SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.13 AM IST

മെസീ, നിനക്കെന്തു തോന്നി...

messi-copa

മാറക്കാനയിൽ ചരിത്രം മാറ്റിയെഴുതി മെസിയും സംഘവും

കാലം കാത്തുവച്ച വിജയം. വിശ്വവിജയങ്ങൾ ഏറെക്കണ്ട മാറക്കാന സ്റ്റേഡിയത്തിൽ ലയണൽ മെസി കോപ്പ അമേരിക്ക കിരീടം ഏറ്റുവാങ്ങുമ്പോൾ അർജന്റീനയുടെ,മെസിയുടെ,ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ കാത്തിരിപ്പിനാണ് സ്വപ്നതുല്യമായ പര്യവസാനമുണ്ടായത്.28 കൊല്ലം നീണ്ട അർജന്റീനക്കാരു‌ടെ കിരീടവരൾച്ചയ്ക്ക് അറുതിയാകുമ്പോൾ ശത്രുപക്ഷത്ത് ബ്രസീലും വേദിയായി മാറക്കാനയുമായത് കളിക്കളത്തിന്റെ കാവ്യചാരുതയാണ്. രാജ്യത്തിന്റെ കുപ്പായമണിഞ്ഞ് ആദ്യമായി കിരീടമേറ്റുവാങ്ങുമ്പോൾ ഇഷ്ടപ്പെട്ട കളിപ്പാട്ടം കിട്ടിയ പിഞ്ചുകുഞ്ഞിന്റേതുപോലെയുള്ള മെസിയുടെ ചിരിയും കണ്ണീരോടെ വന്ന നെയ്മറെ ചേർത്തണച്ചുള്ള ആശ്വസിപ്പക്കലും കുറച്ചുമുമ്പ് കളിക്കളത്തിൽ കണ്ട വീറിനും വാശിക്കും പരുക്കൻ അടവുകൾക്കുമപ്പുറം എത്രയോ സുന്ദരമാണ് ഫുട്ബാൾ എന്നതിന്റെ സാക്ഷ്യപത്രം കൂടിയായി.

ആവേശഫൈനൽ

2014 ലോകകപ്പിന്റെയും 2015,16 വർഷങ്ങളിലെ കോപ്പകളുടെയും ഫൈനലിൽ തോറ്റുപോയ മെസിക്ക് രാജ്യത്തിനായൊരു കിരീടത്തിൽ കയ്യൊപ്പുചാർത്താൻ നീല വരയൻ കുപ്പായക്കാർ ഒരു മനസായി കളിച്ച ഫൈനലായിരുന്നു റിയോ ഡി ജനീറോയിലേത്. ആദ്യപകുതിയിൽത്തന്നെ ഗോൾ നേടാൻ കഴിഞ്ഞ അർജന്റീനയ്ക്കെതിരെ രണ്ടാം പകുതിയിൽ ബ്രസീൽ നിരന്തരം ആക്രമണം അഴിച്ചുവിട്ടിരുന്നു. ഒരു തവണ വലകുലുക്കിയെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. എന്നാൽ മെസിക്കുവേണ്ടി ഇത്തവണ തങ്ങൾ കിരീടം നേടും എന്നുറപ്പിച്ച പ്രതിരോധവുമായി അർജന്റീന ടീം സ്പിരിറ്റോടെ കളിച്ചപ്പോൾ നെയ്മറിനും സംഘത്തിനും കിരീടം നിലനിറുത്തുക അസംഭവ്യമായി മാറി.

