യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ റയൽ മാഡ്രിഡ് എത്തുന്നു
മാഞ്ചസ്റ്റർ : യൂറോപ്യൻ ക്ളബ് ഫുട്ബാൾ രാജാക്കന്മാരാകാൻ കച്ചമുറുക്കുന്ന ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയും സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡും ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിഫെനലിനിറങ്ങുന്നു. സിറ്റിയുടെ തട്ടകമായ മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് ആദ്യ പാദം.
1. ക്വാർട്ടർ ഫൈനലിൽ മറ്റൊരു ഇംഗ്ളീഷ് ക്ളബ് ചെൽസിയെ കീഴടക്കിയാണ് റയലിന്റെ വരവ്. ആദ്യ പാദത്തിൽ 3-1ന് ചെൽസിയെ തോൽപ്പിച്ചിരുന്ന റയൽ രണ്ടാം പാദത്തിൽ 2-3ന് തോറ്റെങ്കിലും 5-4 എന്ന ഗോൾ മാർജിനിൽ സെമിയിലേക്ക് മാർച്ച് പാസ്റ്റ് നടത്തുകയായിരുന്നു.
2. മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ കീഴടക്കിയത് സ്പാനിഷ് ക്ളബ് അത്ലറ്റിക്കോ മാഡ്രിഡിനെയാണ്. ആദ്യ പാദത്തിൽ 1-0ത്തിന് ജയിച്ച സിറ്റി രണ്ടാം പാദത്തിൽ ഗോൾരഹിത സമനില വഴങ്ങുകയായിരുന്നു.
3. തങ്ങളുടെ ആഭ്യന്തര ലീഗുകളിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് സിറ്റിയും റയലും. ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ സിറ്റി 33മത്സരങ്ങളിൽ 25 വിജയമുൾപ്പടെ 80 പോയിന്റ് നേടി മുന്നിട്ടുനിൽക്കുന്നു. റയൽ സ്പാനിഷ് ലാ ലിഗയിൽ 33മത്സരങ്ങളിൽ 24 വിജയമുൾപ്പടെ 78 പോയിന്റുമായി മുന്നിലാണ്.
4. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം നേടിയവരാണ് റയലും സിറ്റിയും. എന്നാൽ അതിന് മുമ്പുള്ള മത്സരത്തിൽ ഇരുവരും തോൽവി ഏറ്റുവാങ്ങിയിരുന്നു. സിറ്റി വാറ്റ്ഫോർഡിനെ 5-1നും ബ്രൈറ്റൺ ആൻഡ് ഹോവിനെ 3-0ത്തിനുമാണ് കഴിഞ്ഞ മത്സരങ്ങളിൽ തോൽപ്പിച്ചത്. അതിന് മുമ്പ് ലിവർപൂളിനോട് 2-3ന് തോറ്റു. കഴിഞ്ഞ മത്സരങ്ങളിൽ ഒസാസുനയെ 3-1നും സെവിയ്യയെ 3-2നും തോൽപ്പിച്ച റയൽ അതിന് മുമ്പ് ചെൽസിയോട് തോറ്റതും 2-3ന്.
5.ഇത് ഏഴാം തവണയാണ് റയലും സിറ്റിയും നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിൽ ഇതിന് മുമ്പ് ആറുതവണ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണ വീതം ഇരുവർക്കും ജയം. രണ്ട് സമനിലകളും.2019/20 സീസണിൽ പ്രീ ക്വാർട്ടറിന്റെ ഇരുപാദങ്ങളിലുമാണ് സിറ്റി റയലിനെ തോൽപ്പിച്ചത്.
6. സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും റയലിന് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളിൽ ഇംഗ്ളീഷ് ക്ളബുകൾക്കെതിരെ കഴിഞ്ഞ ആറുമത്സരങ്ങളിൽ റയലിന് ജയിക്കാൻ കഴിഞ്ഞത് ഇത്തവണ ക്വാർട്ടറിൽ ചെൽസിക്കെതിരെ മാത്രമാണ്.
7. ലാ ലിഗയിലെ റയലിന്റെ ചിരവൈരികളായിരുന്ന ബാഴ്സലോണയുടെ പഴയ കോച്ചാണ് ഇപ്പോൾ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള. 2010-11 സീസണിൽ ഗ്വാർഡിയോളയുടെ ബാഴ്സയാണ് റയലിനെ സെമിയിൽ തോൽപ്പിച്ചത്. 2019-20 സീസണിൽ സിറ്റി കോച്ചായും ഗ്വാർഡിയോള റയലിനെ തോൽപ്പിച്ചു.
8. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും ഉയർന്ന വിജയശതമാനമുള്ള (74) പരിശീലകനാണ് റയലിന്റെ കോച്ച് കാർലോ ആഞ്ചലോട്ടി.
9. റഹിം സ്റ്റെർലിംഗ്,കെവിൻ ഡി ബ്രൂയ്ൻ,ജാക്ക് ഗ്രീലിഷ്,ഗബ്രിയേൽ ജീസസ്,യാവോ കാൻസെലോ തുടങ്ങിയ മികച്ച താരനിരയാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളത്തിലിറങ്ങുക.
10.ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകൾ നേടിക്കഴിഞ്ഞ കരിം ബെൻസേമയാണ് റയലിന്റെ തുറുപ്പുചീട്ട്. ചെൽസിക്കെതിരെ ഇംഗ്ളീഷ് മണ്ണിൽ ബെൻസേമ ഹാട്രിക്ക് നേടിയിരുന്നു. വിനീഷ്യസ് ജൂനിയർ, അസെൻഷ്യോ,വൽവെർദെ,ടിബോ കുർട്ടോ,നാച്ചോ,ടിബോ കുർട്ടോ തുടങ്ങിയവരും റയൽ നിരയിലുണ്ടാവും.
ടി.വി ലൈവ് : രാത്രി 12..30 മുതൽ ടെൻ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |