മുംബയ് : ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ പ്ളേ ഓഫിലേക്ക് നയിച്ചിട്ടും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനമില്ല. ഇന്നലെ സ്ഥിരം ക്യാപ്ടൻ രോഹിത് ശർമ, വിരാട് കൊഹ്ലി തുടങ്ങിയ സീനിയർ താരങ്ങൾക്കു വിശ്രമം അനുവദിച്ച് ബി.സി.സി.ഐ പ്രഖ്യാപിച്ച 18അംഗ ടീമിൽ കെ.എൽ. രാഹുലാണ് നായകൻ. ഐ.പി.എൽ പ്ളേഓഫ് കാണാതെ പുറത്തായ ഡൽഹിയുടെ ക്യാപ്ടനായിരുന്ന ഋഷഭ് പന്ത് വൈസ് ക്യാപ്റ്റനാണ്.
വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തികിന്റെ മൂന്ന് വർഷത്തിന് ശേഷമുള്ള ഇന്ത്യൻ കുപ്പായത്തിലെ തിരിച്ചുവരാണ് ടീം പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്. ഈ സീസൺ ഐ.പി.എല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് 36 കാരനായ കാർത്തിക് തിരിച്ചെത്തിയത്. കുറച്ചുപന്തുകളിൽ നിന്ന് കൂടുതൽ റൺസ് നേടുന്ന കാർത്തിക്കിന്റെ മികവിലാണ് പല നിർണായക മത്സരങ്ങളും ജയിച്ച് ആർ.സി.ബി ഈ സീസണിൽ പ്ളേഓഫിലെത്തിയത്. 2019 ജൂലായ്യിൽ ഏകദിന ലോകകപ്പിലാണ് കാർത്തിക് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽകളിച്ചത്. ഇതേവർഷം ഫെബ്രുവരിയിൽ ആസ്ട്രേലിയയ്ക്ക് എതിരെ ആയിരുന്നു അവസാന അന്താരാഷ്ട്ര ട്വന്റി-20.
ഇക്കുറി കാർത്തികിനെ ടീമിൽ ഉൾപ്പെടുത്തിയതിനാലാണ് സെലക്ടർമാർക്ക് സഞ്ജുവിനെ തഴയേണ്ടിവന്നത്. ഫെബ്രുവരിയിൽ ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ട്വന്റി-20 ടീമിൽ സഞ്ജു അംഗമായിരുന്നു. ഇതേടകമിൽ കളിച്ചിരുന്നവരിൽ മുഹമ്മദ് സിറാജിനും ഇക്കുറി ഇടമില്ല.
നവാഗതരായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ അതിവേഗ ബൗളർ ഉമ്രാൻ മാലിക്ക്, പഞ്ചാബ് കിംഗ്സിന്റെ പേസർ അർഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യൻ ടീമിലേക്ക് ആദ്യാവസരം ലഭിച്ചവർ.ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്. ഗുജറാത്ത് ടൈറ്റാൻസിനെ ഒന്നാം സ്ഥാനക്കാരായി പ്ളേഓഫിലേക്ക് എത്തിച്ച നായകൻ ഹാർദിക് പാണ്ഡ്യയും ഇന്ത്യൻ ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ജൂൺ 9ന് ഡൽഹിയിലാണ് ആദ്യ ട്വന്റി-20 മത്സരം.
12, 14, 17, 19 തീയതികളിലാണു മറ്റു മത്സരങ്ങൾ.
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിനെയും പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതൽ അഞ്ചു വരെ ബർമിങ്ഹാമിലാണു ടെസ്റ്റ് മത്സരം നടക്കുക. നിലവില് ഇന്ത്യയ്ക്ക് 2–1ന്റെ ലീഡുണ്ട്. നേരത്തേ മാറ്റിവച്ച മത്സരമാണ് ഇനി നടത്തേണ്ടത്.
ഇന്ത്യൻ ട്വന്റി - 20 ടീം
കെ.എൽ. രാഹുൽ (ക്യാപ്ടൻ), ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്(വൈസ് ക്യാപ്ടൻ ), ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്േവന്ദ്ര ചഹൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |