SignIn
Kerala Kaumudi Online
Friday, 19 April 2024 6.42 PM IST

കട്ടിമണിയിൽ തട്ടിവീണു

isl

ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തട്ടിയകറ്റിയ ഗോളി കട്ടിമണിയുടെ മികവിന് മുന്നിൽ ബ്ളാസ്റ്റേഴ്സിന് കണ്ണീർ

ഫത്തോർദ : മൂന്നാം ഫൈനലിൽ കിരീടം കനവുകണ്ടിറങ്ങിയ ബ്ളാസ്റ്റേഴ്സിൽ നിന്ന് കിരീടം തട്ടിപ്പറിച്ചത് ലക്ഷ്മികാന്ത് കട്ടിമണി എന്ന അസാദ്ധ്യ ഗോൾ കീപ്പറാണ്. ബ്ളാസ്റ്റേഴ്സിന്റെ മൂന്ന് കിക്കുകളാണ് കട്ടിമണി ഇന്നലെ ഷൂട്ടൗട്ടിൽ തട്ടിക്കളഞ്ഞത്. ഇതോ‌ടെ നിശ്ചിത സമയത്തും അധികസമയത്തും മികച്ച പ്രകടനം കാഴ്ചവച്ച ബ്ളാസ്റ്റേഴ്സിന് നിരാശരായി തലതാഴ്ത്തി മടങ്ങേണ്ടിവന്നു. ഇത് മൂന്നാം തവണയാണ് ബ്ളാസ്റ്റേഴ്സ് ഐ.എസ്.എൽ റണ്ണർ അപ്പുകളാവുന്നത്. ഫൈനലിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത് രണ്ടാം തവണയും.

68-ാം മിനിട്ടിൽ രാഹുലും 88-ാം മിനിട്ടിൽ ടവോറെയും നേടിയ ഗോളുകൾക്ക് സമനില കുറിച്ച് ഷൂട്ടൗട്ടിലെത്തിയ മത്സരത്തിൽ സ്പോട്ട് കിക്കെടുക്കുന്നതിന് മുമ്പ് ബ്ളാസ്റ്റേഴ്സ് താരങ്ങളെ പ്രകോപിപ്പിച്ച് ശ്രദ്ധതിരിക്കുന്നതടക്കമുള്ള കട്ടിമണിയുടെ തന്ത്രങ്ങൾക്ക് മുന്നിലാണ് മഞ്ഞപ്പട വീണുപോയത്. ഒരു റീകിക്കടക്കം നാലുഷോട്ടുകൾ തട്ടിയകറ്റിയ കട്ടിമണി ഇന്നലെ ശരിക്കും സൂപ്പർ ഹീറോയായി മാറുകയായിരുന്നു. മറുവശത്ത് ബ്ളാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ 120 മിനിട്ടും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടും ഷൂട്ടൗട്ടിൽ നിർഭാഗ്യവാനായി മാറുകയായിരുന്നു.

ആദ്യ പകുതിയിൽ പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്ന ബ്ളാസ്റ്റേഴ്സിന് പക്ഷേ ലഭിച്ച അവസരങ്ങൾ ഗോളാക്കാനായില്ല. ആരോഗ്യ പ്രശ്നങ്ങൾ വകവയ്ക്കാതെ ഇറങ്ങിയ നായകൻ ലൂണയാണ് ബ്ളാസ്റ്റേഴ്സിന്റെ മദ്ധ്യനിരയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിച്ചത്. പതിഞ്ഞ താളത്തിൽ തുടങ്ങിയ ഫൈനലിന്റെ 40-ാം മിനിട്ടിൽ വസ്ക്വേസിന്റെ ഒരു ഷോട്ട് ബാറിലിടിച്ചുപോയത് നിരാശപടർത്തിയിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മികച്ച രണ്ട് സേവുകളിലൂടെ ബ്ളാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗില്ലും തിളങ്ങി. തങ്ങളുടെ മുൻ നൈജീരിയൻ താരം ഒഗുബച്ചെയെ തടുത്തുനിറുത്തുന്നതിൽ ആദ്യ പകുതിയിൽ ബ്ളാസ്റ്റേഴ്സ് വിജയിച്ചിരുന്നു. രണ്ടാം പകുതിയിലാണ് ഒഗുബച്ചെയിൽ നിന്ന് ആദ്യമായൊരു ഷോട്ട് പിറന്നത് തന്നെ.

