ടോക്യോ: ഗോൾഡൻ സ്ലാം സ്വപ്നം കണ്ട് ടോക്യോ ഒളിമ്പിക്സിനെത്തിയ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ചിന് വെങ്കലം പോലുമില്ലാതെ മടങ്ങേണ്ടിവന്നു. സെമി ഫൈനലിൽ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവിനോട് തോറ്റിരുന്ന ജോക്കോയെ ഇന്നലെ വെങ്കലത്തിനായുള്ള ലൂസേഴ്സ് ഫൈനലിൽ പാബ്ലോ കരേനോ ബുസ്റ്റയും തോൽപ്പിച്ചതാണ് തിരിച്ചടിയായത്. ലോക റാങ്കിംഗിൽ 65-ാം സ്ഥാനത്തുള്ള സ്പാനിഷ് താരത്തോട് മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ 4-6,7-6,3-6 എന്ന സ്കോറിനാണ് ജോക്കോ തോറ്റത്.
റോജർ ഫെഡററും നദാലും പിന്മാറിയതിനാൽ ടോക്യോയിൽ സ്വർണമുറപ്പെന്ന് കരുതിയാണ് കൊവിഡ് സാഹചര്യത്തിലും നൊവാക്ക് മത്സരിക്കാനെത്തിയത്.ഈ വർഷത്തെ മൂന്ന് ഗ്രാൻസ്ളാമുകളും നേടിയ നൊവാക്കിന് ഒളിമ്പിക്സും നടക്കാനിരിക്കുന്ന യു.എസ് ഓപ്പണും നേടിയാൽ അപൂർവമായ ഗോൾഡൻ സ്ളാമിന് അവസരമൊരുങ്ങുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |