SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.05 PM IST

സതീഷ് സൂപ്പറാണ്,ഇടി ഹെവി വെയ്റ്റും

satish

ബോക്സിംഗ് സൂപ്പർ ഹെവിവെയ്റ്റ് വിഭാഗത്തിൽ ക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി സതീഷ് കുമാർ

ടോക്യോ : കബഡി കളിച്ചുകൊണ്ടിരുന്ന സതീഷിനോട് ഇടികൂടാൻ കൽപ്പിച്ചത് പട്ടാളമാണ്. ആ കണക്കുകൂട്ടൽ ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുന്നു. ഇന്നലെ ജമൈക്കൻ താരം റിക്കാർഡോ ബ്രൗണിനെ ഇടിച്ചിട്ട് ഒളിമ്പിക്സ് ബോക്സിംഗ് ക്വാർട്ടറിലെത്തിയ സതീഷ് കുമാർ ഇന്ത്യൻ ആർമിയിലെത്തുന്നത് കബഡി കളിയിലെ മികവുകാെണ്ടാണ്. എന്നാൽ ശാരീരിക പ്രകൃതി കണ്ട ആർമി കോച്ചുമാർ ബോക്സിംഗിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു.

ഉത്തർ പ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയായ സതീഷ് നിരവധി തവണ ദേശീയ ചാമ്പ്യനാവുകയും ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലുമൊക്കെ മെഡൽ നേടുകയും ചെയ്ത ശേഷമാണ് 31-ാം വയസിൽ തന്റെ ആദ്യ ഒളിമ്പിക്സിനിറങ്ങിയത്. ആദ്യ മത്സരത്തിൽ 4-1ന്റെ വിജയം നേടിയതോടെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് കിട്ടി. അവിടെ ജയിക്കാനായാൽ ഒരു മെഡൽ ഉറപ്പ്.

ഇടിയും തടയും

ആകാരത്തിൽ തന്നേക്കാൾ മുന്നിലുള്ള എതിരാളിയെ ഇടിയും തടയും കൃത്യമായി വിളക്കിച്ചേർത്താണ് സതീഷ് കീഴടക്കിയത്. ബ്രൗണിന്റെ മോശം ഫുട്‌വർക്ക് സതീഷിന് അനുഗ്രഹമാവുകയും ചെയ്തു.ആദ്യ രണ്ട് റൗണ്ടുകളിലും ബഹളക്കാരനെപ്പോലെ ചുറ്റിനടന്ന് ഇടിക്കാനാണ് ജമൈക്കക്കാരൻ ശ്രമിച്ചത്. സതീഷാവട്ടെ തക്കം പാർത്തിരുന്ന് കൃത്യമായ സ്കോറിംഗ് പഞ്ചുകൾ നടത്തുകയും ചെയ്തു. വലിയ ശരീരവുമായി ബ്രൗൺ നടത്തിയ പഞ്ചുകൾ വായുവിലലിഞ്ഞപ്പോൾ സതീഷിന്റെ ഇടികൾ പോയിന്റായി മാറി. ഇതോടെയാണ് അഞ്ചു ജഡ്ജ്മാരിൽ നാലുപേരും സതീഷിനെ ജേതാവായി പ്രഖ്യാപിച്ചത്.

അവസാന റൗണ്ടിൽ തലകൊണ്ടും തോളുകൊണ്ടും ഇടിക്കാനുള്ള ബ്രൗണിന്റെ ശ്രമത്തിൽ പുരികത്തിനും താടിക്കും മുറിവേറ്റെങ്കിലും വലിയ പരിക്കുകൾ കൂടാതെ സതീഷ് വിജയം കണ്ടെത്തി.

ഇനി ലോകചാമ്പ്യനോട്

ക്വാർട്ടറിൽ കടുത്തപോരാട്ടമാണ് സതീഷിനെ കാത്തിരിക്കുന്നത്.എതിരാളി നിലവിലെ ഏഷ്യൻ, ലോക ചാമ്പ്യനായ ഉസ്ബക്കിസ്ഥാന്റെ ബഖോദിർ ജലോലോവ്. പൊക്കത്തിലും വണ്ണത്തിലും സതീഷിനേക്കാൾ കേമൻ. പ്രീ ക്വാർട്ടറിൽ അസർബൈജാന്റെ മഹമ്മദ് അബ്ദുല്ലായേവിനെ 5-0ത്തിനാണ് ജലാലോവ് ഇടിച്ചുതെറുപ്പിച്ചത്. പക്ഷേ സതീഷിന് ഭയന്നിട്ടുകാര്യമില്ല,ജയിച്ചാലേ മെഡലുറപ്പിക്കാനാകൂ.

ബ്രൗണിന്റെ കഞ്ചാവ് ജ്യൂസ്

1996ന് ശേഷം ജമൈക്കയിൽ നിന്ന് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ആദ്യ ബോക്സറാണ് റിക്കാർഡോ ബ്രൗൺ.ഉദ്ഘാടനച്ചടങ്ങിൽ ജമൈക്കയുടെ പതാകയേന്തിയതും ബ്രൗണാണ്. ജമൈക്കയിൽ ഒരു ഷെഫായി ജോലി ചെയ്യുന്ന ബ്രൗൺ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സെൻസി ജ്യൂസ് ' എന്ന ഓർഗാനിക് ജ്യൂസ് കമ്പനിയുടെ കോ ഫൗണ്ടർ കൂടിയാണ്. കാനഡയിൽ നിയമവിധേയമായ കഞ്ചാവ് ചേർന്ന ജ്യൂസാണ് ബ്രൗണിന്റേത്.

സതീഷ് കുമാറിന്റെ മെഡലുകൾ

2014 ഏഷ്യൻ ഗെയിംസ് വെങ്കലം

2015 ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെങ്കലം

2018 കോമൺവെൽത്ത് ഗെയിംസ് വെള്ളി

2019 ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെങ്കലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SATISH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.