ബ്ളാസ്റ്റേഴ്സ് ഗോൾ നേടിയതിന് പിന്നാലെ റഫറിയുടെ ഒരു തെറ്റായ തീരുമാനത്തിൽനിന്ന് ഹൈദരാബാദിന് ലഭിച്ച ഫ്രീകിക്ക് അത്യുജ്ജ്വമായി സേവ് ചെയ്ത 20കാരനായ ബ്ളാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ നിർണായകമായി.പന്നാൽ മറ്റൊരു ഫ്രീകിക്കിനെത്തുടർന്ന് കിട്ടിയ പന്ത് ഹെഡ് ചെയ്തിട്ട് സഹിൽ ടവോറെ കളി സമനിലയിലാക്കി അധികസമയത്തേക്ക് നീട്ടി.അധിക സമയത്ത് ഇരു ടീമുകളും പൊരുതിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കഴി​ഞ്ഞ ദി​വസം കോച്ച് ഇവാൻ വുകോമനോവി​ച്ച് അറി​യി​ച്ചി​രുന്നെങ്കി​ലും അഡ്രി​യാൻ ലൂണ തന്നെയാണ് ഇന്നലെ ബ്ളാസ്റ്റേഴ്സി​നെ നയി​ച്ചി​റങ്ങി​യത്. അതേസമയം സഹൽ അബ്ദുൽ സമദി​ന് പകരം കെ.പി​.രാഹുൽ ഫസ്റ്റ് ഇലവനി​ലി​റങ്ങി​. 4-4-2 എന്ന അറ്റാക്കിംഗ് ഫോർമേഷൻ തന്നെയാണ് മഞ്ഞപ്പട ഇന്നലെയും സ്വീകരിച്ചത്.വസ്ക്വേസും ഡയസും മുൻനിരയിലിറങ്ങിയപ്പോൾ ലൂണയ്ക്കും രാഹുലിനുമൊപ്പം ജീക്ക്സണും ഖബ്രയും മദ്ധ്യനിരയിൽ അണിനിരന്നു.സന്ദീപ്,ഹോർമിപാം,ലെസ്കോവിച്ച്,ഖ്വാർളിംഗ് എന്നിവർ പ്രതിരോധത്തിലും പ്രഭ്സുഖൻ ഗിൽ ഗോൾ വലയ്ക്ക് കീഴിലുമിറങ്ങി. ഗാലറികൾ കേരള ബ്ളാസ്റ്റേഴ്സിന്റെ ആരാധകരുടെ മഞ്ഞനിറത്തിൽ മുങ്ങിപ്പോൾ ഗ്രൗണ്ടിൽ കറുപ്പിൽ നീല വരകളുള്ള കുപ്പായമാണ് ബ്ളാസ്റ്റേഴ്സ് ടീം അണിഞ്ഞിരുന്നത്.

ഫസ്റ്റ് പാസിൽ നിന്നുതന്നെ ഇടതുഫ്ളാങ്കിൽ ലൂണയിലേക്ക് പന്തെത്തിയെങ്കിലും ഹൈദരാബാദിന്റെ പ്രതിരോധം തടുത്തു.അഞ്ചാം മിനിട്ടിൽ അനാവശ്യമായൊരു ഫൗളിന് സന്ദീപ് മത്സരത്തിലെ ആദ്യ മഞ്ഞക്കാർഡ് ഏറ്റുവാങ്ങി.ആദ്യ പത്തുമിനിട്ടിൽ ആവേശജനകമായ നീക്കങ്ങളധികമുണ്ടായില്ല. 11-ാം മിനിട്ടിൽ സൗവിക് ചക്രവർത്തിയുടെ ഒരു ലോംഗ് റേഞ്ചർ ബ്ളാസ്റ്റേഴ്സ് ഗോളി പ്രഭ്സുഖൻ ഗിൽ തടുത്തിട്ടു. ഡൈവിനിടയിൽ ഗില്ലിന് നേരിയ പരിക്കേൽക്കുകയും ചെയ്തു. 14-ാം മിനിട്ടിൽ ഖബ്രയുടെ ക്രോസിൽ നിന്ന് ഡയസ് ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ലക്ഷണമൊത്ത ആക്രമണം നടത്തിയെങ്കിലും കട്ടിമണി അത് പിടിച്ചെടുത്തു.20-ാം മിനിട്ടിൽ രാഹുൽ ബോക്സിന് പുറത്തുനിന്ന് ഗോൾ വലയ്ക്ക് മുകളിലൂടെ പന്തടിച്ചുകളയുന്നതും കണ്ടു.ആദ്യ അരമണിക്കൂറിൽ ബാൾ പൊസഷനിൽ മുന്നിൽ നിന്നത് ബ്ളാസ്റ്റേഴ്സാണ്. വസ്ക്വേസും ഡയസും ഖബ്രയും രാഹുലുമൊക്കെ ഹൈദരാബാദിന്റെ പ്രതിരോധം പിളർക്കാൻ പലകുറി ശ്രമിക്കുകയും ചെയ്തു.ഇതേസമയം ഹൈദരാബാദ് നിരയിലെ അപകടകാരിയായ ഒഗുബച്ചയെ ഏറെക്കുറെ നിശബ്ദനാക്കാൻ ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിന് കഴിയുകയും ചെയ്തു.

37-ാം മിനിട്ടിൽ പരിക്കേറ്റ ജോയൽ കിയാനിസെയ്ക്ക് പകരം ഹൈദരാബാദ് സിവേരിയോയെ ഇറക്കി. ഇതിന് തൊട്ടുപിന്നാലെ വസ്ക്വേസിന്റെ ഒരുഗ്രൻ ഷോട്ട് ക്രോസ്ബാറിലിടിച്ച് തെറിച്ചത് ബ്ളാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചുതകർത്തു.ആദ്യ പകുതിയിലെ അതുവരെയുള്ള ഏറ്റവും മികച്ച അവസരമായിരുന്നു അത്. 40-ാം മിനിട്ടിൽ പൂട്ടിയയുടെ ഒരു ലോംഗ് റേഞ്ചറും ഫലമില്ലാതെ പോയി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഹൈദരാബാദിന് അനുകൂലമായി ലഭിച്ച ഒരു ഫ്രീകിക്കിൽ നിന്ന് കിട്ടിയ പന്തുമായി സിവേരിയോ തൊടുത്ത ഒരു ഹെഡർ കേരള ഗോളി ഗിൽ അതിസുന്ദരമായി തടുത്തതുകണ്ടാണ് ആദ്യ പകുതിക്ക് വിസിൽ മുഴങ്ങിയത്.

രണ്ടാം പകുതിയു‌ടെ തുടക്കത്തിൽതന്നെ ബ്ളാസ്റ്റേഴ്സിന് അനുകൂലമായ ആദ്യ പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും അത് കൗണ്ടർ അറ്റാക്കിലവസാനിക്കുകയായിരുന്നു. ഗില്ലിന്റെ മനസാന്നിദ്ധ്യമാണ് ഇത്തവണയും രക്ഷയായത്. തൊട്ടുപിന്നാലെ യാവോ വിക്ടറുടെ ഒരു ഷോട്ട് ഗിൽ കോർണർ വഴങ്ങി രക്ഷപെടുത്തി. ഒഗുബച്ചെയ്ക്ക് സ്വതന്ത്രമായി ഒരു തവണ പന്ത് കിട്ടിയെങ്കിലും അപകടം സൃഷ്ടിക്കാനായില്ല. കളി ഒരു മണിക്കൂർ പിന്നിടുമ്പോഴും സ്കോർ ബോർഡിന് മാത്രം അനക്കമില്ലായിരുന്നു. 62-ാം മിനിട്ടിൽ ഒഗുബച്ചെയുടെ ഷോട്ട് ഗിൽ കൈക്കുള്ളിലാക്കി.രണ്ടാം പകുതിയുടെ ആദ്യ 20 മിനിട്ടുകൾക്കുള്ളിൽ മൂന്ന് കോർണറുകൾ നേടാൻ ഹൈദരാബാദിന് കഴിഞ്ഞത് അവരുടെ പോരാട്ടവീര്യത്തെ സൂചിപ്പിച്ചു. എന്നാൽ തൊട്ടുപിന്നാലെ രാഹുൽ ഗോളടിച്ചത് ഹൈദരാബാദിന് ആഘാതമായി.

75-ാം മിനിട്ടിലെ ഒഗുബച്ചെയുടെ ഫ്രീകിക്ക് തടുത്ത ഗില്ലിന്റെ ധൈര്യം ഗാലറിയിൽ മഞ്ഞപ്പടയുടെ ആരാധകരുടെ ഉള്ളിലും വീര്യം നിറച്ചു.80-ാം മിനിട്ടിൽ രാഹുലിന് പകരം നിഷുകുമാറിനെ ഇറക്കി. 82-ാം മിനിട്ടിൽ ലീഡുയർത്താനുള്ള വസ്ക്വേസിന്റെ ഒരു ശ്രമം കട്ടിമണി നിഷ്ഫലമാക്കി. 84-ാം മിനിട്ടിൽ കട്ടിമണിയു‌ടെ മറ്റൊരു കിടിലൻ സേവാണ് വസ്ക്വേസിന്റെ ഫ്രീകിക്ക് ഗോളാകാതെ പോയതിന് കാരണം.എന്നാൽ അടുത്തൊരു ഫ്രീകിക്കിലൂടെ ഹൈദരാബാദ് സമനില പിടിച്ചു.

അധിക സമയത്തിന്റെ ആദ്യ പകുതുയിലും വസ്ക്വേസിന്റെ ഒരു ഷോട്ട് ക്രോസ്ബാറിലിടിച്ചുപോയി.അവസാന സമയത്ത് ലെസ്കോവിച്ച് ഒഗുബച്ചേയുടെ ഒരു ഷോട്ടിനെ ഗോൾലൈൻ സേവിലൂടെ നിഷ്ഫലമാക്കി.

ഗോളുകൾ ഇങ്ങനെ

1-0

മദ്ധ്യവരയ്ക്കടുത്തെ ഹൈദരാബാദിന്റെ നീക്കത്തിൽ നിന്ന് പന്ത് തട്ടിയെടുത്ത ജീക്ക്സൺ സിംഗ് രാഹുലിന് നൽകി. മാർക്ക് ചെയ്യാൻ ആരുമില്ളാതിരുന്ന രാഹുൽ മുന്നിലേക്ക് കുതിച്ച് ഗോൾ പോസ്റ്റിലേക്ക് പാളി നോക്കിയശേഷം പെനാൽറ്റി ബോക്സിലെത്തുന്നതിന് മുന്നേ ഉഗ്രനൊരു ഷോട്ടുതിർക്കുകയായിരുന്നു. ഇടത്തേക്ക് ഡൈവ് ചെയ്ത ഹൈദരാബാദ് ഗോളി കട്ടിമണിയുടെ കൈകളിൽ കുടുങ്ങിയെന്ന് തോന്നിച്ചെങ്കിലും വലയ്ക്കുള്ളിലേക്ക് പന്തുരുണ്ട് കയറുകയായിരുന്നു.

