SignIn
Kerala Kaumudi Online
Saturday, 20 April 2024 3.20 AM IST

മെഡൽ ആൻഡ് ലവ്‌ലി

lovlina

ടോക്യോ: ടോക്യോയിലെ ബോക്‌സിംഗ് റിംഗിൽ ക്വാർട്ടറിനിറങ്ങുമ്പോൾ ഒരു കാര്യത്തിൽ ലവ്‌ലിനയ്ക്ക് ഉറപ്പായിരുന്നു. ജയിച്ചാൽ തനിക്കുമുന്നിൽ തുറക്കുന്നത് ചരിത്രത്തിന്റെ വാതിലായിരിക്കും.പക്ഷേ അതു നടക്കണമെങ്കിൽ ഭയരഹിതമായി കളിക്കണം. അങ്ങനെ മുൻ ലോകചാമ്പ്യനാണെന്നതും നാലുവട്ടം തന്നെ തോൽപ്പിച്ചതാണെന്നതുമൾപ്പടെയുളള നെഗറ്റീവ് ചിന്തകളെ മുഴുവൻ മനസിൽ നിന്ന് മാറ്റിയാണ് ലവ്‌ലിന ഇന്ത്യയുടെയുടെ മെഡൽ ഗേളായത്. പേടിയില്ലാതെ കളിക്കുക എന്നതല്ലാതെ മറ്റൊരു തന്ത്രവും തനിക്കില്ലായിരുന്നുവെന്നും ഈ ആസാംകാരി പറയുന്നു.

ചൈനീസ് തായ്‌പേയ് താരം ചെൻ നിയെൻ ചിന്നിനെതിരെയുള്ള മുൻ തോൽവികൾ നൽകിയ പാഠമാണ് ലവ്‌ലിനയ്ക്ക് 4-1 ന്റെ തകർപ്പൻ വിജയം സമ്മാനിച്ചത്.നാലാം സീഡും മുൻ ലോക ചാമ്പ്യനുമായ ചെൻ എതിരാളിയുടെ അരികിലെത്തി ആക്രമിക്കുന്ന താരമാണ്.ആ സ്ട്രാറ്റജി തന്നെയാണ് ഇന്നലെയും പുറത്തെടുത്തത്. പക്ഷേ 23-കാരിയായ ലവ്‌ലിന ആദ്യ റൗണ്ടിൽ ചെന്നിനെ പരമാവധി അകറ്റി നിറുത്തുന്നതിൽ വിജയിച്ചു. ആദ്യ റൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാടിയ ലവ്‌ലിന 3-2-ന് റൗണ്ടിൽ മുന്നിലെത്തി. ഈ ലീഡ് നൽകിയ ആത്മവിശ്വാസമാണ് രണ്ടാം റൗണ്ടിൽ ലവ്‌ലിനയ്ക്ക് വ്യക്തമായ ആധിപത്യം നൽകിയത്. 5-0നാണ് ലവ്‌ലിന രണ്ടാം റൗണ്ട് സ്വന്തമാക്കിയത്. പിന്നാലെ മൂന്നാം റൗണ്ടിലും മികച്ച പ്രകടനം പുറത്തെടുത്ത താരം ഇന്ത്യയ്ക്കായി മെഡൽ ഉറപ്പാക്കുകയായിരുന്നു.

2018ലെയും 2019ലെയും ലോക ചാമ്പ്യൻഷിപ്പുകളിൽ വെങ്കല മെഡൽ നേടിയ അനുഭവസമ്പത്താണ് ലവ്‌ലിനയ്ക്ക് ഒളിമ്പിക്സ് വേദിയിൽ തുണയായത്.

സെമിയിൽ തുർക്കിക്കാരി

അടുത്ത ബുധനാഴ്ചയാണ് ലവ്‌ലിനയ്ക്ക് സെമിഫൈനലിന് ഇറങ്ങേണ്ടത്. എതിരാളി മുൻ ലോകചാമ്പ്യയായ തുർക്കി താരം ബസെനസ് സുമനേലി.സെമിയിൽ സുനേലിയെ തോൽപ്പിക്കാനായാൽ വെള്ളിയുറപ്പിച്ച് വനിതാ ബോക്സിംഗിൽ ഒളിമ്പിക്സിലെ ഏറ്റവും മികച്ച മെഡൽ നേട്ടത്തിൽ മേരികോമിനെയും മറികടക്കാൻ ലവ്‌ലിനയ്ക്ക് കഴിയും.