ബ്രസീലിയൻ പ്രതിരോധത്തിന്റെ നേരിയ ഒരശ്രദ്ധയിൽ നിന്ന് ഡി മരിയ നേടിയ ഗോളും ആ ഗോളിനായെന്ന പോലെ നിരവധി മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ഡി പോളിന്റെ ആസൂത്രണമികവും രണ്ടാം പകുതിയിലെ എമിലിയാനോ മാർട്ടിനെസിന്റെ മിന്നൽ സേവുകളുമൊക്കെച്ചേർന്ന് അർജന്റീനയ്ക്ക് വേണ്ടി വിജയചരിതമെഴുതിയപ്പോൾ രണ്ടാം പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ കിട്ടിയ ഒരവസരം ഗോളാക്കാൻ മെസിക്ക് കഴിയാതെ പോയതുമാത്രമാണ് സങ്കടമായത്. വീറും വാശിയും ഒട്ടും കുറയ്ക്കാതെ ഇരുടീമുകളും പൊരുതിയപ്പോൾ ഒൻപത് മഞ്ഞക്കാർഡുകളാണ് റഫറിക്ക് വീശേണ്ടിവന്നത്. പരുക്കൻ കളിയു‌ടെ ബാക്കി പത്രമായി ചോരയൊഴുകിയിട്ടും കളിതുടർന്നവരുടെ വീര്യം തന്നെയായിരുന്നു ഫൈനലിന്റെ മുഖമുദ്ര‌യും.

മിശിഹയുടെ മാലാഖച്ചിറക്

ഫുട്ബാളിന്റെ മിശിഹയ്ക്ക് കിരീടത്തിലേറാൻ ചിറകുവിരിച്ചുകൊ‌ടുത്തത് അർജന്റീനയുടെ മാലാഖയാണ്,ഏയ്ഞ്ചൽ ഡി മരിയ. ബ്രസീൽ പ്രതിരോധത്തിന്റെ ഒരു നിമിഷാർദ്ധത്തിലെ പിഴവിൽനിന്നാണ് ഡി മരിയ ലീഡ് സമ്മാനിച്ചത്. ബ്രസീലിന്റെ മുന്നേറ്റത്തിന്റെ മുനയൊടിച്ച് കിട്ടിയ പന്ത് റോഡ്രിഗോ ഡി പോൾ എതിർവശത്തേക്ക് പായിക്കുമ്പോൾ ഒറ്റനോട്ടത്തിൽ അപകടമൊന്നുമുണ്ടായിരുന്നില്ല. വലതുവിംഗിൽ ഡി മരിയയെ ലക്ഷ്യമിട്ടായിരുന്നു ഡി പോളിന്റെ ഷോട്ട്. തന്നെ മാർക്ക് ചെയ്യാൻ നിന്ന റെനാൻ ലോധിയുടെ പിഴവ് മുതലെടുത്ത് ഓഫ്സൈഡ് കെണിയിൽ പെടാതെ പന്ത് നിയന്ത്രിച്ച് മുന്നേറിയ മരിയയുടെ മുന്നേറ്റം. തടയാൻ ഗോൾകീപ്പർ എഡേഴ്സൻ മുന്നോട്ടിറങ്ങി.അത് കണ്ട് ഓട്ടത്തിനിടെതന്നെ മരിയ ലോബ് ചെയ്ത പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ വലയിലെത്തി.

1993ന് ശേഷം അന്താരാഷ്ട്ര വേദിയിലെ അർജന്റീനിയുടെ ഏകനേട്ടം 2008 ബെയ്ജിംഗ് ഒളിമ്പിക്സിലെ ഒളിമ്പിക് സ്വർണമാണ്. അന്ന് നൈജീരിയയ്ക്ക് എതിരായ ഫൈനലിൽ ഗോളടിച്ചിരുന്നതും ഏയ്ഞ്ചൽ ഡി മരിയയാണ്.2014 ലോകകപ്പിനിടെ ഡി മരിയയ്ക്ക് പരിക്കേറ്റ് മടങ്ങേണ്ടിവന്നതാണ് അർജന്റീനയുടെ കിരീടമുടച്ചതെന്ന് ആരാധകർ വിശ്വസിക്കുന്നു.