1-1

ഹാളിചരൺ നർസാറിയു‌ടെ ഫ്രീകിക്ക് ഗിൽ തട്ടിയകറ്റിയത് പിടിച്ചെടുത്താണ് പോസ്റ്റിന്റെ ഇടതുവശത്തുനിന്ന് സഹിൽ ടവോറ ബ്ളാസ്റ്റേഴ്സിന്റെ വലയിലേക്ക് ചാമ്പിവിട്ടത്. ടവോറെയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.

സ്റ്റിൽ വി ലവ് ബ്ളാസ്റ്റേഴ്സ് ...

അതേസമയം തോൽവി ഏറെ വേദനിപ്പിച്ചെങ്കിലും ഷൂട്ടൗട്ടിലെ തോൽവിയിൽ തലകുനിക്കേണ്ടതില്ലെന്നാണ് ബ്ളാസ്റ്റേഴ്സ് ആരാധകർ പറയുന്നത്. 120 പൊരുതിയാണ് തോറ്റത്. കഴിഞ്ഞ അഞ്ചുസീസണുകളിൽ പിന്നാക്കം കിടന്ന ടീം ഫൈനൽ വരെയെത്തിയതിൽ അഭിമാനമുണ്ടെന്നും ഇവാൻ വുകോമനോവിച്ചിന് കീഴിൽ അടുത്ത സീസണിൽ കിരീടം നേടാനാകുമെന്നുമാണ് ആരാധകർ പറയുന്നത്.

ഷൂട്ടൗട്ടിലെ കളി

ഷൂട്ടൗട്ടിൽ ബ്ളാസ്റ്റേഴ്സിനായി ആദ്യ കിക്കെടുത്ത ലെസ്കോവിച്ചിന്റെ ഷോട്ട് ഗോളി കട്ടിമണി സേവ് ചെയ്തു. രണ്ടാം കിക്കെടുത്ത നിഷുകുമാറിന്റെ ആദ്യ കിക്കും റീ കിക്കും കൂടി കട്ടിമണി സേവ് ചെയ്തത് നിർണായകമായി. മൂന്നാം കിക്കെടുത്ത ആയുഷ് അധികാരിയാണ് ആദ്യം വലകുലുക്കിയത്.എന്നാൽ ജീക്സണിന്റെ നാലാം കിക്കും കട്ടിമണി തട്ടിയകറ്റി.

ഹൈദരാബാദിനായി ക്യാപ്ടൻ യാവോ വിക്ടർ ആദ്യ കിക്ക് വലയിലാക്കി . രണ്ടാമത്തെ കിക്ക് സിവേരിയോ പുറത്തേക്കടിച്ചുകളഞ്ഞു. മൂന്നാം കിക്ക് ഖമാറ ഈസിയായി വലയിലാക്കി.നാലാം കിക്ക് ഗോളാക്കി നർസാറി വിജയമുറപ്പിച്ചു.

ഐ.എസ്.എൽ ഫൈനലിൽ ബ്ളാസ്റ്റേഴ്സിന് വേണ്ടി സ്കോർ ചെയ്യുന്ന രണ്ടാമത്തെ മലയാളി താരമാണ് രാഹുൽ.2016ൽ മുഹമ്മദ് റാഫി ഗോളടിച്ചിരുന്നു.

കേരള ബ്ളാസ്റ്റേഴ്സിന്റെ മൂന്നാം ഐ.എസ്.എൽ ഫൈനലായിരുന്നു ഇത്.

2014ലെ ആദ്യ സീസണിൽ ബ്ളാസ്റ്റേഴ്സ് ഫൈനലിലെത്തിയെങ്കിലും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോട് ഏകപക്ഷീയമായ ഒരു ഗോളിന് കീഴടങ്ങേണ്ടിവന്നു.

2016ലെ ഫൈനലിൽ ഇതേ എതിരാളികൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബ്ളാസ്റ്റേഴ്സിനെ കീഴടക്കിയത്.

2019ൽ രൂപീകൃതമായ ഹൈദരാബാദ് എഫ്.സി ആദ്യമായാണ് ഐ.എസ്.എൽ പ്ളേ ഓഫിലേക്ക് എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.