തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ഇന്നലെ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻ കുട്ടി പ്രകാശനം ചെയ്തു.ടോക്കിയോ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം ഭാഗ്യചിഹ്നമായ മുയലിന് നീരജ് എന്നാണ് പേരിട്ടിരിക്കുന്നത്.കേരള ഒളിമ്പിക് ഗെയിംസിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. എൽ.കെ.ജി മുതൽ വിദ്യാർത്ഥികളുടെ കായിക അഭിരുചി കണ്ടെത്താൻനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആർട്ടിസ്റ്റ് ജിനനാണ് ഭാഗ്യചിഹ്നം രൂപകൽപ്പന ചെയ്തത്. ഫെബ്രുവരി 15 മുതൽ 24 വരെയാണ് തിരുവന്തപുരത്ത് കേരള ഒളിമ്പിക് ഗെയിംസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
14 ജില്ലയിലും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മേൽനോട്ടത്തിൽ നടക്കുന്ന ജില്ലാ ഗെയിംസിൽ നിന്ന് തിരഞ്ഞെടുക്കുന്ന കായിക താരങ്ങളും ടീമകളുമായിരിക്കും സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുക.കേരള ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ച് അന്താരാഷ്ട്ര എക്സ്പോയും തിരുവനന്തപുരത്ത് ഒരുക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ പറഞ്ഞു.കെ.ഒ.എ സെക്രട്ടറി ജനറൽ എസ്.രാജീവ്, ട്രഷറർ എം.ആർ രഞ്ജിത്ത്, സീനിയർ വൈസ് പ്രസിഡന്റ് പി.മോഹൻദാസ്,വൈസ് പ്രസിഡന്റ് എസ്.എം.രഘുചന്ദ്രൻ നായർ,ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി ലേഖ,തിരുവനന്തപരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |