SignIn
Kerala Kaumudi Online
Thursday, 25 April 2024 10.05 AM IST

മെഡലുത്സവം

paralimpics

ടോക്യോ പാരാലിമ്പിക്സിൽ ഇന്നലെ ഇന്ത്യയ്ക്കായി മെഡൽ നേടിയ മൂന്ന് താരങ്ങളും വെല്ലുവിളികളെ മനക്കരുത്തുകൊണ്ട് ധീരമായി നേരിട്ട് മുന്നേറിയവരാണ്. അവരുടെ കഥയറിയാം...

ടോക്യോ : ഒന്നിനുപിന്നാലെ ഒന്നായി മൂന്ന് മെഡലുകൾ...രാവിലെ ഭവിനയുടെ വെള്ളി,വൈകിട്ട് നിഷാദിന്റെ വെള്ളി;ഒടുവിൽ വിനോദ്കുമാറിന്റെ വെങ്കലവും. ഒരു ദിവസംതന്നെ മൂന്ന് മെഡലുകൾ ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഇതാദ്യമായാണ്.

ടേബിൾ ടെന്നിസിൽ സെമിയിലെത്തിയപ്പോൾ തന്നെ ഭവിന മെഡൽ ഉറപ്പിച്ചിരുന്നു. ഇന്നലെ ഫൈനലിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശിയാകാൻ ഭവിനയ്ക്ക് കഴിഞ്ഞു.അത്‌ലറ്റിക്സിൽ നിഷാദും വിനോദും ഏഷ്യൻ റെക്കാഡോടെയാണ് മെഡലുകൾ സ്വന്തമാക്കിയത്.

വിധിയോട് പൊരുതി നേടിയ വെള്ളി

ഒന്നാം വയസിൽ പോളിയോ ബാധിച്ചാണു ഭാവിനാബെൻ പട്ടേലിന്റെ അരയ്ക്കുതാഴേക്കു തളർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലെ വട്നഗറിലാണു ഭാവിനയുടെ ജനനം. പ്ളസ് ടു വരെ നാട്ടിലെ സ്കൂളിൽ പഠിച്ചശേഷം അഹമ്മദാബാദിലേക്കു മാറി. അവിടെ കംപ്യൂട്ടർ പഠനത്തിനൊപ്പമാണ് ടേബിൾ ടെന്നിസ് കളിച്ചു തുടങ്ങിയത്. ഗുജറാത്ത് സർവകലാശാലയിൽനിന്നു ഡിഗ്രി നേടിയതിനൊപ്പം മത്സരവേദികളിലും തിളങ്ങി.

ബെംഗളൂരുവിൽ നടന്ന ദേശീയ ചാംപ്യൻഷിപ്പിൽ പാരാ ടേബിൾ ടെന്നിസിൽ ജേതാവായതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2011ൽ തായ്‌ലൻഡിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയതോടെ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തി. 2013ൽ ഏഷ്യൻ പാരാ ടേബിൾ ടെന്നിസിൽ വെള്ളി നേടി. 2016ൽ റിയോ പാരാലിംപിക്സിനു യോഗ്യത നേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ മത്സരിക്കാൻ പറ്റിയില്ല. 2018ലും ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ നേടി.

മെഡൽ സച്ചിനെ കാണിക്കണം

തനിക്ക് ലഭിച്ച വെള്ളി മെഡൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ കാണിക്കണമെന്നാണ് ആഗ്രഹമെന്ന് ഭവിന പറയുന്നു. താൻ സച്ചിന്റെ വലിയ ആരാധികയാണെന്നും സച്ചിനാണ് പ്രചോദനമെന്നും ഭവിന പറഞ്ഞു.ഭവിനയുടെ നേട്ടത്തെ അഭിനന്ദിച്ച് സച്ചിൻ ട്വീറ്റ് ചെയ്തിരുന്നു.

റെക്കാഡോടെ നിഷാദ്

കൈയ്ക്ക് വൈകല്യമുള്ളവരുടെ (T47)ഹൈജമ്പ് ഫൈനലിൽ 2.06 മീറ്റർ ഉയരം താണ്ടി ഏഷ്യൻ റെക്കോർഡിന് ഒപ്പമെത്തിയ പ്രകടനത്തോടെയാണ് നിഷാദ് കുമാർ വെള്ളി സ്വന്തമാക്കിയത്.

അമേരിക്കൻ താരം റോഡ്രിക് ടൗൺസെൻഡ് ലോക റെക്കോർഡ് തിരുത്തി 2.15 മീറ്റർ ഉയരം താണ്ടി സ്വർണം നേടി. യുഎസിന്റെ തന്നെ ഡല്ലാസ് വൈസ് 2.06 മീറ്റർ ഉയരം താണ്ടി നിഷാദ് കുമാറിനൊപ്പം വെള്ളി പങ്കിട്ടു. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ രാംപാൽ കരിയറിലെ ഏറ്റവും മികച്ച ഉയരമായ 1.94 മീറ്റർ ഉയരം താണ്ടിയെങ്കിലും അഞ്ചാം സ്ഥാനത്തായി.

ഹിമാചൽ പ്രദേശിലെ ഉന സ്വദേശിയായ നിഷാദിന്റെ വലതുകൈ 14 വർഷം മുമ്പ് കട്ടിംഗ് മെഷീനിൽ കുടുങ്ങിയതിനെത്തുടർന്നാണ് മുറിച്ചുമാറ്റേണ്ടിവന്നത്. മേസ്തിരിപ്പണിക്കാരനായ പിതാവ് വീട്ടിൽ സൂക്ഷിച്ചിരുന്ന കട്ടിംഗ് മെഷീനിൽ കളിക്കുന്നതിനിടെയാണ് ആറാം വയസിൽ അപകടമുണ്ടായത്. കൈ മുറിച്ചുമാറ്റിയതിന് ശേഷം വലിയ നിരാശയിലായിരുന്ന നിഷാദ് ടിവിയിൽ സ്പോർട്സ് മത്സരങ്ങൾ കണ്ട് ആവേശം കയറിയാണ് ഈ രംഗത്തേക്ക് എത്തിയത്.സ്കൂളിലെ പരിശീലകനായ രമേഷാണ് സഹായഹസ്തവുമായെത്തിയത്.

ഉയിർത്തെണീറ്റ വിനോദ്

പത്തുവർഷം തളർന്നുകിടന്നിടത്തുനിന്ന് പതറാത്ത മനക്കരുത്തുമായാണ് പട്ടാളക്കാരനായിരുന്ന വിനോദ് കുമാർ ഇന്നലെ വെങ്കലമെഡലണിഞ്ഞത്.1971ൽ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്തയാളാണ് വിനോദിന്റെ പിതാവ്. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് സൈനികനാവാനായിരുന്നു വിനോദിന്റെ മോഹം.എന്നാൽ 2002ൽ ബി.എസ്.എഫ് പരിശീലനത്തിനിടെ ലേയിലെ കുന്നിന് മുകളിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. അനക്കമില്ലാതെ കിടക്കയിൽ കഴിയേണ്ടിവന്നത് പത്തുവർഷത്തോളമാണ്.ഇക്കാലയളവിനിടയിൽ അദ്ദേഹത്തിന് അച്ഛനെയും അമ്മയെയും നഷ്ടമായി.

പിന്നീട് പതിയെ ജീവിതത്തിലേക്ക് പിച്ചവച്ച വിനോദിന് കായികരംഗത്തേക്ക് വരാൻ പ്രചോദനമായത് 2016 റിയോ പാരാലിമ്പിക്സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനമാണ്.റോഹ്‌ത്തക്കിലെ സായ് സെന്ററിലാണ് പരിശീലനം. 2019ലാണ് വിനോദ് ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PARALIMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.