അഡ്ലെയ്ഡ്: ഡബിൾസിൽ ജോടിയായെത്തിയ ആദ്യ ടൂർണമെന്റിൽത്തന്നെ കിരീടം നേടി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും രാംകുമാർ രാമനാഥനും. അഡ്ലെയ്ഡ് എ.ടി.പി 250 ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ ടോപ് സീഡുകളായ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിജ്-ബ്രസീലിന്റെ മാഴ്സെലോ മെലോ സഖ്യത്തെയാണ് ബൊപ്പണ്ണയും രാംകുമാറും അട്ടിമറിച്ചത്. സ്കോർ 7-6,6-1.
41 കാരനായ ബൊപ്പണ്ണയും യുവതാരം രാംകുമാറും മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവെച്ചത്. അട്ടിമറികളിലൂടെയാണ് ടീം ഫൈനൽ വരെയെത്തിയത്. സെമി ഫൈനലിൽ നാലാം സീഡായ ടോമിസ്ലാവ് ബർകിച്ച്-സാന്റിയാഗോ ഗോൺസാലസ് സഖ്യത്തെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇതാദ്യമായാണ് രാംകുമാറും ബൊപ്പണ്ണയും ഡബിൾസ് മത്സരത്തിൽ കൈകോർക്കുന്നത്. ഒരുമിച്ച് പങ്കെടുത്ത ആദ്യ ടൂർണമെന്റിൽ തന്നെ ഫൈനലിലെത്താനും ഇവർക്ക് സാധിച്ചു. ടൂർണമെന്റിൽ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യൻ ടീം കിരീടം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |