പാരിലിമ്പിക്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ ടേബിൾ ടെന്നിസ് താരം ഭവിന ബെൻ പട്ടേൽ
ടോക്യോ: പാരിലിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതാ ടേബിൾ ടെന്നിസ് താരം ഭവിന ബെൻ പട്ടേൽ. വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്നലെ സെമിയിലെത്തി മെഡലുറപ്പിച്ചാണ് ഭവിന ടോക്യോയിൽ ഇന്ത്യൻ താരോദയമായത്. പാരാലിമ്പിക്സ് ടേബിൾ ടെന്നിസിൽ മെഡലുറപ്പിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ഭവിന.
ഇന്നലെ ക്ലാസ് 4 വിഭാഗം ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ സെർബിയയുടെ ബൊറിസ്ലാവ പെറിക്ക് റാൻകോവിക്കിനെ നേരിട്ടുള്ള ഗെയിമുകളിൽ തരിപ്പണമാക്കിയാണ് ഭവിന ഇന്ത്യയുടെ അക്കൗണ്ടിൽ ഇത്തവണത്തെ ആദ്യ മെഡലുറപ്പിച്ചത്. 11-5, 11-6, 11-7 ന് 18 മിനിട്ടിൽ ഭവിന സെർബിയൻ താരത്തിന്റെ വെല്ലുവിളി അവസാനിച്ചു.
ആദ്യ മത്സരത്തിൽ തോറ്റതിന് ശേഷമാണ് അടുത്ത മൂന്ന് മത്സരങ്ങളും തുടർച്ചയായി ജയിച്ച് മുപ്പത്തിനാലുകാരിയായ ഭവിനയുടെ പടയോട്ടം. ഇന്ന് രാവിലെ നടക്കുന്ന സെമി ഫൈനലിൽ ഭവിന ചൈനയുടെ ഷാങ് മിയാവോയെ നേരിടും. ജിയച്ചാൽ സ്വർണമോ വെള്ളിയോ ഭവിനയ്ക്ക് ഉറപ്പിക്കാം. നിലവിൽ വെങ്കലമെഡൽ ഉറപ്പിച്ചു കഴിഞ്ഞു ഭവിന. ടേബിൾ ടെന്നിസിൽ സെമിയിൽ തോറ്റാലും വെങ്കല മെഡൽ ലഭിക്കും.ഇന്നലെ രാവിലെ പ്രീക്വാർട്ടറിൽ ബ്രസീലിന്റെ ജോയിസ് ഡെ ഒലിവേരയെ വീഴ്ത്തി ക്വാർട്ടർ ഫൈനലിലെത്തിയപ്പോഴും ഭവിന റെക്കാഡ് സ്വന്തമാക്കിയിരുന്നു. പാരിലിമ്പിക്സ് ടേബിൾ ടെന്നിസിൽ ക്വാർട്ടറിൽ എത്തുന്ന അദ്യ ഇന്ത്യൻ താരമെന്ന റെക്കാഡാണ് ഒലിവേരയ്ക്ക് എതിരായ വിജയത്തോടെ ഭവിന സ്വന്തമാക്കിയത്. ഗുജറാത്തിലെ മെഹ്സാന സ്വദേശിയാണ് ഭവിന.
അതിനിടെ വനിതകളുടെ വെയ്റ്റ് ലിഫ്ടിംഗിൽ 50 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സക്കീന കാത്തൂമിന് മെഡൽ നേടാനായില്ലെങ്കിലും അഞ്ചാം സ്ഥാനത്തെത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
2014ൽ ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം നേടിയ താരമാണ് 32 കാരിയായ സക്കീന. കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ഏക ഇന്ത്യൻ വനിതാ പാരാലിമ്പ്യനാണ് സക്കീന.
2017 മുതലാണ് അന്താരാഷ്ട്ര പാരാലിമ്പിക് കമ്മിറ്റി ഗവേണിംഗ് ബോർഡ് അന്താരാഷ്ട്ര ടേബിൾ ടെന്നിസ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം സെമിയിൽ തോൽക്കുന്നവർക്ക് വെങ്കലത്തിനായി പ്ലേ ഓഫ് മത്സരം നടത്താതെ രണ്ട് പേർക്കും മെഡൽ വീതിച്ചു നൽകാൻ തീരുമാനിച്ചത്.
മെഡലുറപ്പിക്കാനായതിൽ വലിയ സന്തോഷം. ഇന്ത്യയിലെ ജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ സെമിയിലും ജയിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഭവിന പട്ടേൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |