സഞ്ജുവിന്റെ ഫിഫ്റ്റി പാഴായി, രാജസ്ഥാൻ 7 വിക്കറ്രിന് ഹൈദരാബാദിനോട് തോറ്റു
ദുബായ്: ഐ.പി.എല്ലിൽ തുടർച്ചയായ തോൽവികൾക്കൊടുവിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് 7 വിക്കറ്റിന് രാജസ്ഥാൻ റോയൽസിനെ കീഴടക്കി
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ക്യാപ്ടൻ സഞ്ജു സാംസണിന്റെ തകർപ്പൻ അർദ്ധ സെഞ്ചുറിയുടെ പിൻബലത്തിൽ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഓപ്പണർ ജേസൺ റോയ്യുടേയും ക്യാപ്ടൻ കേൻ വില്യംസണിന്റേയും അർദ്ധ സെഞ്ചുറികളുടെ മികവിൽ 18.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (167/3). തോൽവി രാജസ്ഥാന്റെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. സീസണിലെ രണ്ടാമത്തെ ജയം മാത്രം നേടിയ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തേ അവസാനിച്ചിരുന്നു.
നേരത്തേ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൺറൈസേഴ്സ് ബൗളേഴ്സിനെ സമർത്ഥമായി നേരിട്ട് 57 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പെടെ 82 റൺസെടുത്ത് ക്യാപ്ടൻ സഞ്ജു സാംസണാണ് രാജസ്ഥാന് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്. യശ്വസി ജയ്സ്വാൾ (23 പന്തിൽ 36), മഹിപാൽ ലോംറോർ (പുറത്താകാതെ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം എവിൻ ലൂയിസ് (6), ലിയാം ലിവിംഗ്സ്റ്റൺ (4), റയാൻ പരാഗ് (0) എന്നിവർ നിരാശപ്പെടുത്തി.
സൺറൈസേഴ്സിനായി സിദ്ധാർത്ഥ് കൗൾ രണ്ടും ഭുവനേശ്വർ, റാഷിദ്ഖാൻ, സന്ദീപ് ശർമ്മ എന്നിവർ ഓരോവിക്കറ്റ്് വീതവും വീഴ്ത്തി.
തുടക്കത്തിൽ രാജസ്ഥാൻ ഇന്നിംഗ്സിലെ രണ്ടാം ഓവർ മെയ്ഡനാക്കിയ ഭുവി എവിൻ ലൂയിസിന്റെ വിക്കറ്റും സ്വന്തമാക്കി ഹൈദരാബാദിന് മേൽക്കൈ നൽകി. എന്നാൽ തുടർന്നെത്തിയ സഞ്ജു യശ്വസിക്കൊപ്പം രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 56 റൺസിന്റേയും നാലാം വിക്കറ്റിൽ ലോംറോറിനൊപ്പം കൂട്ടിച്ചേർത്ത 84 റൺസിന്റേയും കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്.
രാജസ്ഥാനുയർത്തിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദിന് ഓപ്പണർമാരായ റോയ്യും (42 പന്തിൽ 60, 8 ഫോർ1സിക്സ്) വൃദ്ധിമാൻ സാഹയും (18) 5 ഓവറിൽ 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സാഹയെ ലോംറോറിന്റെ പന്തിൽ സഞ്ജു സ്റ്രമ്പ് ചെയ്ത് പുറത്താക്കിയെങ്കിലും പിന്നീടെത്തിയ വില്യംസണും (പുറത്താകാതെ 41 പന്തിൽ 51) റോയ്യും അടിച്ചു കസറിയതോടെ ഹൈദരാബാദ് ഉദിച്ചുയർന്നു. റോയ്യും പ്രിയം ഗാർഗും (0) അടുത്തടുത്ത ഓവറുകളിൽ പുറത്തായെങ്കിലും പിന്നീടെത്തിയ അഭിഷേക് ശർമ്മയ്ക്കൊപ്പം (21) വില്യംസൺ ഹൈദരാബാദിനെ വിജയ തീരത്തെത്തിച്ചു.
സഞ്ജുവിന് ഓറഞ്ച് ക്യാപ്പ്
ഇന്നലത്തെ ഇന്നിംഗ്സോടെ ഇത്തവണ ഏറ്രവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ് ഡൽഹിയുടെ ശിഖർ ധവാനെ മറികടന്ന് സഞ്ജു സ്വന്തമാക്കി. 10 കളികളിൽ നിന്നായി സഞ്ജു 433 റൺസ് നേടിക്കഴിഞ്ഞു. ഇതോടൊപ്പം ഐ.പി.എല്ലിൽ മൂവായിരം റൺസ് തികയ്ക്കാനും സഞ്ജുവിനായി. 117 മത്സരങ്ങളിൽ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം.
ഐ.പി.എല്ലിൽ
ഇന്ന്
കൊൽക്കത്ത-ഡൽഹി
(വൈകിട്ട് 3.30 മുതൽ)
മുംബയ് - പഞ്ചാബ്
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |