ഗ്രൂപ്പ് റൗണ്ടിലെ ആറാം മത്സരത്തിലും വിജയിച്ച് ലിവർപൂൾ പ്രീ ക്വാർട്ടറിൽ
സിറ്റി തോറ്റിട്ടും ഗ്രൂപ്പ് ചാമ്പ്യന്മാർ,ലെയ്പ്സിംഗ് ജയിച്ചിട്ടും പുറത്ത്
റയലും അത്ലറ്റിക്കോയും പി.എസ്.ജിയും നോക്കൗട്ടിൽ,എ.സി മിലാൻ പുറത്ത്
മത്സരഫലങ്ങൾ
പി.എസ്.ജി 4-ക്ളബ് ബ്രൂഗെ 1
ലെയ്പ്സിംഗ് 2- മാഞ്ചസ്റ്റർ സിറ്റി 1
അയാക്സ് 4-സ്പോർട്ടിംഗ് സി.പി 2
ബൊറൂഷ്യ 5- ബെസിക്താസ് 0
ലിവർപൂൾ 2 -എ.സി മിലാൻ 1
റയൽമാഡ്രിഡ് 2-ഇന്റർ മിലാൻ 0
അത്ലറ്റിക്കോ 3-പോർട്ടോ1
ഷാക്തർ 1-1 ഷെരിഫ്
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആറാം മത്സരത്തിലും വിജയം നേടി ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ നോക്കൗട്ടിൽ. ഗ്രൂപ്പ് ബിയിലെ അവസാന പോരാട്ടത്തിൽ ഇറ്റാലിയൻ ക്ളബ് എ.സി മിലാനെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് ലിവർപൂൾ സമ്പൂർണവിജയം ആഘോഷിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെ 3-1ന് തോൽപ്പിച്ച് സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡ് പ്രീ ക്വാർട്ടറിൽ കടന്നു. ഇതോടെ എ.സി മിലാൻ പ്രീ ക്വാർട്ടർ കാണാതെ പുറത്തായി.
ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ലിവർപൂൾ എ.സി മിലാനെ അവരുടെ തട്ടകത്തിൽ കീഴടക്കിയത്. 28-ാം മിനിട്ടിൽ ടോമോരിയിലൂടെയാണ് മിലാൻ മുന്നിലെത്തിയിരുന്നത്. എന്നാൽ 36-ാം മിനിട്ടിൽ സൂപ്പർ താരം മൊഹമ്മദ് സലായിലൂടെ ലിവർപൂൾ ഒപ്പമെത്തി. ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.55-ാം മിനിട്ടിൽ ഡിവോക്ക് ഒറിജിയാണ് ലിവർപൂളിന്റെ വിജയഗോൾ നേടിയത്.
അന്റോയ്ൻ ഗ്രീസ്മാൻ (56-ാം മിനിട്ട്), എയ്ഞ്ചൽ കൊറേയ (90), റോഡ്രിഗോ ഡി പോൾ (90+2) എന്നിവരാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി പോർട്ടോയ്ക്ക് എതിരെ ലക്ഷ്യം കണ്ടത്. പോർട്ടോയുടെ ആശ്വാസഗോൾ ഇൻജറി ടൈമിൽ സെർജിയോ ഒലിവേര പെനാൽട്ടിയിൽനിന്നാണ് നേടിയത്.
മത്സരത്തിൽ എഫ്സി പോർട്ടോയുടെ രണ്ടു താരങ്ങളും അത്ലറ്റിക്കോ മാഡ്രിഡിന്റെ ഒരാളും ചുവപ്പുകാർഡ് കണ്ട് പുറത്തായി. വിജയത്തോടെ ഗ്രൂപ്പ് ബിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായാണ് അത്ലറ്റിക്കോ നോക്കൗട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |