SignIn
Kerala Kaumudi Online
Thursday, 25 April 2024 7.59 PM IST

നൂറാടുവാൻ വിരാട്

kohli

ഇന്ത്യ-ശ്രീലങ്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് മൊഹാലിയിൽ തുടക്കം

മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെ നൂറാമത് ടെസ്റ്റ്

മൊഹാലി : ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിന്റെ പിൻഗാമിയായി വാഴ്ത്തപ്പെ‌ടുന്ന മുൻ നായകൻ വിരാട് കൊഹ്‌ലി ടെസ്റ്റ് കരിയറിലെ നാഴികക്കല്ല് പിന്നിടാൻ ഇന്ന് മൊഹാലിയിൽ ശ്രീലങ്കയ്ക്ക് എതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനിറങ്ങുന്നു.അതേസമയം രോഹിത് ശർമ്മ സ്ഥിരം ടെസ്റ്റ് നായകനായി അരങ്ങേറ്റം കുറിക്കുന്ന മത്സരം കൂടിയാണിത്. ഈ സുവർണനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മൊഹാലി സ്റ്റേഡിയത്തിൽ പകുതി കാണികളെ പ്രവേശിപ്പിക്കാൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.

ടെസ്റ്റിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന 71-ാമത്തെ താരമെന്ന റെക്കാഡ് സ്വന്തമാക്കാനാണ് വിരാട് ഇന്നിറങ്ങുന്നത്. 100 ക്ളബിലെത്തുന്ന 12-ാമത്തെ ഇന്ത്യക്കാരനുമാകും വിരാട്. ഏറെനാളായി ടെസ്റ്റിൽ സെഞ്ച്വറി തികയ്ക്കാൻ കഴിയാതിരിക്കുന്ന വിരാട് ശ്രീലങ്കയ്ക്ക് എതിരെ സെഞ്ച്വറി നേടിയാൽ ഇന്റർനാഷണൽ ക്രിക്കറ്റിലെ 71-ാമത് സെഞ്ച്വറിക്കും ഉടമയാകും.

ശ്രീലങ്കയ്ക്ക് എതിരെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഫോം തിരിച്ചുപിടിക്കാൻ വിരാട് ഇറങ്ങുന്നത്. ലങ്കയ്ക്ക് എതിരായ കഴിഞ്ഞ നാല് ടെസ്റ്റ് ഇന്നിംഗ്സുകളിൽ രണ്ട് ഇരട്ട സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയുമടക്കം 610 റൺസ് വിരാട് അടിച്ചുകൂട്ടിയിരുന്നു.

ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ മൂന്ന് തുടർ പരമ്പര വിജയങ്ങൾക്ക് ശേഷമാണ് രോഹിത് നയിക്കുന്ന ഇന്ത്യൻ ടീം ടെസ്റ്റ് ഫോർമാറ്റിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ പര്യ‌ടനത്തിലാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. അവിടെ ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം രണ്ട് മത്സരങ്ങൾ തോറ്റ് പരമ്പര കൈവിടുകയായിരുന്നു.

ഫോം നഷ്ടപ്പെട്ട അജിങ്ക്യ രഹാനെയെയും ചേതേശ്വർ പുജാരയെയും ഒഴിവാക്കിയാണ് ഇന്ത്യൻ ടീം ലങ്കയ്ക്കെതിരെ പടയൊരുക്കുന്നത്. വൃദ്ധിമാൻ സാഹയെയും ഒഴിവാക്കുകയായിരുന്നു. കോച്ച് രാഹുൽ ദ്രാവിഡിന്റെ തീരുമാനമനുസരിച്ചാണ് പഴയ മുഖങ്ങളെ മാറ്റി യുവതാരങ്ങൾക്ക് അവസരം നൽകാൻ ഈ പരമ്പര പ്രയോജനപ്പടുത്തുന്നത്. പുതിയ നായകൻ രോഹിതിനൊപ്പം കഴിവുതെളിയിച്ച യുവതാരങ്ങളായ ശുഭ്മാൻ ഗിൽ,ശ്രേയസ് അയ്യർ,മായാങ്ക് അഗർവാൾ,ഹനുമ വിഹാരി,റിഷഭ് പന്ത് തുടങ്ങിയവരുണ്ടാകും. രോഹിതും മായാങ്കും ചേർന്നാവും ഓപ്പണിംഗിനെത്തുക.മദ്ധ്യനിരയിൽവിരാടിന് പിന്നാലെ ഗിൽ, ശ്രേയസ്,വിഹാരി എന്നിവരിറങ്ങാനാണ് സാദ്ധ്യത. പരിക്ക് മാറി ട്വന്റി-20 പരമ്പരയിൽ കളിച്ച രവീന്ദ്ര ജഡേജ ടെസ്റ്റ് ടീമിലുമുണ്ട്. രവി ചന്ദ്രൻ അശ്വിൻ -ജഡേജ സ്പിൻ ദ്വയത്തിന്റെ തിരിച്ചുവരവ് മൊഹാലിയിൽ കാണാനാകും.മൂന്നാം സ്പിന്നറായി ജയന്ത് യാദവോ കുൽദീപ് യാദവോ എത്താനാണ് സാദ്ധ്യത. വൈസ് ക്യാപ്ടൻ ജസ്‌പ്രീത് ബുംറയെക്കൂടാതെ ഷമിയോ സിറാജോ പേസറായി ഉണ്ടാകും.

ദിമുത്ത് കരുണരത്നെയാണ് ശ്രീലങ്കയെ നയിക്കുന്നത്. ലാഹിരു തിരിമന്നെ,പാത്തും നിസംഗ,ഏഞ്ചലോ മാത്യൂസ്,ധനഞ്ജയ ഡിസിൽവ,ദിനേശ് ചാന്ദിമൽ,നിരോഷൻ ഡിക്ക്‌വെല്ല,സുരംഗ ലക്മൽ തുടങ്ങിയവർ ശ്രീലങ്കയ്ക്കായി കളത്തിലിറങ്ങും.

ഇന്ത്യൻ മണ്ണിൽ ഇതുവരെ ഒരു ടെസ്റ്റ് വിജയം പോലും നേടാനാകാത്ത ടീമാണ് ലങ്ക.

38 റൺസ് കൂടി നേടിയാൽ വിരാട് കൊഹ്‌ലിക്ക് ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 8000 റൺസ് തികയ്ക്കുന്ന ബാറ്ററാകാം.

5 വിക്കറ്റുകൾ കൂടി നേടിയാൽ അശ്വിന് കപിൽ ദേവിന്റെ 434 ടെസ്റ്റ് വിക്കറ്റുകൾ മറികടന്ന് ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റുകൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളറാകാം.ഇപ്പോൾ 430 വിക്കറ്റുകളാണ് അശ്വിനുള്ളത്.

10 വിക്കറ്റുകൾ കൂടി നേടിയാൽ അശ്വിന് മുൻ കിവീസ് പേസർ റിച്ചാർഡ് ഹാഡ്ലി(431),ലങ്കൻ സ്പിന്നർ രംഗണ ഹെറാത്ത് (433),ഇന്ത്യൻ പേസർ കപിൽ ദേവ് (434),ഡേൽ സ്റ്റെയ്ൻ (439) എന്നിവരെയൊക്കെ മറികടന്ന് ആഗോള ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ എട്ടാമതെത്താം.

ടി.വി ലൈവ് : രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ

രണ്ടാമത്തെ ടെസ്റ്റ് ബെംഗളുരുവിൽ ഡേ ആൻഡ് നൈറ്റായാണ് നടക്കുന്നത്.

വിരാട പർവ്വം

2011 ജൂൺ 20ന് വെസ്റ്റ് ഇൻഡീസിനെതിരെ കിംഗ്സ്ടൗണിലാണ് വിരാട് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആദ്യ ഇന്നിംഗ്സിൽ വെറും നാലു റൺസ് മാത്രമെടുത്ത് ഫിഡൽ എഡ്വാർഡ്സിന്റെ ബൗളിംഗിൽ കീപ്പർ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു വിരാട്. രണ്ടാം ഇന്നിംഗ്സിൽ 15 റൺസ് മാത്രമെടുത്ത് സമാനമായ രീതിയിൽ പുറത്തായി.അവിടെ തുടങ്ങിയ യാത്ര ഇപ്പോൾ 99 ടെസ്റ്റുകളിലെ 168 ഇന്നിംഗ്സുകളിൽനിന്ന് 27സെഞ്ച്വറികളും 28 അർദ്ധസെഞ്ച്വറികളുമടക്കം 7962 റൺസിലെത്തിയിരിക്കുന്നു. 2014 മുതൽ ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ കേപ്ടൗൺ ടെസ്റ്റുവരെ 68 മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുകയും ചെയ്തു. ഏറ്റവും വേഗത്തിൽ 7000 റൺസ് തികച്ച ബാറ്ററും വിരാടാണ്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പുവരെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ നയിച്ചിരുന്ന വിരാട് ഇപ്പോൾ ഒരു ഫോർമാറ്റിലും ഇന്ത്യൻ നായകനല്ല എന്നതാണ് നാഴികകല്ല് താണ്ടാനൊരുങ്ങുമ്പോൾ വിരാടിന്റെ വ്യക്തിപരമായ നഷ്ടം.

മത്സരം: 99 റൺസ്: 7962 ശരാശരി: 50.39 സെഞ്ചുറി: 27 ക്യാച്ച്: 100... Read more at: https://www.manoramaonline.com/sports/cricket/2022/03/03/virat-kohli-s-100-th-test.html

ടെസ്റ്റിലെ വിരാട്

99 മത്സരങ്ങൾ

7962 റൺസ്

50.39 ശരാശരി

27 സെഞ്ച്വറികൾ

100 ക്യാച്ചുകൾ

2012

ജനുവരി 24ന് അഡ്‌ലെയ്ഡിൽ വച്ച് ആസ്ട്രേലിയയ്ക്ക് എതിരെയാണ് വിരാട് ആദ്യ ടെസ്റ്റ് സെഞ്ച്വറി (116)നേടുന്നത്.

2019 നവംബറിൽ ബംഗ്ലദേശിനെതിരായ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാടിന് തുടർന്നു കളിച്ച 70 ഇന്നിംഗ്സുകളിലൊന്നിലും മൂന്നക്കം കടക്കാനായിട്ടില്ല. 829 ദിവസമാണ് സെഞ്ചുറിയില്ലാതെ പിന്നിട്ടിരിക്കുന്നത്.

6

ഇരട്ട സെഞ്ച്വറികൾ വിരാട് ടെസ്റ്റിൽ നേടിയിട്ടുണ്ട്. ക്യാപ്ടനെന്ന നിലയിൽ ഇത്രയും ഇരട്ടശതകങ്ങൾ നേടിയതും ചരിത്രമാണ്. 2017ൽ മൂന്ന് ഇരട്ട സെഞ്ച്വറികളാണ് നേടിയത്.ഇതിൽ രണ്ടെണ്ണം ലങ്കയ്ക്ക് എതിരെ ആയിരുന്നു.

254

2019ൽ പൂനെയിൽദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ 254 റൺസാണ് ഉയർന്ന സ്കോർ.

100 ക്ളബ്

11 പേരാണ് ഇന്ത്യയ്ക്കായി ഇതുവരെ 100 ടെസ്റ്റുകൾ കളിച്ചിരിക്കുന്നത്.

സച്ചിൻ ടെൻഡുൽക്കർ - 200

രാഹുൽ ദ്രാവിഡ് -163

വി.വി.എസ് ലക്ഷ്മൺ - 134

അനിൽ കുംബ്ളെ -132

കപിൽ ദേവ് -131

സുനിൽ ഗാവസ്കർ -125

വെംഗ്സാർക്കർ -116

ഗാംഗുലി - 113

ഇശാന്ത് ശർമ്മ -105

ഹർഭജൻ സിംഗ് -103

വിരേന്ദർ സെവാഗ് -103

സത്യസന്ധമായി പറയട്ടെ,100 ടെസ്റ്റുകൾ കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതിയിരുന്നതേയില്ല.ദൈവം കരുണാമയനാണ്.ഫിറ്റ്നസ് നിലനിറുത്താനായി ഞാൻ കഠിന പരിശ്രമം നടത്തിയിട്ടുണ്ട്.ഈ നാഴികക്കല്ലിലെത്താനായതിൽ എന്റെ കുടുംബത്തിനും പരിശീലകർക്കും നന്ദി പറയുന്നു.

- വിരാട് കൊഹ്‌ലി

ടെസ്റ്റ് ടീം എന്ന നിലയിൽ ഇന്ത്യ ഇന്ന് എവി‌ടെ നിൽക്കുന്നുവോ അതിന്റെ ക്രെഡിറ്റ് വിരാടിനാണ്. കഴിഞ്ഞ വർഷങ്ങളിൽ വിരാട് ഈ ടീമിന് നേടിത്തന്നത് വിലമതിക്കാനാവാത്ത നേട്ടമാണ്.വിരാട് നിറുത്തിയേടത്തുനിന്ന് തുടങ്ങുകമാത്രമാണ് ഞാൻ ചെയ്യുന്നത്.

- രോഹിത് ശർമ്മ

റെക്കാഡ് ബുക്കിലെ സംഖ്യകളല്ല നിന്റെ യഥാർത്ഥ മികവ്, എല്ലാ തലമുറകളെയും പ്രചോദിപ്പിക്കാനുള്ള കഴിവാണ്. 2008ൽ നീ അണ്ടർ 19 തലത്തിൽ കളിക്കുന്ന കാലം മുതൽ നിന്നെക്കുറിച്ച് കേട്ടുതുടങ്ങിയതാണ്. എത്രയോ നാൾ നിനക്കൊപ്പം കളിക്കാനും കഴിഞ്ഞു. അഭിനന്ദനങ്ങൾ, പ്രിയ വിരാട്

- സച്ചിൻ ടെൻഡുൽക്കർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.