SignIn
Kerala Kaumudi Online
Thursday, 25 April 2024 2.59 AM IST

ശ്രീ, വി​രാമമി​ല്ലാത്ത പോരാളി​

srisanth

തിരുവനന്തപുരം : വിരാമമില്ലാത്ത പോരാട്ടത്തിന്റെ മറ്റൊരു പേരാണ് ശ്രീശാന്ത്. ഒരിക്കൽ വാഴ്ത്തിപ്പാടിയിരുന്നവർ പിന്നീട് കുറ്റപ്പെടുത്തിയപ്പോഴും തിഹാർ ജയിലിന്റെ ഇരുമ്പഴികൾക്ക് പിന്നിൽ കണ്ണീരുമായി നിൽക്കേണ്ടിവന്നപ്പോഴും ആ പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിച്ച് വീട്ടിലേക്ക് മടങ്ങാനുമായിരുന്നില്ല ശ്രീയുടെ തീരുമാനം. ഏഴുകൊല്ലം ആട്ടിയകറ്റിയിരുന്ന കളിക്കളത്തിലേക്ക് തിരിച്ചുവരികയെന്ന ലക്ഷ്യത്തിനായി മാറ്റിനിറുത്തപ്പെട്ട കാലമത്രയും ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയായിരുന്ന ശ്രീശാന്താണ് ഇന്നലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഈ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിലംഗമായിരുന്ന 39 കാരനായ ശ്രീശാന്ത് മണിപ്പൂരിനെതിരായ ആദ്യ മത്സരത്തിന് ശേഷം പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. രഞ്ജി സീസൺ അവസാനിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ടു ലോകകപ്പ് നേട്ടങ്ങളുടെ തിളക്കത്തിനുമപ്പുറം ഐ.പി.എൽ ഒത്തുകളി വിവാദവും ജയിൽവാസവും കോടതിയിലെ പോരാട്ടവും ഒടുവിൽ നിരപരാധിയെന്ന വിധിയുമായി വീണ്ടും കളിക്കളത്തിലെത്താനുള്ള വിജയകരമായ പരിശ്രമമവുമൊക്കെയായി സംഭവബഹുലമായ കരിയറിനാണ് ശ്രീശാന്ത് കർട്ടനിടുന്നത്.

വിവാദങ്ങളുടെ തോഴൻ

രണ്ട് പതിറ്റാണ്ടുമുമ്പ് കൊച്ചിയിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉയരങ്ങളിലേക്ക് പിച്ചവച്ച പയ്യനിൽ നിന്ന് വിവാദങ്ങളുടെ കളിത്തോഴനായി ശ്രീശാന്ത് മാറിയത് അതിരുകടന്ന ആവേശം കൊണ്ടായിരുന്നു.അത് ക്രിക്കറ്റിനോടുള്ള ആവേശമായിരുന്നുവെന്നാണ് അന്നുമിന്നും ശ്രീശാന്ത് പറയുക. എതിർ ബാറ്റ്സ്മാൻമാരെ പുറത്താക്കുമ്പോഴുള്ള അതിരുകടന്ന ആവേശപ്രകടനവും ദക്ഷിണാഫ്രിക്കൻ പേസർ ആന്ദ്രേ നെല്ലിനെ സിക്സടിച്ച ശേഷമുള്ള ബാറ്റുചുഴറ്റി നൃത്തവുമൊക്കെ വിവാദങ്ങൾ സൃഷ്ടിച്ചപ്പോഴും ടീമിൽ നിന്ന് ശ്രീയെ ഒഴിവാക്കാൻ കഴിയാതിരുന്നത് ബൗളിംഗിലെ മികവുകൊണ്ടായിരുന്നു. ആദ്യ ഐ.പി.എല്ലിൽ ഹർഭജൻ സിംഗിൽ നിന്ന് തല്ലുവാങ്ങിക്കരഞ്ഞ ശ്രീശാന്ത് ഒരു ബഹളക്കാരനാണ് എന്ന പൊതുധാരണയിലേക്കാണ് കാര്യങ്ങൾ എത്തിയിരുന്നത്. എന്നാൽ അവിടെ നിന്ന് ഒരു കുറ്റവാളിയുടെ തലത്തിലേക്ക് താഴുകയായിരുന്നു 2013ലെ സ്പോട്ട്ഫിക്സിംഗ് കേസിൽ കുടുങ്ങിയപ്പോൾ.

പതറാത്ത പോരാട്ടം

കളിക്കളത്തിലേതിനെക്കാൾ തീക്ഷ്ണമായ പോരാട്ടമാണ് ജീവിതത്തിൽ ശ്രീശാന്തിന് നേരിടേണ്ടിവന്നത്. ജയിലിൽ കഴിയുമ്പോഴും താൻ കുറ്റക്കാരനല്ലെന്ന് ഒരു കാലത്ത് തെളിയുമെന്ന ആത്മവിശ്വാസം ശ്രീശാന്തിനുണ്ടായിരുന്നു.ഒരു പക്ഷേ ശ്രീയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയപ്പോഴും ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് മാറ്റി കളിക്കളത്തിൽ തിരിച്ചുവരിക എന്ന ലക്ഷ്യത്തോടെ കോടതിയിൽ പൊരുതി. ഒടുവിൽ ആജീവനാന്ത വിലക്ക് ഏഴുവർഷമായി ചുരുക്കിപ്പിച്ചു. അപ്പോഴേക്കും പ്രായം കടന്നുപോയെങ്കിലും ഫിറ്റ്നെസ് കൈവിടാതിരിക്കാൻ കഠിനപ്രയത്നം നടത്തുന്നുണ്ടായിരുന്നു.കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണകൂടിയായപ്പോൾ കേരള ടീമിന്റെ കുപ്പായത്തിൽ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവെന്ന സ്വപ്നം സഫലമായി. എന്നാൽ കൊവിഡിന്റെ വരവ് രഞ്ജി ട്രോഫി കളിക്കുന്നത് പിന്നെയും വൈകിപ്പിച്ചു.

നടക്കാതെ പോയ ഐ.പി.എൽ സ്വപ്നം

തന്നെ കുറ്റക്കാരനാക്കിയ ഐ.പി.എൽ വേദിയിലേക്ക് ഒരു തിരിച്ചുവരവ് ശ്രീശാന്ത് കൊതിച്ചിരുന്നു. കഴിഞ്ഞ സീസൺ താരലേലത്തിൽ ശ്രീശാന്ത് സ്വയം രജിസ്റ്റർ ചെയ്തെങ്കിലും ഒരു ടീമും പരിഗണിക്കാത്തതിനാൽ ലേലപ്പട്ടികയിൽ വന്നില്ല. ഇത്തവണ പക്ഷേ ടീമുകൾ താത്പര്യം പ്രകടിപ്പിച്ച് ലേലപ്പട്ടികയിലെത്തിയെങ്കിലും ആരും ടീമിലെ‌ടുത്തില്ല. ആ നിരാശമറന്നാണ് രഞ്ജി ട്രോഫിക്ക് ഇറങ്ങിയത്. എന്നാൽ ഒരൊറ്റ മത്സരത്തിൽ കളിക്കാനേ വിധി അനുവദിച്ചുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും പ്രകടനം മികച്ചതായിരുന്നില്ല. അതിന്ശേഷം പരിക്ക് പറ്റി ആശുപത്രിയിലായി.പിന്നെ സീസണിലെ ഒരു മത്സരത്തിലും കളിക്കാനുമായില്ല.

സിനിമയിലേക്ക്

കളിക്കളത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചാലും താരത്തിളക്കത്തിൽ നിന്ന് ശ്രീ മായുന്നില്ല. സിനിമാ രംഗത്ത് സജീവമാകാനാണ് ശ്രീ ശ്രമിക്കുന്നത്.ഉടൻ തന്നെ ശ്രീ അഭിനയിക്കുന്ന ഒരു സിനിമ ചിത്രീകരണം തുടങ്ങുന്നുണ്ട്. ടി വി ഷോകളിലും മ്യൂസിക്കൽ ബാൻഡ് രംഗത്തും തുടർന്നുമുണ്ടാകും. ഒരു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ മടക്കിവച്ച രാഷ്ട്രീയക്കുപ്പായം വീണ്ടുമണിയുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

ഇന്ത്യക്കായി 27 ടെസ്റ്റുകളിൽ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റുകൾ വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം. ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിൽ(2007ലെ ട്വന്റി-20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്) പങ്കാളിയായിട്ടുള്ള ഒരേയൊരു മലയാളി താരമായ ശ്രീശാന്ത് ഇന്ത്യക്കായി 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും നേടി.

ഐപിഎല്ലിൽ 44 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് ശ്രീശാന്തിന്റെ നേട്ടം. 2006ൽ വിദർഭയിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ശ്രീശാന്തിന്റെ ഇന്ത്യൻ ടീം അരങ്ങേറ്റം. 2011ൽ കെൻസിംഗ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ശ്രീശാന്ത് അവസാന ടെസ്റ്റും കളിച്ചത്. ടെസ്റ്റ് ടീമിലെത്തുന്നതിന് മുമ്പെ ഏകദിനത്തിൽ ഇന്ത്യക്കായി പന്തെറിഞ്ഞു. 2005ൽ ശ്രീലങ്കക്കെതിരെയാണ് ഏകദിനത്തിലെ അരങ്ങേറ്റം. 2011ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ തന്നെയായിരുന്നു ഇന്ത്യൻ കുപ്പായത്തിലെ അവസാന ഏകദിനവും.

2006ൽ ദക്ഷിണാഫ്രിക്കക്കെതിരെ വാണ്ടറേഴ്സിൽ ഇന്ത്യക്കായി ട്വന്റി-20യിൽ അരങ്ങേറിയ ശ്രീശാന്ത് 2008ൽ ആസ്ട്രേലിയക്കെതിരെ മെൽബണിലാണ് അവസാനമായി ഇന്ത്യക്കായി ട്വന്റി-20 കളിച്ചത്. 2007ലെ ട്വന്റി-20ലോകകപ്പിൽ പാക് ബാറ്റർ മിസ്ബാ ഉൾ ഹഖിനെ ഷോട്ട് ഫൈൻ ലെഗിൽ ക്യാച്ചെടുത്ത് ഇന്ത്യക്ക് കിരീടം സമ്മാനിച്ച ശ്രീശാന്തിന്റെ ദൃശ്യം ആരാധകർക്ക് ഇന്നും ആവേശം നൽകുന്ന ഓർമയാണ്.2013ലെ ഐ.പി.എല്ലിനിടെയാണ് രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്ന ശ്രീശാന്ത് സ്പോട്ട്ഫിക്സിംഗ് കേസിൽ പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SREESANTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.