SignIn
Kerala Kaumudi Online
Thursday, 28 March 2024 5.52 PM IST

100 കാണാത്ത കാലം

virat-

അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കൊഹ്‌ലിക്ക് സെഞ്ച്വറി നേടാൻ കഴിയാതെ രണ്ട് വർഷങ്ങൾ

2013 നവംബർ 14ന് വാങ്കഡെ സ്റ്റേഡിയത്തിൽ തന്റെ വിരമിക്കൽ പ്രസംഗത്തിന് ഇറങ്ങും മുമ്പ് സാകഷാൽ സച്ചിൻ ടെൻഡുൽക്കർ വിരാട് കൊഹ്‌ലിയോട് പറഞ്ഞിരുന്നു; -നീ എന്നോടൊപ്പം തന്നെ ഉണ്ടാകണം, എന്തെങ്കിലും മറന്നുപോയാൽ ഓർമ്മിപ്പിക്കണം. ഇനിയെല്ലാം നിന്റെ ചുമലിലാണ്. റെക്കാഡുകൾ ഒന്നൊന്നായി തിരുത്തിയെഴുതിയ സച്ചിൻ കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷയും വിരാടിലായിരുന്നു.

ഇതിഹാസ താരത്തിന്റെ പിൻഗാമിയായി വിലയിരുത്തപ്പെട്ട വിരാട് സച്ചിന്റെ സാമ്രാജ്യത്തിന്റെ അവകാശിയായി മാറിയത് വളരെപ്പെട്ടെന്നാണ്. സച്ചിനെക്കാളും വേഗത്തിൽ നാഴികക്കല്ലുകൾ ഒന്നൊന്നായി പിന്നിട്ട വിരാട് പക്ഷേ ഇപ്പോൾ ഒരു പ്രതിസന്ധി ഘട്ടത്തിലാണ്. ട്വന്റി-20യിലെ നായക പദവി ഒഴിയേണ്ടിവന്നതല്ല സത്യത്തിൽ വിരാടിന്റെ വിഷമകാലം. സച്ചിന്റെ നൂറ് അന്താരാഷ്ട്ര സെഞ്ച്വറികൾ എന്ന റെക്കാഡ് തിരുത്തിയെഴുതാൻ ശേഷിയുള്ള താരം എന്ന് വിലയിരുത്തപ്പെട്ട വിരാടിന് കഴിഞ്ഞ രണ്ടുവർഷമായി ഒരു സെഞ്ച്വറിപോലും നേടാനായിട്ടില്ല.ബാറ്റർ എന്ന നിലയിൽ വിരാടിൽ നിന്ന് ഇത്തരത്തിലൊരു ഘട്ടം പ്രതീക്ഷിച്ചിരുന്നില്ല.

2008 ആഗസ്റ്റ് 18-ന് ദാംബുളളയിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് വിരാട് ആദ്യമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്. തൊട്ടടുത്ത വർഷം ശ്രീലങ്കയ്ക്ക് എതിരെ ഈഡൻ ഗാർഡൻസിൽ നടന്ന ഏകദിനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി മൂന്നക്കം കടന്നു. ഒരു പതിറ്റാണ്ടായി ക്രിക്കറ്റ് മൈതാനങ്ങളിൾ തേരോട്ടം നടത്തുന്ന വിരാടിന്റെ റൺവേട്ടയിൽ പിന്നിലായിപ്പോയത് സച്ചിൻ മാത്രമായിരുന്നില്ല, ഗാംഗുലി, ദ്രാവിഡ്, റിക്കി പോണ്ടിംഗ് തുടങ്ങിയവരും കൂടിയായിരുന്നു.

2019 നവംബർ 23-ന് ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ് വിരാടിന്റെ ബാറ്റിൽ നിന്ന് അവസാനമായി ഒരു സെഞ്ച്വറി പിറന്നത്. രാജ്യാന്തര ക്രിക്കറ്റിൽ വിരാടിന്റെ 70-ാം സെഞ്ച്വറിയായിരുന്നു ഇത്. 194 പന്തിൽ നിന്ന് 136 റൺസ് നേടിയ ആ ഇന്നിംഗ്സിനു ശേഷം ടെസ്റ്റിൽ 12 മത്സരങ്ങളിലായി 21 ഇന്നിംഗ്സുകളും ഏകദിനത്തിൽ 15 മത്സരങ്ങളും ട്വന്റി 20യിൽ 23 മത്സരങ്ങളും വിരാട് കളിച്ചു. ഇതുവരെ ഒരു സെഞ്ച്വറി മാത്രം പിറന്നില്ല.

2019 നവംബറിന് ശേഷം കളിച്ച 12 ടെസ്റ്റുകളിൽ 21 ഇന്നിംഗ്സുകളിൽ 28.15 ശരാശരിയിൽ 563 റൺസ് മാത്രമാണ് വിരാടിന് നേടാനായത്. അഞ്ച് അർദ്ധ സെഞ്ച്വറികൾ ഈ സമയം സ്വന്തമാക്കാനായി. അഡ്‌ലെയ്ഡിൽ ആസ്‌ട്രേലിയക്കെതിരേ നേടിയ 74 റൺസായിരുന്നു ഉയർന്ന സ്‌കോർ.

