിടെ സ്വീഡനെ 2-1ന് മറിക‌ടന്നത് ചരിത്രത്തിലാദ്യമായി യൂറോ ക്വാർട്ടറിലേക്കുള്ള വാതിലും തുറന്നുകൊടുത്തു.

ഇംഗ്ളണ്ട്

കരുത്ത് : വിംഗുകളിലൂടെ കയറിക്കളിക്കാനുള്ള മികവും റഹിം സ്റ്റെർലിംഗിന്റെ സ്കോറിംഗ് പാടവവും.

ദൗർബല്യം : മിഡ്ഫീൽഡിൽ ക്രിയേറ്റീവായി കളിമെനയുന്ന ഒരു പ്ളേമേക്കറുടെ അഭാവം.

അവസരം :ജർമ്മനിക്കെതിരെ ഗോളടിച്ച് ഹാരി കേൻ ഫോമിലേക്ക് ഉയർന്നത് ആത്മവിശ്വാസം കൂട്ടുന്നു.

വെല്ലുവിളി : ആക്രമണത്തിൽ മുന്നിലാണെങ്കിലും പ്രതിരോധത്തിൽ എളുപ്പം വശംവദരാകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

കുന്തമുനകൾ : റഹിം സ്റ്റെർലിംഗ്,ഹാരി കേൻ,മഗ്വെയർ,പിക്ക്ഫോഡ്,ലൂക്ക് ഷാ.

ഉക്രൈൻ

കരുത്ത് : ഞൊടിയിടയിൽ മുന്നേറ്റമായും പ്രതിരോധമായും മാറാൻ കഴിയുന്ന മിഡ്ഫീൽഡാണ് ഉക്രൈന്റെ പ്രത്യേകത.

ദൗർബല്യം : വലിയ മത്സരവേദികളിലെ പരിചയമില്ലായ്മയാണ് പോരായ്മ.

അവസരം : എത്രത്തോളം മുന്നോട്ടുപോകാമോ അത്രയും കഴിഞ്ഞാൽ അത് ചരിത്രമായി മാറും.

വെല്ലുവിളി : സിഞ്ചെങ്കോയാണ് ഉക്രൈന്റെ തുറുപ്പുചീട്ട്. അദ്ദേഹം തളയ്ക്കപ്പെട്ടാൽ ടീമിനെ മൊത്തത്തിൽ ബാധിക്കും.

കുന്തമുനകൾ : സിഞ്ചെങ്കോ,യാർമൊലെങ്കോ,യാരെംചുക്ക്,മാലിനോവ്സ്കി,ഡോവ്ബിക്

യൂറോയി​ൽ ഇന്ന് രാത്രി​ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലുകളി​ൽ സ്പെയ്ൻ സ്വിറ്റ്സർലാൻഡിനെയും ഇറ്റലി ബെൽജിയത്തെയും നേരി‌ടും. കോപ്പയിൽ ഇന്ത്യൻ സമയം നാളെ പുലർച്ചെ പെറു പരാഗ്വേയെയും ബ്രസീൽ ചിലിയെയും നേരി‌ടും.

സോണി ടെൻ ചാനൽ ഗ്രൂപ്പിൽ ലൈവ്. സോണിലൈവിലും ജിയോ ടി വിയിലും സ്ട്രീമിംഗ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.