യൂറോപ്യൻ സർക്യൂട്ടിലെ അനുഭവ പരിചയമാണ് സുമനേലിയുടെ കരുത്ത്.2019ൽ റഷ്യയിൽ ന‌ടന്ന ലോക ചാമ്പ്യൻഷിപ്പിലാണ് സുമനേലി സ്വർണം നേടിയത്. 2017ലെ യൂറോപ്യൻ യൂണിയൻ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു. 2019ൽ വെങ്കലവും.2020ൽ ഹംഗറിയിൽ നടന്ന ലോക ഇന്റർനാഷണൽ ടൂർണമെന്റിലും സ്വർണം നേടിയിരുന്നു.

1.77 - 1.70

ലവ്‌ലിനയും സുമനേലിയും തമ്മിലുള്ള സെമി പോരാട്ടത്തിൽ നിർണായകമാവുക ഉയരവ്യത്യാസമാകും. ലവ്‌ലിനയ്ക്ക് 1.77 മീറ്ററാണ് ഉയരം.സുമനേലിക്ക് 1.70 മീറ്ററും.

വെങ്കലപ്രിയ

രണ്ട് വീതം ലോക ചാമ്പ്യൻഷിപ്പുകളിലും ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും വെങ്കലം നേടിയിട്ടുള്ള താരമാണ് ലവ്‌ലിന.2019ൽ സുമനേലി ലോകചാമ്പ്യനാകുമ്പോൾ ലവ്‌ലിന മൂന്നാമതായിരുന്നു.2018ലും വെങ്കലം.2017,2021 വർഷങ്ങളിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയത്.

ക്വാർട്ടറിനിറങ്ങുമ്പോൾ എനിക്ക് പ്രത്യേകിച്ച് ഒരു തന്ത്രവും ഉണ്ടായിരുന്നില്ല. പേടിക്കാതെ കളിച്ചാൽ ജയിക്കാൻ കഴിയും എന്ന് എനിക്ക് ഉറപ്പായിരുന്നു. നാലുവട്ടം ഞാനവളോട് തോറ്റതാണ്. ഭയന്നുകളിച്ചതുകൊണ്ടാണ് ആ തോൽവികളെല്ലാം സംഭവിച്ചത്. അവളുടെ തന്ത്രങ്ങൾ എല്ലാം എനിക്കറിയാമായിരുന്നു. പകവീട്ടണമെന്ന വാശിയിൽ പേടിയെല്ലാം മറന്നാണ് ഇറങ്ങിയത്. അതാണ് വിജയിക്കാൻ കാരണവും.

- ലവ്‌ലിന ബോർഗോഹെയ്ൻ

സിമ്രാൻ സലാം പറഞ്ഞു

അതേസമയം ഇന്നലെ വനിതകളുടെ 60 കിലോ വിഭാഗത്തിൽ റിംഗിലിറങ്ങിയ ഇന്ത്യയുടെ സിമ്രാൻജിത് കൗർ പ്രീ ക്വാർട്ടറിൽ പടിയിറങ്ങി. തായ്‌ലൻഡിന്റെ സുദാപോൺ സീസോൻദിയാണ് ഇന്ത്യൻ താരത്തെ നിലംതൊടാതെ പറപ്പിച്ചത്. 5-0 എന്ന സ്‌കോറിനായിരുന്നു തായ്‌ താരത്തിന്റെ വിജയം.

നാലാം സീഡായ സിമ്രാനെതിരെ മൂന്നു റൗണ്ടുകളിലും ആധിപത്യം പുലർത്തിയത് സുദാപോണാണ്. മൂന്നു റൗണ്ടുകളിലുമായി സുദാപോൺ 30 പോയിന്റ് നേടിയപ്പോൾ സിമ്രാൻജിത്തിന് 27 പോയിന്റാണ് നേടാനായത്. അഞ്ച് ജഡ്ജുമാരും തായ്‌ താരത്തിന് അനുകൂലമായാണ് വിധിച്ചത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ചാണ് സിമ്രാൻ പ്രീ ക്വാർട്ടറിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, LOVELIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.