ഈ ചിരികാണാനല്ലേ കാത്തിരുന്നത്

ഓരോ ഫൈനൽ കഴിയുമ്പോഴും മെസി ഒരു ദുഖചിത്രമായി മാറുന്ന പതിവ് ഇത്തവണയുണ്ടായില്ല.2016ലെ കോപ്പ ഫൈനൽ തോൽവിക്ക് ശേഷം രാജ്യത്തിന്റെ കുപ്പായംതന്നെ അഴിച്ചുവയ്ക്കാൻ തയ്യാറായതാണ് മെസി. എന്നാൽ മാറക്കാനയിൽ ഇന്നലെ കിരീടം നേടിയശേഷമുള്ള മെസിയുടെ ചിരി ആ വേദനകളെയെല്ലാം മായ്ച്ചുകളയാൻ പ്രാപ്തമായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയശേഷമുള്ള മെസിയുടെയും കൂട്ടുകാരുടെയും ആഹ്ളാദപ്രകടനങ്ങൾ ഏറെനേരം നീണ്ടു. സഹതാരങ്ങളെയും പരിശീലകരെയും ദീർഘമായി ആലിംഗനം ചെയ്ത മെസി വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന കാത്തിരിപ്പിന്റെ ഭാരം ഇറക്കിവയ്ക്കുകയായിരുന്നു.ബാഴ്സലോണയ്ക്ക് ഒപ്പം ഒരുപാട് കിരീടനേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും രാജ്യത്തിനായൊരു കിരീടം എന്നതിന്റെ സന്തോഷം മുഴുവൻ മെസിയുടെ മുഖത്തുണ്ടായിരുന്നു. മെസിയുടെ ഈ ചിരി ആരാധകരുടെ മനസ് കൂടിയാണ് നിറച്ചത്.

വൈറലായ കെട്ടിപ്പിടുത്തം

സോഷ്യൽ മീഡിയയിൽ ഇന്നലെ ഏറെ വൈറലായത് ഫൈനലിൽ തോറ്റ സങ്കടം സഹിക്കാനാകാതെ കരഞ്ഞ ബ്രസീല്‍ താരം നെയ്മറെ മെസി കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതായിരുന്നു. മത്സരശേഷം ഗ്രൗണ്ടിൽ ആഘോഷിക്കുകയായിരുന്ന അർജന്റീന ടീമിന്റെ അടുത്തേക്ക് മെസിയെ അന്വേഷിച്ച് നെയ്മർ വരികയായിരുന്നു. നെയ്മറെ കണ്ടയുടനെ ആഘോഷം നിർത്തി അടുത്തെത്തി മെസി കെട്ടിപ്പിടിച്ചു. ആ സമയത്ത് പരിശീലകനെ ആകാശത്തൊട്ടിൽ ആട്ടുന്ന തിരക്കിലായിരുന്നു അർജന്റീന ടീം. അവർ നെയ്മറുടെ ശരീരത്ത് തട്ടാതെ നോക്കിയും മെസി തന്റെ സ്നേഹം വെളിവാക്കി. ദീർഘാലിംഗനത്തിന് ശേഷം മടങ്ങുമ്പോൾ നെയ്മറുടെ മുഖത്തും ഭാരമൊഴിഞ്ഞതിന്റെ ആശ്വാസമുണ്ടായിരുന്നു.

മുമ്പ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിൽ ഒരുമിച്ചു കളിച്ചപ്പോഴുള്ള സൗഹൃദമായിരുന്നു ആ ആലിംഗനത്തിന് പിന്നിൽ.മെസി ഇനി നെയ്മർകളിക്കുന്ന പാരീസ് എസ്.ജിയിലേക്ക് പോകുമെന്ന ശ്രുതിയുമുണ്ട്. മെഡൽ ഏറ്റുവാങ്ങിയശേഷം മെസിയും നെയ്മറും ജഴ്സിയൊക്കെ അഴിച്ചുവെച്ച് മൈതാനത്തിരിക്കുന്ന ചിത്രങ്ങളും വൈറലായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MESSI COPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.