ഏകദിനത്തിൽ വിരാടിന്റെ ബാറ്റിൽ നിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് രണ്ടു വർഷവും മൂന്നു മാസവുമായി. 2019 ആഗസ്റ്റ് 14-ന് വെസ്റ്റിൻഡീസിനെതിരേ പോർട്ട് ഓഫ് സ്‌പെയ്‌നിലാണ് അവസാനമായി ഏകദിന സെഞ്ച്വറി നേടിയത്. 114 റൺസായിരുന്നു ക്യാപ്ടന്റെ ബാറ്റിൽ നിന്ന് അന്ന് പിറന്നത്. അതിനു ശേഷം 15 ഏകദിന മത്സരങ്ങൾ കളിച്ചു. 43.26 ശരാശരിയിൽ 649 റൺസ് നേടി. അഞ്ച് തവണ 50 കടന്നെങ്കിലും ഒന്ന് പോലും മൂന്നക്കത്തിലെത്തിയില്ല. 89 റൺസാണ് ഉയർന്ന സ്‌കോർ.

2018 കലണ്ടർ വർഷത്തിൽ 14 ഏകദിനങ്ങളിൽ നിന്ന് ആറ് സെഞ്ച്വറിയും 2017-ൽ 26 മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ച്വറിയും 2016-ൽ 10 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറിയും നേടിയ താരത്തിൽ നിന്നാണ് 27 മാസക്കാലമായി ഒരു ഏകദിന സെഞ്ച്വറി പോലും ഇല്ലാതെ പോകുന്നത്.

2019 നവംബറിന് ശേഷം ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിലടക്കം 23 മത്സരങ്ങളിൽ കോലി കളിച്ചു. 20 ഇന്നിംഗ്സുകളിൽ ബാറ്റിംഗിനിറങ്ങി. 59.76 എന്ന മികച്ച ശരാശരിയിൽ 777 റൺസാണ് ഇക്കാലയളവിൽ അടിച്ചുകൂട്ടിയത്. പക്ഷേ രാജ്യാന്തര ട്വന്റി 20-യിൽ ഇതുവരെ മൂന്നക്കം കടക്കാൻ സാധിച്ചിട്ടില്ല. 2019 ഡിസംബർ ആറിന് വെസ്റ്റിൻഡീസിനെതിരേ നേടിയ 94 റൺസാണ് ട്വന്റി 20 കരിയറിലെ ഉയർന്ന സ്‌കോർ.

ക്യാപ്ടനെന്ന നിലയിൽ ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമടക്കം മികച്ച പ്രകടനം നടത്താൻ വിരാടിനായിരുന്നു. എന്നാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനോട് തോറ്റത് തിരിച്ചടിയായി. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പിന് ശേഷം ഈ ഫോർമാറ്റിലെ നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്ന വിരാടിന് ടീമിനെ സെമിയിലെത്തിക്കാൻ കഴിയാതെപോയത് അടുത്ത തിരിച്ചടിയായി. ഐ.പി.എൽ ടീം ആർ.സി.ബിയുടെ നായകവേഷത്തിൽ നിന്നും പടിയിറങ്ങിയത് ഈ വർഷമാണ്.

ഗാംഗുലിക്ക് ശേഷം അക്രമണോത്സുകനായ നായകനെന്ന് പേരെടുത്ത വിരാടിന് നിരവധി പരമ്പരകൾ സ്വന്തമാക്കാൻ സാധിച്ചെങ്കിലും ഐ.സി.സികിരീടങ്ങളൊന്നും നേടിക്കൊടുക്കാൻ കഴിയാത്തത് നാണക്കേടായി മാറിയിട്ടുണ്ട്. ഇതിനൊപ്പമാണ് രണ്ടു വർഷത്തോളമായി സെഞ്ച്വറി അകന്ന് നില്‍ക്കുന്നതിന്റെ വേദന. ട്വന്റി- 20യ്ക്ക് പിന്നാലെ ഏകദിന ക്യാപ്ടൻ സ്ഥാനവും ഒഴിയുമെന്ന ശ്രുതികളും ഉയരുന്നുണ്ട്. ഇതിനെല്ലാം വിരാട് ഒരു സെഞ്ച്വറികൊണ്ട് മറുപടി നൽകുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടീമിലേക്ക് മടങ്ങിയെത്തുന്ന നായകന് അതിന് കഴിയട്ടെ...

70

അന്താരാഷ്ട്ര സെഞ്ച്വറികളാണ് വിരാട് ഇതുവരെ നേടിയിരിക്കുന്നത്.

2009

ഡിസംബർ 24ന് ശ്രീലങ്കയ്ക്ക് എതിരെ ഈഡൻ ഗാർഡൻസിൽ ആദ്യ ഏകദിന സെഞ്ച്വറി

2012

ജനുവരി 24ന് അഡ്‌ലെയ്ഡിൽ ആസ്ട്രേലിയയ്ക്ക് ആദ്യ ടെസ്റ്റ് സെഞ്ച്വറി

27

ടെസ്റ്റ് സെഞ്ച്വറികൾ ഇതുവരെ നേടിക്കഴിഞ്ഞു.എതിൽ ഏഴ് ഇരട്ട സെഞ്ച്വറികൾ.

43

ഏകദിന സെഞ്ച്വറികളാണ് ഏകദിനത്തിൽ ഇതുവരെ നേടിയത്.

2019

ആഗസ്റ്റ് 14നായിരുന്നു അവസാന ഏകദിന സെഞ്ച്വറി

2019

നവംബർ 23നായിരുന്നു അവസാന ടെസ്റ്റ് സെഞ്ച്വറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VIRAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.